എഴുതപ്പെട്ട വാക്കുകൾക്കപ്പുറം ഒരു ആഖ്യാന തലത്തിൽ വായനക്കാരനോട് സംവദിക്കാൻ സാധിക്കുന്നവയാണ് നല്ല കഥകൾ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ലോക്ക് ഡൌൺ കാലത്തിനപ്പുറം എഴുത്തും വായനയും കൂടുതൽ ജനകീയമാവുകയും മുൻപില്ലാത്തവണ്ണം പുതിയ രചനകൾ മലയാളത്തിൽ ഉണ്ടാവുകയും ചെയ്തിട്ടുള്ളത് ഗുണകരമായ ഒരു മാറ്റം തന്നെയാണെന്ന് പറയുമ്പോൾ പോലും അത്ര നല്ലതല്ലാത്ത രചനകൾ പോലും സോഷ്യൽ മീഡിയയയിൽ വലിയ രീതിയിൽ കൊട്ടിഘോഷിക്കപ്പെടുന്നു എന്നുള്ളതും ഒരു വസ്തുത തന്നെയാണ്. അയഥാർത്ഥമായ ആഘോഷങ്ങൾക്കിടയിൽ പല നല്ല രചനകളും മുങ്ങിപ്പോവുന്നതും സങ്കടകരമായ വസ്തുതയാണ്.
സുനു എ. വി യുടെ ഇന്ത്യൻ പൂച്ച, ഭാഷപരമായും, ഘടനാപരമായും നല്ലതെന്നു പറയാവുന്ന, വായനാസുഖം നൽകുന്ന രചന തന്നെയാണ്. പത്തു കഥകളും, ഡോ പി. ലക്ഷ്‌മിയുടെ പുസ്തകത്തേക്കുറിച്ചുള്ള പഠനങ്ങളുമാണ് 100 ഇൽ താഴെ മാത്രം ധൈര്ഖ്യമുള്ള ഈ പുസ്തകത്തിലുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ പ്രമുഖ മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥകളാണ് ഈ പുസ്തകത്തിൽ.ഇരുണ്ട ഭൂതകാലമുള്ള ഇമ്രാനും, ജീവിതത്തിലെ വലിയ പാഠങ്ങൾ മനസിലാക്കിയിട്ടുള്ള അബൂബക്കേറും, ഹരിനാരായനും, കഥയിലെ അദൃശ്യ സാനിധ്യമായ ബിയാട്രീസ്സും, അതിർത്തികൾക്കിടയിലുള്ള ശത്രുതയ്ക്കപ്പുറമുള്ള അടിസ്ഥാനപരമായ ആവശ്യങ്ങളെ വിളിച്ചോതുന്ന ഇന്ത്യൻ പൂച്ചയുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രതീകങ്ങൾ തന്നെയാണെന്ന് കരുതുവാനാണ് എനിക്കിഷ്ട്ടം.
സുനു ഇനിയും നല്ല പുസ്തകങ്ങളുമായി നമുക്ക് ഇടയിലേയ്ക്ക് എത്തട്ടെ.
ധൈര്യമായി വാങ്ങാം ഈ പുസ്തകം.
-nikhimenon
0 comments:
Post a Comment