Pages

June 9, 2021

'കളക്ടർ ബ്രോ : ഇനി ഞാൻ തള്ളട്ടെ': പ്രശാന്ത് നായർ


 മുൻ കോഴിക്കോട് കളക്ടറും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ. പ്രശാന്ത് നായർ മലയാളത്തിലും ഇംഗ്ലീഷിലുമായി(പരിഭാഷ അല്ല ,രണ്ടു ഭാഷകളിലും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത് ) രചിച്ച ഏറ്റവും പുതിയ പുസ്തകമാണ് 'കളക്ടർ ബ്രോ : ഇനി ഞാൻ തള്ളട്ടെ'.

തന്റെ ഔദ്യോഗിക ജീവിതത്തിലെ രസകരമായ സംഭവങ്ങളും , വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തതുമായ ഏറ്റവും ശ്രദ്ധേയവുമായ  ചില പദ്ധതികളെപ്പറ്റിയുള്ള  അദ്ദേഹത്തിന്റെ ഓര്മക്കുറിപ്പുകളുമാണ്  ഈ പുസ്തകമെന്നു ഒറ്റവരിയിൽ പറയാമെങ്കിലും ഇതൊരു 'സർവീസ് സ്റ്റോറി ' ലെവൽ 'ബോറടിയിലേക്കു' മാറാതെയിരിക്കുവാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട് . സ്വയം വെള്ളപൂശുവാനോ , 'താൻ ഒരു നന്മ മരമാണ് ' എന്ന് സ്വയം പ്രസ്താവിക്കുവാനോ ഈ പുസ്തകത്തെ രചയിതാവ് ഉപയോഗിച്ചിട്ടില്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

കോഴിക്കോട് കളക്ടർ ആയിരുന്ന കാലഘട്ടത്തിലെ തന്റെ അനുഭവങ്ങളാണ് 'കളക്ടർ ബ്രോ ' യുടെ പ്രധാന ഉള്ളടക്കം . 'കംപാഷനേറ്റ് കോഴിക്കോട്' എന്ന തന്റെ ആശയത്തിന്റെ വിവിധ തലങ്ങളെപ്പറ്റിയാണ് ഈ പുസ്തകത്തിലൂടെ പ്രധാനമായും അദ്ദേഹം പങ്കുവെക്കുവാൻ ശ്രമിക്കുന്നത് .ബ്യൂറോക്രറ്റുകളും പൊതുപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോഗിക്കുക എന്നുള്ളത് കേട്ട് കേൾവി മാത്രമായിരുന്ന കാലഘട്ടത്തിൽ ഫേസ്ബുക്കിന്റേയും സോഷ്യൽ മീഡിയയുടെയും ഫലപ്രദമായ ഉപയോഗം ജനനന്മയ്ക്കായി ഉപയോഗിക്കുകയും , അതിലൂടെ ആദ്യകാലത്തു ഒരുപാട് പഴികേൾക്കേണ്ടി വരുകയും പിന്നീട്  ബോധപൂർവം അല്ലെങ്കിൽ പോലും ഒരു 'ബ്രാൻഡ് ' ആയി മാറുകയും ചെയ്തതിനെപ്പറ്റിയും  സരസമായി അദ്ദേഹം വിവരിക്കുന്നുണ്ട്. ലാഭേച്ഛയോ പ്രശസ്തിയോ ആഗ്രഹിക്കാതെ സഹജീവികളുടെ നന്മയ്ക്കായി ഈ ആശയങ്ങൾക്ക് തുണയായി പ്രവർത്തിച്ച 'കോഴിക്കോട്ടുകാരെ' ക്കുറിച്ചു അദ്ദേഹം വാചാലനാവുന്നുണ്ട്. അതെ സമയം ,'fake it if you can 't make it " എന്ന 'അതി ബുദ്ധിയെയും ' എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും വരച്ചുകാട്ടുന്നുണ്ട് . 'ഓപ്പറേഷൻ സുലൈമാനി ','സവാരി-ഗിരിഗിരി', 'കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഗുണപരമായ മാറ്റങ്ങൾ', 'മിഠായി തെരുവിന്റെ മേക് -ഓവർ ' , 'പ്ലാന്റേഷൻ ബംഗ്ലാവ്' വിലെ പദ്ധതി വഴി  തൊഴിലാളികളുടെ ഉച്ച ഭക്ഷണ പരിപാടി' എന്നിങ്ങനെ സാമ്പ്രദായിക നടപടി ക്രമങ്ങളുടെ കാലതാമസങ്ങളിൽപ്പെട്ടു നടപ്പിലാക്കാതെ പോവാമായിരുന്ന ആശയങ്ങളെ പൊതുജനങ്ങളുടെ പങ്കാളില്ലാത്തതോടെ ഫലപ്രദമായി നടപ്പാക്കിയതിനെപ്പറ്റി പുസ്തകം വെളിച്ചം വീശുന്നു.     

എടുത്തു പറയേണ്ടത് ഈ പുസ്തകത്തിന്റെ രൂപകൽപ്പനയും(ഡിസൈനർ -രഞ്ജിത്ത് രാമദാസൻ ) ,ഏതാണ്ട്  എല്ലാ പുറങ്ങളിലുമുള്ള മനോഹരമായ ഇല്ലുസ്ട്രേഷൻസുമാണ് (നിത്യാ ദീപക് ). കുട്ടികളടക്കമുള്ള വായനക്കാരെപ്പോലും ആകർഷിക്കുന്ന രീതിയിലാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത് . പുസ്തകവായന ശീലമില്ലാത്തവരെപ്പോലും വാങ്ങാൻ പ്രേരിപ്പിക്കുന്നതരത്തിലുള്ള  കവർ ഡിസൈനും എടുത്തു പറയേണ്ടത് തന്നെയാണ്.

ലളിതമായ രീതിയിൽ നർമ്മത്തിൽ ചാലിച്ച എഴുത്തു തന്നെയാണ് ഈ പുസ്തകത്തിന്റെ കരുത്തു . ബ്യൂറോക്രസി യുടെ സൂക്ഷ്മതകളിലേയ്ക്കോ നടപടിക്രമങ്ങളുടെ സങ്കീര്ണതകളിലേയ്ക്കോ എഴുത്തുകാരൻ കടന്നിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ് .പുസ്തകത്തിൽ തന്നെ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ മനുഷ്യരിലെ ആർദ്രത യാണ് കൂടുതലായും എഴുത്തിലെ ഫോക്കസ്. എല്ലാത്തരത്തിലുള്ള വായനക്കാരിലേയ്ക്കും തന്റെ ആശയങ്ങൾ ലളിതമായി എത്തിക്കുവാൻ നല്ലൊരു പരിധിവരെ എഴുത്തുകാരന് സാധിക്കുന്നുണ്ട് . ഓരോ അധ്യായങ്ങൾക്കും നൽകിയിട്ടുള്ള തലക്കെട്ടുകളും , ചിത്രങ്ങളും വളരെ യോജിച്ചവ തന്നെയാണ് . വര്ഷങ്ങള്ക്കു മുൻപുള്ള വകുപ്പ് സെക്രെട്ടറിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തെപ്പറ്റി (പോസിറ്റീവ് ആയ ) വിവരിച്ചപ്പോൾ, സമീപകാലത്തു സെർവിസിൽ നിന്ന് വിരമിച്ച  മുൻ അഡിഷണൽ ചീഫ് സെക്രട്ടറി സാറിന്റെ പേര് പരാമർശിക്കുന്ന ചിത്രം അകമ്പടിയായി കൊടുത്ത് കൗതുകമായി . വായനയുടെ രസം വർധിപ്പിക്കുവാൻ സമീപകാലത്തു പ്രസിദ്ധമായ പല സിനിമാ പഞ്ച് ഡയലോഗുകളും ഉൾപ്പെടുത്തിയതും ഹൃദ്യമായി . എഴുത്തുകാരനിലെ സിനിമാ പ്രേമിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഇവയൊക്കെയും . ഒരു ചെറിയ പോരായ്മയായി തോന്നിയത് ചിലപ്പോഴെങ്കിലും കടന്നുവരുന്ന  ആവർത്തന വിരസതയാണ്. അസ്ഥാനത്തുള്ള ചില പ്രയോഗങ്ങളും അങ്ങിങ്ങായി ഉണ്ട് .അതുപോലെ ,ജില്ലയിലെ നൂതനമായ  പദ്ധതികളെക്കുറിച്ചു പരിചയപ്പെടുത്തിയപ്പോൾ മറ്റു വകുപ്പുകളുടെ പങ്കിനെപ്പറ്റി കാര്യമായി പ്രതിപാദിക്കുവാൻ തുനിഞ്ഞിട്ടില്ല എന്നുള്ളതും ചെറിയ പരിഭവം ഉണ്ടാക്കി .

സ്വയം വിഗ്രഹവൽക്കരിക്കപ്പെടുവാനോ , വീരസ്യം പറയുവാനോ ഉള്ള മാർഗ്ഗമായി ഉപയോഗിക്കാതെ , 'ഒരു ജില്ലാ കളക്ടർക്കു തന്റെ അധികാര സാധ്യതകളെ ഉപയോഗപ്പെടുത്തി എന്തൊക്കെ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാകും എന്നു വായനക്കാരെ ബോധ്യപ്പെടുത്തുവാനും  , തന്റെ പ്രവർത്തനങ്ങളെ  കൃത്യമായി 'document' ചെയ്യുവാനുമാണു് 'കളക്ടർ ബ്രോ ' യിലൂടെ ശ്രീ പ്രശാന്ത് നായർ ശ്രമിച്ചിരിക്കുന്നത് . അത് തന്നെയാണ് പുസ്തകത്തിന്റെ വിജയവും .

ഡി.സി.ബുക്ക്സ് , കോട്ടയം 

വില -225 

-nikhimenon  

0 comments: