Pages

April 24, 2021

പുസ്തക പരിചയം - പെൻഗിൻ

 എൺപതുകളിലോ എഴുപതുകളിലോ ആദ്യമായി ആഴ്ചപതിപ്പിൽ പ്രസിദ്ധീകൃതമായ, ആ കാലഘട്ടത്തിൽ വലിയ സ്വീകാര്യത നേടിയ കുറ്റാന്വേഷണ നോവലാണ് ശ്രീ വേളൂർ പി കെ രാമചന്ദ്രൻ എഴുതി മാതൃഭൂമി ബുക്സ് പുനപ്രസിദ്ധീകരിച്ച 'പെൻഗ്വിൻ'.

'ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന ത്രില്ലെർ നോവലുകൾ ഒക്കെ ചവറാണ്, സിനിമാ മോഹമുള്ള ചെറുപ്പക്കാർ എഴുത്തുകാരായി രംഗപ്രവേശം ചെയ്തു സാഹിത്യത്തെ മലീമസമാക്കുന്നു' എന്നൊക്കെയുള്ള ആരോപണങ്ങൾ പതിവാണ്, റീഡേഴ്‌സ് ഗ്രൂപുകളിലും സാഹിത്യ ചർച്ചകളിലും.

മറ്റൊരു രസകരമായ ആരോപണം പോയകാലത്തെ ത്രില്ലറുകളുടെ വികലമായ അനുകരണമാണ് ഇപ്പോൾ ഇറങ്ങുന്ന പുസ്തകങ്ങൾ എന്നുള്ളതും, ഇപ്പോൾ വരുന്ന പുസ്തകങ്ങളെ കാൾ മികച്ചതായിരുന്നു chase ഉം, doyle ഉം, agatha christie യും എഴുതിയതൊക്കെയും  എന്നുള്ളതാണ്.

സ്വാഭാവികമായും വായനക്കാരുടെ പിന്തുണയും, പ്രസാധകന് ലാഭവും നേടിക്കൊടുക്കുന്ന പുസ്തകങ്ങളെ പറ്റി എല്ലാ കാലത്തും തല്പര കക്ഷികൾ ഇത്തരത്തിൽ ഭള്ളു പറയുകയും, അതിൽ ആത്മ രതി അനുഭവിക്കുകയും ചെയ്തിരുന്നു എന്നത് നിസ്തർക്കമാണ്.

പറഞ്ഞു വന്നത് penguin എന്ന പുസ്തകത്തെപ്പറ്റിയാണ്.

ഏതാണ്ട് അൻപതു വർഷങ്ങൾക്കിപ്പുറം ഈ പുസ്‌തകം ആദ്യമായി വായിക്കുമ്പോഴും എന്നെ അത്ഭുതപ്പെടുത്തിയത് പ്രമേയപരമായും, ഘടനാപരമായും കാലഹാരണപ്പെട്ടു പോയെങ്കിലും ആദ്യമായി പുറത്തിറങ്ങിയ സമയത്തു എത്ര മാത്രം വിജയം ഈ പുസ്തകം കൈവരിച്ചിട്ടുണ്ടാകും എന്നതാണ്. ഒരു പോപ്പുലർ ഫിക്ഷൻ സ്നേഹിയെ സംബന്ധിച്ചിടത്തോളം ആ കാലത്തു ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന എല്ലാ ചേരുവകളും ഈ പുസ്തകത്തിൽ ഉണ്ടെന്നു നിസ്സംശയം പറയാം. എടുത്തു പറയേണ്ടത് എല്ലാ കാലഘട്ടത്തിലും എഴുത്തുകാർ അന്ന് ലഭ്യമായതോ, അന്നത്തെ സാഹചര്യത്തിലെ ഭാവനാ സന്താനങ്ങളായതോ ആയ സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ചിരുന്നു അനുവാചകനെ ത്രില്ലടുപ്പിക്കാൻ എന്ന യാഥാർഥ്യം ഈ പുസ്തകം അടിവരയിടുന്നു എന്നതാണ്. റേഡിയോ ട്രാൻസ്‌മിറ്റർ ഉം, ഭൂഗർഭ അറകളിലെ കൊള്ളസങ്കേതവും, പ്ലാസ്റ്റിക് യന്ത്രമനുഷ്യനും, ലൗഡ് സ്പീക്കർ ഉം, അജ്ഞാതനായ കൊള്ളാത്തലവനും, പഞ്ച നക്ഷത്ര ഹോട്ടലിലെ ദുരൂഹമായ ഡീൽസ് ഉം എല്ലാമായി എഴുതുപത്തുകളിലെ പ്രേം നസിർ സിനിമകളെ ഓര്മിപ്പിക്കുന്ന ഈ പുസ്തകം ഒരു കാലഘട്ടത്തിന്റെ ഓര്മപ്പെടുത്താൽ കൂടിയാണ്. ഡീറ്റെക്റ്റീവ് ബാലചന്ദ്രനും, സീമയും, തിരോധനപ്പെടുന്ന വ്യക്തികളും, പെൻഗിനെ തേടിയുള്ള അന്വേഷണവുമെല്ലാം മാറിയ കാലഘട്ടത്തിലും ചെടുപ്പില്ലാത്ത വായനാനുഭവം സമ്മാനിക്കുന്നു.

ഒപ്പം പഴയകാല ജനപ്രിയ സാഹിത്യത്തിലേക്കുള്ള ഓർമ്മപ്പെടുത്തലുമാകുന്നു ഈ പുസ്തകം.


-nikhimenon

0 comments: