Pages

May 4, 2021

മുദ്രിത


 അടുത്ത കാലത്തു വായിച്ചവയിൽ ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് ജിസാ ജോസിന്റെ ആദ്യ നോവലായ മുദ്രിത .മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു പറ്റം സ്ത്രീകളുടെ കഥയാണ് പറയുന്നത് . 

അനിരുദ്ധൻ എന്ന ചെറുപ്പക്കാരൻ മുദ്രിത എന്ന സ്ത്രീയെ കാണ്മാനില്ല എന്ന പരാതി പോലീസിൽ നൽകുന്നതിൽ നിന്നാണ് ഈ നോവൽ തുടങ്ങുന്നത് .മുദ്രിത എന്ന അമ്പതുകാരിയായ സ്ത്രീ നേതൃത്വം നൽകി സംഘടിപ്പിച്ച, സ്ത്രീകൾ മാത്രമുള്ള ഒരു യാത്രയുടെ ടൂർ ഓപ്പറേറ്റർ ആയ അനിരുദ്ധൻ ആ യാത്രയുടെ സമാരംഭത്തിൽ മുദ്രിതയെ കാണ്മാനില്ല എന്ന് മനസ്സിലാക്കുന്നു .എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ മുദ്രിത ഇല്ലെങ്കിൽ പോലും യാത്രയ്ക്ക് തയ്യാറായ മറ്റു സ്ത്രീകൾ എത്തിയതിനാൽ യാത്രയുമായി അയാൾ മുന്നോട്ടു പോകുന്നു . എന്നാൽ തന്നെ ആഴത്തിൽ സ്പർശിച്ച ,ഒരിക്കൽ പോലും താൻ കാണാത്ത മുദ്രിതയ്ക്കു എന്ത് സംഭവിച്ചു എന്ന് അറിയുവാനുള്ള ആകാംഷ പോലീസിൽ പരാതി നൽകുവാൻ അയാളെ പ്രേരിപ്പിക്കുന്നു .

 ഒറ്റവരിയിൽ ഈ പുസ്തകത്തിന്റെ കഥാപരിസരം കേൾക്കുമ്പോൾ ഇതൊരു കുറ്റാന്വേഷണ നോവലോ , ത്രില്ലറോ ആണെന്ന് തോന്നിയേക്കാം . മുദ്രിതയുടെ തുടക്കവും ഏതാണ്ട് ആ മട്ടിലാണ് . എന്നാൽ വായന പുരോഗമിക്കുമ്പോൾ ,കൃത്യമായി പറഞ്ഞാൽ , അനിരുദ്ധന്റെ നോട്ട് പുസ്തകം ,എന്ന ഭാഗങ്ങൾ അവസാനിക്കുമ്പോൾ , വളരെ interesting ആയ ,സ്വന്തമായി നിലപാടുകളുള്ള ,വിഭിന്നമായ പശ്ചാത്തലത്തിലുള്ള സ്ത്രീകളെ പറ്റി പറയുന്ന ഒരു നോവലാണ് ഇത് എന്ന് ഏതൊരു വായനക്കാരനും ബോധ്യമാകും . മലയാളത്തിൽ അങ്ങനെ അധികം പരാമർശിച്ചു കണ്ടിട്ടില്ലാത്ത പല സ്ഥലങ്ങളെപ്പറ്റിയും , ആചാരങ്ങളെപ്പറ്റിയും , മിത്തുകളെപ്പറ്റിയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് .300 താളുകൾക്കടുത്തു ദൈർഖ്യമുണ്ടെങ്കിൽ പോലും തുടർന്ന് വായിക്കുവാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് എഴുത്തു . അനാവശ്യ ബുദ്ധിജീവി നാട്യങ്ങളോ ,ഗ്രഹിക്കാൻ പ്രയാസമുള്ള രൂപകങ്ങളോ പുസ്തകത്തിൽ ഇല്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ് . കഥാപാത്രങ്ങളുടെ പേരുകളും വളരെ സൗന്ദര്യാത്മകമാണ് . ആഖ്യാനത്തിൽ പുതുമ കൊണ്ട് വരുവാനും , അതോടൊപ്പം ഓരോ കഥാപാത്രങ്ങളെയും കഥയിലേക്ക്‌ വിദഗ്ദമായി സന്നിവേശിപ്പിക്കുവാനും കഥാകാരിക്ക് സാധിച്ചിട്ടുണ്ട്. ലളിതമായ ഭാഷയാണ് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് .അത് പോലെ തന്നെ, സൗന്ദര്യം തുളുമ്പുന്ന നല്ല വരികൾ അനേകം പുസ്തകത്തിൽ ഉണ്ട് .

സ്ത്രീപക്ഷ രചനകളെ സംബന്ധിച്ചുള്ള ചില മുൻവിധികൾ അപ്പാടെ മാറ്റിനിർത്തുവാൻ പുസ്തകത്തിനാവുന്നില്ല എന്നതു പോരായ്മയായി തോന്നി . സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രഥമ പടിയായി പൊതുബോധത്തിൽ സാധാരണയായി കടന്നുവരാറുള്ള 'ദീർഘയാത്ര ' എന്ന ടൂൾ ഈ പുസ്തകത്തിലും കൃത്യമായി ചേർത്തുവെച്ചതു ഒരു പോരായ്മയായി തോന്നി . അനിതാ നായരുടെ 'ലേഡീസ് കൂപ്പെ' പോലുള്ള പുസ്തകങ്ങളിലെ ,'വിവിധ സാഹചര്യങ്ങളിൽ നിന്ന് വന്ന്  ഒരേ യാത്രയിൽ കൂടിച്ചേരുന്ന സ്ത്രീകളുടെ കഥ' എന്നൊരു ഒറ്റവരി സംഗ്രഹത്തിലേക്കു മുദ്രിത വീണു പോകാതിരിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നത് ചെറുതായെങ്കിലും കടന്നു വരുന്ന സസ്പെൻസ് എലമെന്റ് ആണെന്നാണ് എന്റെ അഭിപ്രായം (കേന്ദ്ര കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന് വായനക്കാരന് തോന്നുന്ന ആകാംഷ ). ഡിപ്രെഷനെ പറ്റിയും ആത്മഹത്യയെ പറ്റിയുമുള്ള ചില പരാമര്ശങ്ങൽ അനവസരത്തിലായി എന്ന് തോന്നിയെങ്കിലും ആകെത്തുകയിൽ അതൊന്നും വായനാനുഭവത്തെ പഠിക്കുന്നില്ല എന്നുള്ളതും എടുത്തു പറയേണ്ടതാണ് .

നല്ലൊരു  വായന തന്നെയാണ് മുദ്രിത .

മാതൃഭൂമി ബുക്ക്സ് , 340 രൂപ .  


-nikhimenon 

0 comments: