Pages

June 25, 2022

പുസ്തക പരിചയം-:ബൂമറാങ് (ശ്രീനി ഇളയൂര്‍)

 


എഴുത്തുകാരനും   അധ്യാപകനുമായ .ശ്രീ മറിയ റോസ് ഒരിക്കൽ വിശേഷിപ്പിച്ചത്  പോലെ കഥ  പറയുന്ന കഥകൾ  ആണ്  ശ്രീനി ഇളയൂരിന്റെ സൃഷ്ടികൾ . ആദ്യ  പുസ്തകമായ 'അപ്രതീക്ഷിതം ' രസകരങ്ങളായ ക്രൈം നോവലൈറ്റുകളായിരുന്നു . ലോഗോസ് ബുക്ക്സ്  പ്രസിദ്ധീഖരിച്ച  ആ പുസ്തകം  ഏറെ വായിക്കപ്പെടുകയും  ചർച്ച ചെയ്യപ്പെടുകയുമുണ്ടായി .അദ്ദേഹത്തിന്റെ  രണ്ടാം  പുസ്തകമാണ് ലോഗോസ് തന്നെ പ്രസിദ്ധീകരിച്ചു ഈയടുത്തു പുറത്തിറങ്ങിയ 'ബൂമറാങ് '.

ബൂമറാങ്ങും ക്രൈം നോവലൈറ്റുകളുടെ സമാഹാരമാണ് .ടൈറ്റിൽ കഥയ്ക്കപ്പുറം ,'മിത്ര  എന്ന പെൺകുട്ടി ',റിസോർട്ട് ,'ഒരു  മരണത്തിന്റെ പുരാവൃത്തം എന്നിങ്ങനെ നാല് നോവലൈറ്റുകളാണ് പുസ്തകത്തിലുള്ളത് . ആദ്യ പുസ്തകം പോലെ തന്നെ വളരെ fast paced ആയിട്ടുള്ള , വായനക്ഷമതയുള്ള നോവലൈറ്റുകളാണ് പുസ്തകത്തിലുള്ള  നാല് രചനകളും .പുതുതായി അയല്പക്കത്തു താമസിക്കുവാൻ വന്ന വ്യക്തിയോട് ഗൃഹനാഥന് തോന്നുന്ന മടുപ്പും  ഈർഷ്യയുമാണ് ആദ്യ കഥയുടെ ഇതിവൃത്തമെങ്കിൽ 'റിസോർട്ട് ' എന്ന കഥയിൽ ദുരൂഹമായ ഒരു വസ്തു വ്യവഹാരത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നു . യാദൃശ്ചികമായി ഒരു യുവ സംവിധായകന് വന്നു ചേരുന്ന ഒരു പെൺകുട്ടിയുടെ ഫോൺ കാൾ ആണ് 'മിത്ര എന്ന പെൺകുട്ടി'യുടെ കഥാതന്തു . പുസ്തകത്തിലെ ഏറ്റവും interesting എന്ന് പറയാവുന്ന കഥ നാലാമത്തേതാണ് - 'ഒരു മരണത്തിന്റെ പുരാവൃത്തം' , ഒരു കൊലപാതകത്തിന്റെ ദുരൂഹത നീക്കുവാൻ നടത്തുന്ന അന്വേഷണമാണ് കഥ .

മുൻപ് സൂചിപ്പിച്ചതു പോലെ വായനാക്ഷമതയാണ് ഈ നാല് കഥകളുടെയും ഏറ്റവും വലിയ മേന്മ .മിസ്റ്ററി കഥകൾ വായിക്കുവാൻ താല്പര്യമുള്ളവർക്ക് വളരെ എളുപ്പത്തിൽ വായിച്ചു തീർക്കുവാൻ സാധിക്കും ഈ പുസ്തകം . ആകാംക്ഷയും ഉദ്വേഗവും നിലനിർത്തുവാൻ ഒരു പരിധി വരെ ഈ  കഥകൾക്കാവുന്നുണ്ട്. അധികം  വലിച്ചു നീട്ടാതെ  കഥകൾ അവസാനിപ്പിക്കുന്നുമുണ്ട് . ജനപ്രിയ പരിസരത്തു നിന്ന് കൊണ്ടുള്ള സസ്പെൻസ് /മിസ്റ്ററി കഥകൾക്ക് ടേസ്റ്റ് ഉള്ള വായനക്കാരനെ സംബന്ധിച്ചിടത്തോളം ശരാശരി അനുഭവം സമ്മാനിക്കുവാൻ പുസ്തകത്തിനാകുന്നുണ്ട്.

പുസ്തകത്തിലെ misfit ആയിത്തോന്നിയതു title കഥയായ 'ബൂമറാങ്'' തന്നെയാണ് . ക്രൈം നോവലൈറ്റുകളുടെ പുസ്തകത്തിൽ dark humour ജനുസ്സിലുള്ള കഥ എന്ത് കൊണ്ട് ഉൾപ്പെടുത്തി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല . ഹാസ്യം work out ആയിട്ടുണ്ടെങ്കിലും ക്രൈം നോവലൈറ്റ് എന്ന നിലയിൽ നിരാശ സമ്മാനിച്ച ഒന്ന് തന്നെയായിരുന്നു അത് . സർക്കാർ ഉദ്യോഗസ്ഥനായ  ഗൃഹനാഥൻ എന്തിനു ഇത്രയും ബുദ്ധിമുട്ടി ഈർഷ്യ തീർക്കണം എന്ന തോന്നലും വായനക്കാരനിൽ ഉളവാക്കുന്നുണ്ട് ഈ കഥ . എങ്കിലും കഥ പുരോഗമിക്കുന്തോറും വായനക്കാരനിലെ anticipation ഉണർത്തുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് .

'റിസോർട്ട്' താരതമേന്യ മെച്ചപ്പെട്ട ഒന്നാണ് . പക്ഷേ ഇവിടേയും ക്രൈം കഥ എന്നതിനപ്പുറം 'ക്രൈം -ഹൊറർ ' എന്ന് പറയുന്നതാവും ഒന്ന് കൂടി യോജിക്കുക . atmospheric ആയ അനുഭവം സമ്മാനിക്കുവാൻ 'റിസോർട്ട് ' നു സാധിക്കുന്നുണ്ട് എന്നതും വിസ്മരിക്കുന്നില്ല . സസ്പെൻസ് ഒരു പരിധി വരെ ഊഹിക്കാനാകുന്നുണ്ട് എന്നതും പോരായ്മയാണ് .

ലോജിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സമാഹാരത്തിലെ മെച്ചപ്പെട്ട കഥയായാണ് 'മിത്ര എന്ന പെൺകുട്ടി ' അനുഭവപ്പെട്ടത് .യുവ സംവിധായകന് അവിചാരിതമായി എത്തുന്ന ഫോൺ കാൾ ,അതിനെത്തുടർന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങൾ ഒക്കെയും  അവതരിപ്പിച്ചിരിക്കുന്നു  .ഡബിൾ ക്ലൈമാക്സ് ഉണ്ടെന്നത് കഥയുടെ പ്രത്യേകതയാണ് .

കൂട്ടത്തിലെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഒരു ശ്രമമാണ് 'ഒരു മരണത്തിന്റെ പുരാവൃത്തം'. ഒരു കൊലപാതകം നടക്കുന്നു .എന്നാൽ കൊലപാതകിയുടെ മാത്രമല്ല , ഇരയുടേയും ഐഡന്റിറ്റി തേടിയുള്ള അന്വേഷണമാണ് ഈ കഥയുടെ ഇതിവൃത്തം .സസ്പെൻസ് , motive ഒക്കെ ഒരൽപം ക്ളീഷേ ആണെങ്കിലും basic plot ആണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത് . എങ്കിലും ഒരു wow factor missing ആയി തോന്നി .

പോരായ്മകൾ ഇല്ലെന്നല്ല . മുൻപ് സൂചിപ്പിച്ചതു പോലെ ,ക്രൈം നോവലൈറ്റുകൾ എന്ന ടാഗ് ലൈനിൽ വരുന്ന പുസ്തകത്തിൽ ആ ടാഗിനോടു നീതി പുലർത്താത്ത കഥകൾ  (അവ മികച്ചതാണെങ്കിൽക്കൂടി ) targetted വായനക്കാരനെ /വായനാ സമൂഹത്തെ നിരാശരാക്കുവാൻ സാധ്യതയുണ്ടെന്നത് വസ്തുതയാണ് . അത് പോലെ തീർത്തും silly ആയി പെരുമാറുന്ന /logical thinking ലവലേശം ഇല്ലാത്ത കഥാപാത്രങ്ങളും ചില കഥകൾക്കെങ്കിലും ബാധ്യത ആയി തോന്നി .മിടുക്കനായ ഹിറ്റ് മേക്കർ ആയ യുവ സംവിധായകൻ ഒരു ഫോൺ കാൾ ലഭിക്കുമ്പോൾ തന്നെ യാതൊരു ബാക്ക്ഗ്രൗണ്ട് ചെക്ക് ഉം നടത്താതെ ഇന്നത്തെ കാലത്തു ഭീമമായ തുക ട്രാൻസ്ഫർ ചെയ്തു നല്കുന്നതൊക്കെ തീർത്തും അവിശ്വസനീയമായി തോന്നി.ഒരു പക്ഷെ ഒരൽപം കൂടി ചിന്തിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള കല്ലുകടികൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു .

ആകെത്തുകയിൽ ശരാശരി വായനാനുഭവം സമ്മാനിച്ച പുസ്തകമാണ് ബൂമറാങ് . കൂടുതൽ മികച്ച രചനകളുമായി  എത്തുവാൻ എഴുത്തുകാരന് സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്,

-നിഖിലേഷ് മേനോൻ

0 comments: