നവാഗതരായ എഴുത്തുകാരുടെ ത്രില്ലെർ രചനകൾ ധാരാളമായി വരുന്ന ഈ കാലഘട്ടത്തിൽ ,അവയിൽ ചിലതെങ്കിലും വിജയിച്ച ഫോർമുലകളെ തന്നെ പിൻപറ്റി ആവർത്തന വിരസത വായനക്കാരനിൽ ജനിപ്പിക്കുന്നു എന്ന ആരോപണവും ഏറെക്കുറെ ശക്തമാണ് . അത് പൂർണ്ണമായും അടിസ്ഥാനമില്ലാത്തതാണ് എന്ന് പറയാനും കഴിയില്ല . കണ്ടു , കേട്ട് , വായിച്ചു പഴകിയ കഥാപശ്ചാത്തലങ്ങൾക്കപ്പുറമുള്ള ,രസകരമായ വായന സമ്മാനിക്കുന്ന ത്രില്ലറുകൾക്കെ ഇനി മലയാളത്തിൽ നിലനിൽപ്പുള്ളൂ എന്ന് വിശ്വസിക്കാനാണ് വ്യക്തിപരമായി എനിക്കിഷ്ട്ടം .
നവാഗതനായ റിജോ ജോർജ് എഴുതിയ ഒരു പുതു തലമുറ spy -thriller ആണ് 'ഹവാന ക്ലബ്' . മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ചൈനയിൽ ഒരു രഹസ്യ ദൗത്യത്തിനായി ഇന്ത്യ നിയോഗിക്കുന്ന രണ്ടു RAW ഏജന്റ്സ് ന്റെ കഥയാണ് പറയുന്നതു.ഒരേ സമയം ഇരയും ,വേട്ടക്കാരുമായി മാറുന്ന ജെയിൻ ധാരയും ,മിഷിയ യും കേന്ദ്ര കഥാപാത്രങ്ങളാകുന്ന , മിത്തും, സസ്‌പെൻസും ,ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണിയറ രഹസ്യങ്ങളും എല്ലാം പരാമർശിച്ചു പോകുന്ന കഥാഗതിയിൽ പുതുമയുള്ള ഒട്ടനവധി രംഗങ്ങളും അതോടൊപ്പം തന്നെ ക്‌ളീഷേ എന്ന് ആദ്യ വായനയിൽ തോന്നാവുന്ന ചില സന്ദർഭങ്ങളും വന്നു പോകുന്നു .
പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ എന്ന് പറയുന്നത് മലയാളത്തിൽ സമീപകാലത്തു ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത ഒരു GENRE ൽ വിജയകരമായി തന്റെ ആദ്യ കൃതിയെ പ്ലേസ് ചെയ്യുവാൻ റിജോയ്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് . ഒരു അന്താരാഷ്ട്ര മാനങ്ങളുള്ള ത്രില്ലെർ നോവൽ മലയാളത്തിൽ പരീക്ഷിക്കുക എന്നതു അക്ഷരാർത്ഥത്തിൽ ഒരു സാഹസം തന്നെയാണ് . കഥാപാത്രങ്ങളുടെ പശ്ചാത്തലവും , കേരളവുമായുള്ള ബന്ധവും എല്ലാം കഥയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ തന്നെ അത് പാളിപ്പോകുവാനുള്ള സാധ്യതയും വളരെ കൂടുതൽ ആണ് .ഒട്ടും തന്നെ Laughable /Implausible ആയി മാറാതെ തന്റെ നോവലിനെ set ചെയ്യുവാൻ സാധിച്ചു എന്നത് തന്നെ കഥാകാരന്റെ മികവാണ് .വളരെയധികം റിസർച്ച് ഈ നോവലിന് വേണ്ടി അദ്ദേഹം നടത്തിയിട്ടുണ്ട് എന്നതും വളരെ വ്യക്തമാണ് ,ശ്ലാഘനീയവുമാണ് .വായനക്കാരനെ സംബന്ധിച്ചിടത്തോളം ലളിതമായ ,ചടുലമായ ഭാഷയിൽ അയാൾക്കു ദ്രുത വേഗ , പൈസ -വസൂൽ വായന പ്രദാനം ചെയ്യുവാൻ പുസ്തകത്തിന് കഴിയുന്നുണ്ട് .ഏജന്റുമാർ ഉപയോഗിക്കുന്ന കോഡ് സന്ദേശങ്ങളും അവ ഡീകോഡ് ചെയ്യുന്നതുമെല്ലാം രസകരമായി തന്നെ എഴുത്തുകാരൻ അവതരിപ്പിച്ചിട്ടുണ്ട് . ഇന്ത്യൻ സംഘവും ,ചൈനീസ് സംഘവും അന്യോന്യം outsmart ചെയ്യുവാൻ ശ്രമിക്കുന്നതൊക്കെ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് .
ഏതൊരു കലാസൃഷ്‌ടിയെപ്പോലെ പോരായ്മകൾ ഈ കൃതിക്കും ഉണ്ട് . പ്രധാന കഥാപാത്രങ്ങളായ ജെയിൻ ,മിഷിയ എന്നിവരുടെ കഥാപാത്ര വികസനത്തിനോ,അവരുടെ പശ്ചാത്തലത്തെപ്പറ്റിയോ കൂടുതൽ വിവരിക്കുവാൻ എഴുത്തുകാരൻ കാര്യമായി ശ്രമിച്ചിട്ടില്ല എന്നുള്ളത് പ്രകടമാണ് (ഒരുപക്ഷെ അത് ബോധപൂര്വ്വവുമാകാം ). ചില സ്ഥലങ്ങളിൽ logical inconsistencies അനുഭവപ്പെടുന്നുണ്ട് . ഉദാഹരണത്തിന് ഡിറ്റനേറ്ററുമായി അതീവ രഹസ്യ സ്വഭാവമുള്ള ഉന്നത തല ചർച്ച നടക്കുന്ന ഹോട്ടലിലേക്ക് ഏജന്റ്സ് നു താരതമ്യേന എളുപ്പത്തിൽ കയറി ചെല്ലുവാൻ സാധിക്കുന്നു എന്നതൊക്കെ അല്പം അവിശ്വസനീയമാണ് (ഇതിനെപ്പറ്റി വിശദീകരണം പുസ്തകത്തിന്റെ മറ്റൊരു ഭാഗത്തു തരുന്നുണ്ട് എങ്കിൽ പോലും അത്ര convincing ആയി തോന്നിയില്ല), പ്രോസ്തെറ്റിക് മുഖമൂടി യുടെ സാധ്യതകളെപ്പറ്റി പി .എസ് .ബി ഉദ്യോഗസ്ഥർ വളരെ ആശ്ചര്യത്തോടെ മനസ്സിലാക്കുന്നതും അല്പം ഇല്ലോജിക്കൽ ആയി തോന്നി .സ്ഥിരമായി വിദേശ ത്രില്ലെർ പുസ്തകങ്ങൾ വായിക്കുന്നവർക്ക് ഊഹിക്കാൻ സാധിക്കുന്ന കുറച്ചു സന്ദർഭങ്ങൾ എങ്കിലും ഹവാനാ ക്ലബ്ബിലും പ്രത്യക്ഷപ്പെടുന്നുണ്ടു.
(Spoiler)- ഇന്ത്യയിൽ വെച്ചുള്ള ദൗത്യം പൂർത്തീകരിക്കുന്ന ദൗത്യ സംഘം വിവരം അറിയിക്കുവാൻ താരതമ്യേന decode ചെയ്യുവാൻ എളുപ്പമുള്ള രഹസ്യ കോഡ് ഉപയോഗിച്ചതും (കഥയുടെ ആദ്യഭാഗത്തു മറ്റൊരു സന്ദർഭത്തിൽ ഇതിലും സങ്കീർണമായ രീതിയിൽ വിജയകരമായി ടെക്സ്റ്റ് കോഡ് ഉപയോഗിച്ചതായി വിവരിച്ചിട്ടുണ്ട്) അത് sms ആയി അയച്ചതും മറ്റൊരു രീതിയിൽ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി .
പുസ്തകത്തിന്റെ പുറം ചട്ടയിലെ blurb ഇത്രയും വിശദമായി കൊടുക്കേണ്ടിയിരുന്നോ എന്ന് തീർച്ചയായും സംശയമുണ്ട് (അത് എഴുത്തുകാരന്റെ നിയന്ത്രണത്തിലുള്ളതല്ലെങ്കിൽ കൂടിയും ). ചൈനയിലെ ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും പ്രതിപാദിക്കുന്ന 'സ്പൈ -ത്രില്ലെർ' എന്നോ മറ്റോ നല്കിയിരുന്നെകിൽ പുസ്തകത്തിന്റെ ആദ്യ 50 പേജുവരെയുള്ള സംഭവങ്ങൾക്കു ഹേതുവാകുന്ന വിഷയത്തെപ്പറ്റിയുള്ള ആകാംഷയും വായനക്കാരനിൽ നിലനിർത്തുവാൻ സാധിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത് .
ചുരുക്കത്തിൽ മലയാളത്തിൽ ഇത് വരെ പ്രസിദ്ധീകൃതമായതിൽ മികച്ച ത്രില്ലെരിൽ ഒന്ന് തന്നെയാണ് ഹവാന ക്ലബ് .ചെറിയ പോരായ്മകൾ ഉണ്ടെങ്കിൽ പോലും അതൊക്കെ അവഗണിച്ചു ധൈര്യമായി വാങ്ങാനാവുന്ന പുസ്തകമാണ് ഇതെന്നാണ് എന്റെ കാഴ്ചപ്പാട് .എഴുത്തുകാരൻ എടുത്തിട്ടുള്ള effort തീർച്ചയായും പ്രശംസ അർഹിക്കുന്നു . കൂടുതൽ വൈവിധ്യമാർന്ന പുസ്തകങ്ങൾ മലയാള ത്രില്ലെർ ശാഖയെ സമ്പുഷ്ടമാക്കട്ടെ .വായന വളരട്ടെ !
-nikhimenon
0 comments:
Post a Comment