Pages

June 26, 2021

അമലഗിരി എസ്റ്റേറ്റ് - വിനോദ്‌കുമാർ

 


തൊണ്ണൂറുകളിലും കഴിഞ്ഞ ദശകത്തിന്റെ ആരംഭത്തിലും മലയാള സിനിമയിലും , ജനപ്രിയ സാഹിത്യ രചനകളിലും നിലനിന്നിരുന്ന ചില അലിഖിത ഫോർമുലകൾ ഉണ്ടായിരുന്നു . എല്ലാ തിന്മകളുടെയും 'മൊത്തവിൽപ്പനക്കാരനും' ,സഹയാത്രികനുമായ  രാഷ്ട്രീയ നേതാവായ പ്രതിനായകൻ  , ആസന്നമായിരിക്കുന്ന അയാളുടെ മന്ത്രിസഭാ സ്ഥാനാരോഹണം , സാഹചര്യങ്ങൾ മൂലം പ്രതിക്കൂട്ടിൽ എത്തപ്പെടുന്ന നിഷ്കളങ്കനായ നായകൻ (സംവിധായകന്റെയും എഴുത്തുകാരന്റെയും മനോധർമ്മവും , പ്രൊഡ്യൂസറുടെ ബഡ്ജറ്റും കണക്കിലെടുത്തു അയാൾ ധനികനോ  (പ്ലാന്റർ)  ഇടത്തരം ജോലിയുള്ള അഭ്യസ്തവിദ്യനോ ആവാം , കഥാരംഭത്തിൽ വെളിപ്പെടുത്താത്ത ,പിന്നീട് ഫ്ലാഷ്ബാക്കിൽ സംവദിക്കപ്പെടുവാൻ കാത്തുവെച്ചിരുക്കുന്ന ഒരു പഴയതെറ്റിദ്ധാരണ നിമിത്തം നായകനുമായി കടുത്ത ശത്രുതയിൽ കഴിയുന്ന നായിക, നായകൻറെ ഹീറോയിസം വെളിപ്പെടുവാനായി മാത്രം പുട്ടിനു പീര പോലെ അയാൾ കൂടെക്കൂടെ ഉരുവിടുന്ന പഞ്ച് ഡയലോഗുകളും ,ആ കാലഘട്ടത്തിലെ പൊതുസമൂഹത്തിന്റെ നായക സങ്കല്പങ്ങളോട് ചേർന്ന് നിൽക്കുന്ന സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും നിഴലിക്കുന്ന 'മാസ്സ് രംഗങ്ങളും ' അവയിൽ ചിലതു മാത്രമാണ് . വായനക്കാരുടെയും ,പ്രേക്ഷകന്റെയും അഭിരുചികൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെ അത്തരത്തിലുള്ള സൃഷ്ടികൾ പാടെ ഇല്ലാതായതായി കാണാം . എന്നാൽ മേൽപ്പറഞ്ഞ ചേരുവകൾ ഏറെക്കുറെ കൃത്യമായിത്തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന നോവലാണ് 2015 ല് ആദ്യമായി ഗ്രീൻ ബുക്സിലൂടെ പുറത്തിറങ്ങിയ ശ്രീ.വിനോദ്‌കുമാറിന്റെ അമലഗിരി എസ്റ്റേറ്റ് .

ഒരു പ്രത്യേക സാഹചര്യത്തിൽ ഉൾക്കാട്ടിൽ എവിടെയോ സ്ഥിതി ചെയ്യുന്ന അമലഗിരി എസ്റ്റേറ്റിൽ എത്തപ്പെടുന്ന മൂവർ സംഘം ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതും നിരപരാധികൾ ആണെങ്കിൽക്കൂടി ആ കൃത്യത്തിൽ  കുറ്റാരോപിതർ ആവുന്നതും   അതിൽ നിന്ന് രക്ഷനേടുവാൻ അവർ നടത്തുന്ന ശ്രമങ്ങളുമാണ് കഥയുടെ ആകെത്തുക . സസ്പെന്ഷനില് കഴിയുന്ന നന്മയുള്ള പോലീസ്കാരനും ,ക്വട്ടേഷൻ  സംഘങ്ങളും , ഗുണ്ടകളും , തിന്മകൾക്ക് കൂട്ടുനിൽക്കുന്ന വില്ലൻ പോലീസ് ഉദ്യോഗസ്ഥരുമെല്ലാം  കടന്നുവരുന്ന കഥയിൽ പഴയകാലത്തെ ആസ്വാദന ശീലങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ഒട്ടനവധി മാസ്സ് രംഗങ്ങളുമുണ്ട് (ക്ലോറോഫോം മണപ്പിച്ചു മയക്കുന്നതടക്കം!) . പ്രധാന വില്ലനും നായികയുമെല്ലാം ആരംഭത്തിൽത്തന്നെ വെളിപ്പെടുന്നുണ്ട് . ട്വിസ്റ്റുകളും , സംഘട്ടനവുമെല്ലാമുണ്ടെങ്കിലും മുൻപ് സൂചിപ്പിച്ചതുപോലെ ഈ കാലഘട്ടത്തിലെ വായനയിൽ അവയൊന്നും അത്ര ആസ്വാദ്യകരമായി തോന്നുന്നില്ല . അജിത്, സതീശൻ  എന്നീ കഥാപാത്രങ്ങളാണ് നായക സ്ഥാനത്തുള്ളതെന്നു പറയാം . (അവരെയും കൃത്യമായി രൂപീകരിക്കുന്നതിൽ നോവലിസ്റ്റ് ഒരു പരിധിവരെയെ ശ്രദ്ധിച്ചിട്ടുള്ളൂ എന്ന് തോന്നിക്കുന്ന മട്ടിലാണ് എഴുത്തു ).  സ്ത്രീകഥാപാത്രങ്ങളെപ്പറ്റി പറയുമ്പോൾ സെലീന എന്ന കഥാപാത്രത്തിന് അല്പം വ്യക്തിത്വമുള്ളതായി അനുഭവപ്പെട്ടു . ഇത്തരത്തിലുള്ളൊരു രചനയ്ക്ക് അനുയോജ്യമായ ഭാഷയാണ് പുസ്തകത്തിനുള്ളത് . അധികം വലിച്ചു നേട്ടത്തെ കഥ അവസാനിപ്പിച്ചു എന്നുള്ളതും മേന്മയാണ് .

ചുരുക്കത്തിൽ തൊണ്ണൂറുകളുടെ സ്പർശമുള്ള ഒരു പൾപ്പ് രചന വായിക്കുവാൻ താല്പര്യമുള്ളവർക്ക് വായിക്കാം.

-nikhimenon  .



0 comments: