എഴുതുന്നത് എന്തും പ്രസിദ്ധീകരിക്കുന്ന, അല്ലെങ്കിൽ പ്രസിദ്ധീകരിക്കണമെന്ന് എഴുത്താളർ ആഗ്രഹിക്കുന്ന ഈ കാലത്ത്, മാസങ്ങൾ എടുത്ത് പൂർത്തീകരിച്ച ആദ്യ ഡ്രാഫ്റ്റ് ഏറെക്കുറെ പൊളിച്ചെഴുതി, വലിയ രീതിയിൽ മെച്ചപ്പെടുത്തി , വായനക്കാർക്ക് വേണ്ടി ഏറ്റവും മികച്ച, ആത്മാർഥമായ ഒരു വേർഷൻ പുറത്തെടുക്കാൻ ശ്രമിക്കുക, അതിൽ നല്ലൊരു പരിധി വരെ വിജയിക്കുക എന്നത് ചില്ലറ കാര്യമല്ല. ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപാണ് ദിപി യുടെ കാലാ വിഹാറിൻ്റെ ആദ്യ വേർഷൻ ഞാൻ വായിക്കുന്നത്. അത് കഴിഞ്ഞ്, ഡി സി ബുക്‌സിൻ്റെ sedora നോവൽ മത്സരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലിൻ്റെ ഈ വേർഷൻ വായിക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി എന്നതാണ് സത്യം. തെറ്റില്ലാത്ത ഒരു ശ്രമം എന്ന് മാത്രം വിവക്ഷിക്കുവാൻ പറ്റുമായിരുന്ന ആദ്യ ഡ്രാഫ്റ്റ്, പുസ്തകമായി പുറത്തെത്തിയപ്പോൾ വളരെ matured ആയ, തെളിമയുള്ള ഭാഷയിൽ വിനിമയം ചെയ്യപ്പെടുന്ന ശക്തമായ ഒരു സ്ത്രീ പക്ഷ നോവൽ ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു!
കാലാ വിഹാർ അഥവാ കറുത്ത ബീഹാർ ഒരു ശക്തമായ നോവലാണ്. ബാംഗ്ലൂർ നഗരത്തിൻ്റെ സുരക്ഷിതത്വത്തിൽ നിന്ന് ഒരു സ്ത്രീയെ തേടി മറ്റൊരു സ്ത്രീ നടത്തുന്ന യാത്ര എന്ന് ഒറ്റവരിയിൽ സംഗ്രഹിക്കാമെങ്കിലും ഒരുപാട് മാനങ്ങളുള്ള, ഒട്ടനവധി ആശയങ്ങൾ പേറുന്ന, ആഴമുള്ള നോവലാണ് കാലാ വിഹാർ. സമീപകാലത്ത് ശ്രീമതി അശ്വതി കെ എൽ എഴുതിയ ' അനോലഖി ' എന്ന നോവൽ ബീഡ് ജില്ലയിലെ ഗർഭപാത്രം നഷ്ടപ്പെടുന്ന സ്ത്രീകളുടെ കഥ പറഞ്ഞപ്പോൾ അന്ധവിശ്വാസങ്ങളുടെയും , ഭയത്തിൻ്റെയും പേരിൽ മാറ്റി നിർത്തപ്പെടുന്ന ബീഹാറിലെ സ്ത്രീകളുടെ പച്ചയായ ജീവിതത്തിലേക്കുള്ള ഒരു യാത്രയാണ്.
വിശാലമായ ക്യാൻവാസ് ആണ് നോവലിന്. ചരിത്രവും , മിത്തും , ഭാവനയുമെല്ലാം ഈ നോവലിൽ ഇടകലർന്നു വരുന്നുണ്ട്. Narratives structure അങ്ങനെ തന്നെയാണ്. ദേവയാനി, മൈത്രേയി, നൈമിത്ര ഇവരെല്ലാം നേർ രേഖയിലെ കഥാപാത്രങ്ങളല്ല. പല കാലങ്ങളിലൂടെ, കഥാപരിസരങ്ങളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്.
ചരിത്രത്തിൽ രേഖപ്പെടുത്തിയ പല വനിതകളും മൈത്രേയിയുടെ എഴുത്തുകളിലൂടെ പുസ്തകത്തിൽ കടന്നു വരുന്നുമുണ്ട്. അത് കൊണ്ട് തന്നെ ഇതൊരു easy read നോവൽ അല്ല.
ആഴത്തിലുള്ള വിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ടാവാം അല്പം പതിഞ്ഞ താളത്തിലാണ് പുസ്തകത്തിൻ്റെ മുന്നേറ്റം, എങ്കിലും ചില സ്ഥലങ്ങളിൽ pacing അൽപം uneven ആയി തോന്നി - കുട്ടിയുടെ മരണം /മൃതദേഹം കണ്ടെത്തുന്ന ഭാഗങ്ങൾ ഒക്കെയും ഉദ്വേഗം നിലനിർത്തുന്ന മട്ടിൽ തന്നെയായിരുന്നു.
ഈ നോവൽ എല്ലാതരത്തിലുള്ള വായനക്കാരെയും ആകർഷിക്കുമോ എന്ന് പറയാൻ ഞാനാളല്ല
പക്ഷേ ഒന്ന് തീർച്ചയായും പറയേണ്ടതുണ്ട്--- കാലാവിഹാർ തീർച്ചയായും വായിക്കപ്പെടേണ്ട , പുരസ്കൃതപ്പെടേണ്ട നോവലാണ്.
- നിഖിലേഷ് മേനോൻ









0 comments:
Post a Comment