Pages

August 26, 2022

പുസ്തക പരിചയം : നീലപ്പരുന്ത്‌ -ഹരിത .ആർ .


 

സ്ത്രീ പക്ഷ രചന എന്നൊന്നുണ്ടോ എന്ന് എനിക്കറിയില്ല . പക്ഷെ ഒന്നറിയാം , സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവലുകളിൽ അടുത്ത കാലത്തു ഏറ്റവും ആകർഷിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ഹരിത .ആർ .എഴുതിയ നീലപ്പരുന്ത്‌ തീർച്ചയായും മുൻപന്തിയിൽ തന്നെയുണ്ടാകും . കാരണം നല്ല വായനാസുഖമുള്ള , ഭംഗിയുള്ള ഭാഷയിൽ എഴുതപ്പെട്ട പുതിയ ആശയങ്ങൾ സംവദിക്കുന്ന പുസ്തകമാണ് നീലപ്പരുന്ത്‌ . (ഇതൊരു പ്രൊമോഷണൽ /പുറം ചൊറിയൽ കുറിപ്പല്ല . പുസ്തകത്തിന്റെ ആദ്യ വായനക്കാരിൽ ഒരാൾ എന്ന നിലയിലുള്ള എന്റെ സത്യസന്ധമായ അഭിപ്രായമാണ് )

ഇഥികാ   എന്ന കേന്ദ്ര കഥാപാത്രത്തെ,  ഗവേഷണത്തിന്റെ ഭാഗമായി അഭിമുഖം ചെയ്യുവാനായി  ഒരു കൂട്ടം വിദ്യാർത്ഥിനികൾ എത്തുന്നിടത്താണ് നോവലിന്റെ ആരംഭം . ലൈംഗിക തൊഴിലാളി എന്ന നിലയിൽ നാം പരിചയപ്പെടുന്ന അവരുടെ ഭൂതകാലവും , ലക്ഷ്യങ്ങളും വെളിപ്പെടുന്നതിനൊപ്പം അവളുടെ പ്രണയവും  മറ്റു ചില ദുരൂഹതകളും മെല്ലെ അനാവരണം ചെയ്യപ്പെടുന്നു . അനിരുദ്ധൻ ,നൈനിക, നിർമ്മല ,സമീര എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ . കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതമാണ് പ്രധാന വിഷയമെങ്കിലും അടിസ്ഥാനപരമായി ഒരു പ്രതികാര കഥയാണ് നീലപ്പരുന്ത്‌ എന്ന് ഒറ്റവാക്യത്തിൽ വിശേഷിപ്പിച്ചാലും തെറ്റില്ല എന്ന് തോന്നുന്നു . അവസാന ഭാഗത്തു സംഭവിക്കുന്ന ചില നിർണ്ണായക വഴിത്തിരിവുകൾ ഒക്കെയും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുവാൻ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട് എന്നാണു അനുഭവപ്പെട്ടത് .

ഒഴുക്കുള്ള , ശക്തമായ  ഭാഷയും , ചിന്തകളുമാണ് ഈ നോവലിന്റെ സവിശേഷതയായി എനിക്ക് അനുഭവപ്പെട്ടത് .ആഖ്യാനത്തിൽ ലൈംഗികതയും വൈകാരികതയും കൈകാര്യം ചെയ്തിരിക്കുന്ന വിധത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും തീർച്ചയായും വലിയ വായന അർഹിക്കുന്ന നോവൽ തന്നെയാണ് നീലപ്പരുന്ത്‌ . എഴുത്തുകാരി താരതമ്യേന പുതു തലമുറക്കാരിയാണെങ്കിലും ആ പതർച്ചകളൊന്നും അവരുടെ എഴുത്തിൽ പ്രതിഫലിക്കുന്നില്ല എന്ന് എടുത്തു പറയേണ്ടതാണ് .

അത് പോലെ , നോവലിന്റെ ഒരു ഭാഗത്തു ഒരു കഥാപാത്രം പറയുന്നുണ്ട്-"നിങ്ങൾ ഈ കാല്പനിക സ്ത്രീകൾക്കെല്ലാം ഒരു മാധവിക്കുട്ടി ലൈൻ ആണല്ലോ " എന്ന് . ഒരു പക്ഷേ ആ പോയിന്റിൽ എത്തുന്ന വായനക്കാരനും സ്വാഭാവികമായി തോന്നുവാൻ സാധ്യത ഉള്ള ഒന്നാണ് ആ ചോദ്യം .സമർത്ഥമായി അതിന്റെ പ്രതിരോധവും ഹരിത തീർക്കുന്നുണ്ട് , തൊട്ടടുത്ത വരികളിലൂടെ .

പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചുമെല്ലാമുള്ള ചില ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഹരിതയുടെ എഴുത്തിൽ കാണാം .

'അത് രതിയാണ് .കണ്ണിൽ ചുവപ്പു പടർത്തുന്ന ഒരു പ്രണയവും എനിക്കുണ്ടായിട്ടില്ല ' എന്ന് പറയുന്ന ഇഥികയും ,പ്രണയത്തിൽ 'അകപ്പെട്ടോ ' എന്ന് കുണ്ഠിതപ്പെടുന്ന ഖുഷിയുമെല്ലാം ഹരിതയുടെ എഴുത്തിലെ maturity ചൂണ്ടിക്കാട്ടുന്ന കഥാപാത്രങ്ങളായി വെളിപ്പെടുന്നു . ചില കൗതുകമുണർത്തുന്ന പ്രയോഗങ്ങളും നോവലിൽ ഉടനീളമുണ്ട് . 'മണ്ണും മഴയും പരസ്പരം ഭോഗിക്കുമ്പോൾ അവയെ കീറി മുറിച്ചു കൊണ്ട് അവരുടെ രതിയെ തടസ്സ പ്പെടുത്തി , ഞാൻ നടന്നു ' എന്ന് ഹരിത എഴുതുമ്പോൾ ആ വാക്യത്തിന്റെ സൗന്ദര്യത്തെപ്പറ്റി വായനക്കാരന് ചിന്തിക്കാതിരിക്കുവാനാവില്ല എന്ന് കരുതുന്നു .

പോരായ്മയായി തോന്നിയത് , ക്ലൈമാക്സ് ഭാഗങ്ങളിലെ 'തിടുക്കമാണ് '. ഒരുപാട് വഴിത്തിരിവുകൾ സംഭവിക്കുന്ന ഈ ഭാഗമെത്തിയപ്പോൾ എത്രയും വേഗം എഴുതി അവസാനിപ്പിക്കുവാൻ എഴുത്തുകാരി തിടുക്കപ്പെടുന്നത് പോലെ തോന്നി .ആ ഭാഗങ്ങൾ ഒരൽപം കൂടി വേഗത കുറച്ചു വിശദമായി പൂർത്തീകരിച്ചിരുന്നുവെങ്കിൽ ഇനിയും മെച്ചപ്പെടുമായിരുന്നു എന്ന് തോന്നി.

 ആകെത്തുകയിൽ വായിക്കപ്പെടേണ്ട ഒരു പുസ്തകമാണ് 'നീലപ്പരുന്ത്‌ '.

 -നിഖിലേഷ് മേനോൻ

 

0 comments: