രണ്ടു തരത്തിലുള്ള വായന സാധ്യമായ പുസ്തകമാണ് അൻവർ അബ്ദുള്ളയുടെ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ' എന്ന പുസ്തകം എന്നാണ് എന്റെ അഭിപ്രായം.
ഏതാണ്ട് പത്തുവർഷങ്ങൾക്കു മുൻപ് ആദ്യമായി എഴുതപ്പെടുകയും 2019 ൽ ഡോൺ ബുക്ക്സ് പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ പുസ്തകം ജയൻ എന്ന ചെറുപ്പക്കാരന്റെയും അയാൾ കാണുന്ന 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ' എന്ന സിനിമയുടെയും കഥയാണ് .തന്റെ സ്വതസിദ്ധമായ ശൈലിയിൽ അൻവർ മാഷ് രചിച്ചിരിക്കുന്ന ഈ പുസ്തകം ക്രൈം പുസ്തകങ്ങൾക്കിടയിൽ തീർച്ചയായും വേറിട്ട ഒരു വായന തന്നെയാണ് .
പുതുതായി നിയമനം കിട്ടിയ കോർപ്പറേറ്റ് കമ്പനിയുടെ ചില സങ്കീർണ്ണമായ ഓഡിറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്ന അസിസ്റ്റന്റ് ഫിനാൻസ് മാനേജർ ജയൻ ,അയാളുടെ ജീവിതത്തിൽ നടക്കുന്ന അടുത്ത രണ്ടു ദിവസങ്ങളിലെ സംഭവങ്ങളാണ് ഈ പുസ്തകത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് . ഒഴിവു ദിവസത്തിന്റെ ആലസ്യം മാറ്റുവാനായി ഒരു പ്രത്യേക സാഹചര്യത്തിൽ പുതുതായി പുറത്തിറങ്ങിയ സിനിമ കാണുവാൻ ജയൻ തീരുമാനിക്കുന്നു . അയാൾ കാണുന്ന ആ സിനിമയുടെ കഥയും അയാളുടെ ജീവിതവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ നോവലിന്റെ പ്രധാന സസ്പെൻസ് എന്ന് ഒരർത്ഥത്തിൽ പറയാം .
എഴുതി ഫലിപ്പിക്കുവാൻ അത്ര എളുപ്പമുള്ള രീതിയിൽ അല്ല ഈ പുസ്തകത്തിന്റെ രചന . വായനക്കാരനിൽ ഉദ്വെഗം ജനിപ്പിക്കുവാൻ ഏറെക്കുറെ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് . എങ്കിലും ഒരു ലളിത ,അതിവേഗ വായന ഇഷ്ടപ്പെടുന്ന 'ക്രൈം ത്രില്ലെർ ' പ്രേമിക്കു ചിലപ്പോഴെങ്കിലും ' എന്തൂട്ടാ ഈ നടക്കണെ ?' എന്നൊരു തോന്നൽ വന്നു കൂടായ്കയില്ല . അത് കൊണ്ടാണ് ഈ പുസ്തകത്തിന് രണ്ടു തരത്തിലുള്ള വായന സാധ്യമാണെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചതു . മായ , coming soon (thai feature film ) എന്നീ സിനിമകൾ കണ്ടിട്ടുള്ളവർക്കു/രസിച്ചവർക്കു പക്ഷെ ഈ narrative technique നന്നായി തന്നെ ഇഷ്ടപ്പെടുവാൻ സാധ്യത ഉണ്ട് . പുസ്തകത്തിന്റെ ആദ്യ മുപ്പതു പേജുകളിൽ കടന്നു വരുന്ന രതി വർണ്ണന /പുരുഷ അവയവവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒക്കെ തീർത്തും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി . (രചയിതാവിന്റെ 'റിപ്പബ്ലിക്' എന്ന പുസ്തകത്തിലും ഇത് അലോസരപ്പെടുത്തിയിരുന്നു ).
അൻവർ മാഷിന്റെ ഭാഷയുടെ , അതിന്റെ ഭംഗിയുടെ വലിയ ആസ്വാദകൻ ആണ് ഞാൻ . ഈ പുസ്തകത്തിലും അദ്ദേഹത്തിന്റെ ചില 'പ്രയോഗങ്ങൾ ' എനിക്ക് നന്നായി ഇഷ്ടപ്പെട്ടു . അടിസ്ഥാനപരമായി കേട്ട് പഴകിയ കഥ ആണെങ്കിൽപ്പോലും അത് അദ്ദേഹം പറഞ്ഞിരിക്കുന്ന രീതിയാണ് ഈ പുസ്തകത്തെ വേറിട്ട് നിർത്തുന്നത് . ഏതാണ്ട് ഒരു ദശകം മുൻപ് എഴുതപ്പെട്ട ഒരു ക്രൈം നോവൽ ഇപ്പോഴും വായി ക്കപ്പെടുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയമായി ഞാൻ വിലയിരുത്തുന്നത് .
ഡോൺ ബുക്ക്സ്
2019
വില -170
-nikhimenon
0 comments:
Post a Comment