Pages

September 11, 2022

പുസ്തക പരിചയം : അർമാദ ചന്ദ്രൻ - ബിപിൻ ചന്ദ്രൻ


ശ്രീ. ബിപിന് ചന്ദ്രന് മാഷ്‌ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച അര്മാദ ചന്ദ്രന് എന്ന പുസ്തകത്തിന്റെ ടൈറ്റില് പേജില് ടാഗ് ലൈന് ആയി കൊടുത്തിട്ടുള്ളത് ഓര്മ്മ/നര്മ്മം എന്നാണ്. പുസ്തകത്തിന്റെ ജനുസ്സ്/വിഭാഗം ഓര്മ്മക്കുറിപ്പ്‌ എന്നതാണോ ഹാസസാഹിത്യം എന്നതാണോ എന്നൊരു ആശയക്കുഴപ്പം പ്രസാധകര്ക്ക് ഉണ്ടായതെന്തു കൊണ്ടാകും എന്നാണു ഇത് കണ്ടപ്പോള് ഞാന് ചിന്തിച്ചത്. എന്നാല് നൂറ്റിഇരുപത്തിനാല് താളുകളിലെ വായനയ്ക്ക് ശേഷം ആ സംശയം പൂര്ണ്ണമായും ദൂരീകരിക്കപ്പെട്ടു. പ്രസാധകര്ക്ക് തെറ്റിയിട്ടില്ല, അര്മാദചന്ദ്രന് നർമ്മം എന്നോ ഓർമ്മയെന്നോ categorise ചെയ്യാൻ പറ്റാത്ത മട്ടിലുള്ള നര്മ്മത്തില് പൊതിഞ്ഞ ഓര്മ്മക്കുറിപ്പുകള് തന്നെയാണ്.

പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നത് പോലെ , അധ്യാപക ദിനം മുതൽ മാധവിക്കുട്ടി വരെ ഒന്നിലധികം വിഷയങ്ങൾ ഈ കുറിപ്പുകളിൽ കടന്നു വരുന്നുണ്ട് . കോട്ടയം വീരകഥ എന്ന രണ്ടാം അധ്യായം കോട്ടയം പട്ടണത്തിനുള്ള tribute തന്നെയാണ് . കോട്ടയത്തെപ്പറ്റി ഈയടുത്തകാലത്തായി ഒന്നിലധികം പുസ്തകങ്ങൾ തന്നെ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചുരുങ്ങിയ പുറങ്ങളിൽ ആ പട്ടണത്തിന്റെ വിവിധ തലങ്ങളെ ഇത്ര കൃത്യമായി രേഖപ്പെടുത്തിയ ലേഖനം അധികം ഉണ്ടാകാൻ വഴിയില്ല . സ്കറിയാ സാറും , കർത്താവിന്റെ ബർത്ഡേയും , മലയാളിയുടെ ജാതിബോധവും കപട ലിബറലിസവുമെല്ലാം മറ്റു കുറിപ്പുകളിൽ വിഷയങ്ങളായി കടന്നു വരുന്നു . അതീവ ഗൗരവമുള്ള വിഷയത്തെപ്പറ്റി പറയുമ്പോൾ പോലും നർമ്മത്തിൽ പൊതിഞ്ഞതു കൊണ്ട് അധികമാർക്കും വേദനിക്കുവാൻ ഇടയില്ലാത്ത മട്ടിലാണ് എഴുത്തു എന്നത് വായനയും സുഗമമാക്കുന്നു . ബാല്യകാലത്തിൽ ഇടക്കാലത്തുണ്ടായ കഷ്ടതകളും , അച്ഛന്റെ അമിത മദ്യപാനവുമെല്ലാം പരാമർശിക്കുമ്പോളും അമിത നാടകീയതയ്ക്കോ അതി വൈകാരികതയ്ക്കോ സ്ഥലമില്ല എന്നുള്ളതും എടുത്തു പറയേണ്ടതാണ് . ചില അധ്യായങ്ങളൊക്കെ നമ്മെ പൊട്ടിചിരിപ്പിക്കുമ്പോൾ ,പുസ്തകത്തിന്റെ പേരിനു നിദാനമായ ഏറ്റവും ഒടുവിലത്തെ അദ്ധ്യായത്തിൽ, തന്റെ അച്ഛൻ ജീവിതം തിരിച്ചു പിടിച്ച ഓർമ്മകളിലേക്കെത്തുമ്പോൾ ഒട്ടൊന്നു കണ്ണ് നനയിക്കുന്നുണ്ട് അർമ്മാദചന്ദ്രൻ . വണ്ടി ഓട്ടിയ ചന്ദ്രനും , ചക്ക വിശേഷവുമെല്ലാം ചിരിപ്പിക്കും , തീർച്ച !

ഇടവിട്ട് വരുന്ന , സന്ദര്ഭത്തിന് യോജിച്ച ചിത്രങ്ങൾ പുസ്തകത്തിന്റെ ആസ്വാദ്യത വര്ധിപ്പിക്കുന്നുണ്ട് .

ഒരു കാര്യം പറയാതെ വയ്യ , ബിന്ദ്രേട്ടനെക്കാളും മാസ്സ് അർമാദ ചന്ദ്രൻ തന്നെയാണ് ! കട്ടായം !
-നിഖിലേഷ് മേനോൻ

0 comments: