Pages

April 27, 2021

ചില വായനാ ,'മാർക്കറ്റിങ് ചിന്തകൾ' !

 


മലയാളത്തിൽ സമീപകാലത്തു ഏറ്റവും ജനകീയമാക്കപ്പെടുകയും ഏറ്റവുമധികം വായിക്കപ്പെടുകയും ചെയ്ത ഒരു സാഹിത്യശാഖ യാണ് ക്രൈം ഫിക്ഷൻ. ലാജോ ജോസിനെയും ശ്രീപാർവതി യെയും ആശിഷ് ബെൻ അജയിയെയും, റിഹാൻ റാഷിദ് നെയും പോലുള്ള എഴുത്തുകാർ തങ്ങളുടെ രചനകളിലൂടെ വായനക്കാരനെ രസിപ്പിക്കുകയും പ്രസാധകനും വിതരണക്കാരനും നല്ല രീതിയിൽ ലാഭം നേടിക്കൊടുക്കുകയും ഉണ്ടായി . അതോടൊപ്പം തന്നെ അവർ തങ്ങളുടേതായ രീതിയിൽ പുസ്തകങ്ങളെ ജനകീയമാക്കുവാൻ മുന്കയ്യെടുക്കുകയും ചെയ്തു. ഏറെക്കുറെ വെന്റിലേറ്ററിൽ ആയിരുന്ന മലയാള ക്രൈം /പൾപ്പ് ഫിക്ഷനെ revive ചെയ്യുന്നതിൽ ഇവരെപ്പോലുള്ള എഴുത്തുകാർ വഹിച്ച പങ്കു ചില്ലറയല്ല. അതിന്റെ പ്രഥമ ഗുണഭോക്താക്കളിൽ ഒന്ന് പ്രഥമദൃഷ്ട്യാ എന്ന പുസ്തകം ആയിരുന്നു എന്ന് തുറന്നു പറയുന്നതിൽ എനിക്ക് തെല്ലും ലജ്ജയോ ജാള്യതയോ ഇല്ല .

പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളെ താരതമ്യേന എളുപ്പത്തിൽ potential വായനക്കാരനിലേയ്ക്ക് എത്തിക്കുവാനും പരിചയപ്പെടുത്തുവാനുമുള്ള മാർഗ്ഗം തന്നെയാണ് സമൂഹ മാധ്യമങ്ങൾ എന്നതു നിസ്‌തർക്കമായ വസ്തുതയാണ് . എന്നാൽ സ്വന്തം പുസ്തകത്തിന്റെ യഥാർത്ഥ ഗുണമേന്മയോ , പരിമിതികളോ മനസ്സിലാക്കാതെ നവ മാധ്യമങ്ങളെ /നവമാദ്ധ്യമങ്ങളിലെ വായനക്കൂട്ടങ്ങളെ പുസ്തകത്തെ 'ഇൻസ്റ്റന്റ് ബെസ്ററ് സെല്ലെർ ' ആക്കി മാറ്റുവാനുള്ള കുറുക്കു വഴിയായി നവാഗത എഴുത്തുകാർ നോക്കിക്കാണുന്നു എന്ന ആരോപണത്തെ പൂർണമായും തള്ളിക്കളയാനാവുമോ എന്ന ആശങ്ക അസ്ഥാനത്തല്ല എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം . രണ്ടു ദശകങ്ങൾക്ക് മുൻപ് സജീവമായിരുന്ന ക്രൈം ഫിക്ഷൻ ശാഖ ഇടക്കാലത്തു മങ്ങി പോകുവാൻ കാരണം ആഖ്യാനത്തിലെ പുതുമയില്ലായ്മയ്ക്കും ,ആശയങ്ങളിൽ കാലാനുസൃതമായി ഭവിക്കേണ്ടിയിരുന്ന നവീകരണമില്ലായ്മയ്ക്കുമൊപ്പം , വിപണിയുടെ കച്ചവടസാധ്യത മുന്നിൽക്കണ്ട് മാത്രം പുറത്തിറങ്ങിയ പുസ്തകങ്ങളുടെ ബാഹുല്യമാണെന്നു കരുതിയാലും തെറ്റില്ല എന്ന വാദത്തെ കണ്ടില്ലെന്നു നടിക്കാനാവുമെന്നു തോന്നുന്നില്ല. പുസ്തകങ്ങളുടെ മൂല്യം,അത് ഏതു വിഭാഗത്തിൽ പെട്ടതോ ആയിക്കൊള്ളട്ടെ , ശരിയായി നിർവചിക്കപ്പെടുന്നതിനു മുന്പുണ്ടാകുന്ന വില്പനാധിഷ്ഠിതമായ ആഘോഷങ്ങളും അസ്വാഭാവികമായ പുകഴ്തലുകളുമാണ് ( ഓരോ വ്യക്തിയുടെയും അഭിരുചി പലവിധത്തിൽ ആണെന്നുള്ള വാദം മുഖവിലയ്‌ക്കെടുത്താൽ പോലും )ഒരു നവാഗത എഴുത്തുകാരനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.

വായനക്കാരനെ സംബന്ധിച്ചിടത്തോളവും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പലവിധമാണ് . Never underestimate the aesthetic sense of the bibliophile should be the dictum as far as the marketing team / publisher is concerned. അസ്ഥാനത്തുള്ള പുകഴ് ത്തലുകളുടെയും ,ആഘോഷങ്ങളുടെയും ഫോക്കൽ പോയിന്റ് ആയി മാത്രം മാറുന്ന വായനക്കൂട്ടങ്ങളോടും ആ genre ൽ വരുന്ന പുസ്തകങ്ങളോടും കാലക്രമേണ ,സ്മാർട്ട് ആയ വായനക്കാരൻ, സ്വാഭാവികമായ സുരക്ഷിത അകലം പാലിക്കുകയും , അത് മികച്ച പുസ്തകങ്ങളുടെ വില്പനയെയും സ്വീകാര്യതയെയും ദോഷകരമായി ബാധിക്കാനും സാധ്യത ഉണ്ട് .
ഒരു നവ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം genuine ആയ അഭിപ്രായങ്ങൾ , അത് പലപ്പോഴും അയാൾക്ക് വ്യക്തിപരമായി അറിയാവുന്ന,അയാളുടെ സൗഹൃദവലയത്തിനു പുറത്തുള്ള വ്യക്തികളിൽ നിന്നാവും സത്യസന്ധമായി ലഭിക്കുക.ഈ വസ്തുതയും പുതു എഴുത്തുകാർ ഓർക്കേണ്ടതാണ് എന്ന് കുറിച്ച് കൊണ്ട് നിര്ത്തുന്നു ...!
-nikhimenon

0 comments: