Pages

September 7, 2022

പുസ്തക പരിചയം : ചരിത്രാന്വേഷി -ഒരു പോലീസ് കഥ ; ശ്രീജിത്ത്

 


ക്രൈം , കുറ്റാന്വേഷണ രചനകളുമായി വരുന്ന നവാഗത എഴുത്തുകാരുടെ മിക്കവാറും പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ചു വായിക്കുവാൻ ശ്രമിച്ചതിൽ നിന്നും പൊതുവായി തോന്നിയ ഒരു കാര്യം , മിക്ക എഴുത്തുകാരും പ്രതിഭയുള്ളവരും , പുതിയ ആശയങ്ങൾ ഉള്ളവരുമാണെന്നതാണ് . മിക്കവർക്കും പറയുവാൻ ഒരു ഫ്രഷ് ആയിട്ടുള്ള കോർ പ്ലോട്ടും ഉണ്ടാവും . എന്നാൽ പലപ്പോഴും അത് എഴുതി തീർക്കുവാനുള്ള വ്യഗ്രതയിൽ മറ്റു ഘടകങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കാതെ ധൃതിയിൽ എഴുതി പൂർത്തിയാക്കുന്ന ചെറു നോവലുകളായിട്ടാണ് അത് പുറത്തു വരിക . ചില നോവലുകൾ ഇത്തരത്തിലുള്ള പരിചരണത്തിലും വലിയ മോശമല്ലാത്ത വായനാനുഭവം സമ്മാനിക്കുമെങ്കിലും മറ്റു ചിലത്‌ അത്ര സുഖകരമായ വായനാനുഭവം ആയിരിക്കില്ല .
ചരിത്രാന്വേഷി : ഒരു പോലീസ് കഥ , എന്ന കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ക്രൈം നോവൽ വളരെ ചെറിയ , 80 പേജുകളിൽ താഴേ മാത്രം ദൈർഖ്യമുള്ള ഒന്നാണ് . ചരിത്രത്തിൽ വളരെ അധികം താല്പര്യമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ അതി സങ്കീർണ്ണമായ ഒരു കൊലപാതകത്തിന്റെ ചുരുൾ നിവർത്തുന്നതാണ് കഥാ തന്തു . ഈ അന്വേഷണ ഉദ്യോഗസ്ഥന്റെ കീഴ് ജീവനക്കാരനായ പൊലീസുകാരനാണ് കഥയുടെ ആഖ്യാതാവ് .കഥയിൽ കടന്നു വരുന്ന ചരിത്രപരമായ വസ്തുതകളും , അതിനു കഥയിൽ നൽകിയിരിക്കുന്ന കണക്ഷൻസുമെല്ലാം രസകരമായി വന്നിട്ടുണ്ടെങ്കിലും , കേസ്സ് അന്വേഷണവും സസ്പെൻസുമെല്ലാം നിരാശയാണ് സമ്മാനിക്കുന്നത് . പല തെളിവുകളും coincidental ആയി അന്വേഷകനിലേക്ക് എത്തുന്നതും , കാര്യമായ effort ഒന്നും തന്നെയില്ലാതെ അവ വെളിപ്പെടുന്നതുമെല്ലാമായാണ് അവതരിപ്പിച്ചിരിക്കുന്നത് . കഥയുടെ ക്ലൈമാക്സിലെത്തുമ്പോഴേക്കും പ്രത്യക്ഷപ്പെടുന്ന വില്ലനും , അയാളെ കണ്ടെത്തുവാൻ അന്വേഷകൻ സ്വീകരിച്ച വഴികളുമൊന്നും അത്ര convincing ആയി അനുഭവപ്പെട്ടില്ല . (ഒരു പക്ഷെ , അത് എന്റെ മാത്രം അഭിപ്രായം ആകാം ).
ചരിത്രകാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ വജ്രമോഷണവുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസ്സ് അന്വേഷിക്കുമ്പോൾ അയാളിലെ ചരിത്രകാരൻ അന്വേഷണത്തിന് സ ഹായകമാവുന്നതെങ്ങനെയെന്നുള്ളതാണ് പുസ്തകം പറയുവാൻ ശ്രമിക്കുന്നത് എന്ന് ഒറ്റവാക്യത്തിൽ പറയാമെന്നു തോന്നുന്നു . ആശയപരമായി പുതുമയുണ്ടെങ്കിലും കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലവും , പ്രധാന കഥാപാത്രങ്ങളുമൊന്നും വായനക്കാരനുമായി വേണ്ടത്ര കണക്ട് ആകുന്നില്ലായെന്നുള്ളതും ഒരു പോരായ്മയാണ്. (കുറ്റാന്വേഷണ നോവലിൽ ഇതൊന്നും അത്യന്താപേക്ഷികമല്ല എന്ന് അഭ്പ്രായം ഉണ്ടായേക്കാമെങ്കിലും , അത്തരത്തിലൊരു ശ്രമം എഴുത്തുകാരനിൽ നിന്നുണ്ടായ സ്ഥിതിക്ക് അത് വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും ).
Balle de Flandres വജ്രവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ ഒക്കെ രസകരമായി എഴുതുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് . ലളിതമായ ഭാഷയിൽ , വലിയ കല്ലുകടികൾ ഇല്ലാതെ , ഒഴുക്കുള്ള രീതിയിൽ കഥ പറയുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് .

ചുരുക്കത്തിൽ , ചരിത്രത്തിൽ താല്പര്യമുള്ള വായനക്കാർക്കു , ചരിത്ര സംബന്ധിയായ വസ്തുതകൾ വായിച്ചറിയുവാൻ ഈ പുസ്തകം സഹായിച്ചേക്കും . ശരാശരി കുറ്റാന്വേഷണ വായനാനുഭവം . കൂടുതൽ മികച്ച രചനകളുടെ എഴുത്തുകാരന് മുന്നോട്ടു വരുവാൻ സാധിക്കട്ടെ .
-നിഖിലേഷ്

0 comments: