നാം പുസ്തകങ്ങൾ വായിക്കുവാൻ തിരഞ്ഞെടുക്കുന്നത് പല കാരണങ്ങൾ കൊണ്ടാകും. പലപ്പോഴും പുസ്തകത്തിന്റെ പ്രമേയമോ കഥാ പരിസരങ്ങളോ എന്തിന് പുസ്തകത്തിന്റെ രൂപകൽപ്പനയോ കവറോ വരെ നമ്മെ ആകർഷിച്ചേക്കാം .ചുരുക്കം ചില സന്ദർഭങ്ങളിൽ കൗതുകം കൊണ്ടുമാവാം നാം പുസ്തകം വായിക്കുവാനെടുക്കുന്നത് . സിനിമാ സീരിയൽ രംഗത്തു ശ്രദ്ധേയയായ ശ്രീമതി ഗായത്രി അരുൺ എഴുതിയ ഓർമകളുടെ പുസ്തകമാണ് അച്ഛപ്പം കഥകൾ. ഒരു ചലച്ചിത്ര താരത്തിന്റെ ആദ്യ എഴുത്തു സംരംഭം എന്നതിലെ കൗതുകം തന്നെയായിരുന്നു ഈ പുസ്തകം വായിക്കുവാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകവും .
ലളിതമായ ഭാഷയിൽ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന പത്തു കഥകളാണ് പുസ്തകത്തിലുള്ളത് . ഒരു ഇടത്തരം കുടുംബത്തിൽ സാധാരണ സംഭവിക്കാറുള്ള ചെറിയ ചെറിയ അനുഭവങ്ങൾ കോർത്തിണക്കിയ ഈ പുസ്തകം ആസ്വാദ്യകരമായി വായിച്ചു തീർക്കാവുന്ന ഒന്നാണ്. അച്ഛനോടുള്ള സ്നേഹം വളരെ വ്യക്തമായിത്തന്നെ എഴുത്തുകാരിയുടെ വരികളിൽ നിന്നും വായിച്ചെടുക്കുവാൻ സാധിക്കുന്ന പുസ്തകത്തിൽ പ്രസക്തമായ (gender bias )ചില വിഷയങ്ങളിലേക്കും ഇടയ്ക്കു എത്തിനോക്കുന്നുണ്ട് (പാർഷ്യലിറ്റി). രസകരമായ ഒരു കഥാപാത്രമായി അച്ഛപ്പം എന്ന അച്ഛനെ അവതരിപ്പിക്കുവാൻ ശ്രീമതി ഗായത്രിക്കു സാധിച്ചിട്ടുണ്ട് . ഒരു ഇടത്തരം കുടുംബത്തിലെ കുട്ടിക്ക് ബാല്യകാലത്തിൽ നേരിടേണ്ടി വരുന്ന പല അനുഭവങ്ങളും ഹൃദ്യമായിത്തന്നെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട് . അത് കൊണ്ട് തന്നെയാണ് കാർ വാങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അച്ഛപ്പത്തെ ബോധ്യപ്പെടുത്തുവാൻ മകൾ നടത്തുന്ന ശ്രമങ്ങളെയും ബൈക്കിൽ ഒരു കുടുംബം മുഴുവൻ യാത്ര ചെയ്യുന്നതിന്റെ നാണക്കേടുമെല്ലാം ഗായത്രി വിവരിക്കുമ്പോൾ വായനക്കാരന് വളരെ എളുപ്പത്തിൽ അത് relate ചെയ്യുവാൻ സാധിക്കുന്നതും.
എന്നാൽ ഒരു മുകേഷ് കഥകൾ പോലെയോ , ക്യാൻസർ വാര്ഡിലെ ചിരി പോലെയോ വായനക്കാരന് അനുഭവവേദ്യമാകുന്ന ഒരു വായനാനുഭവം സമ്മാനിക്കുവാൻ പുസ്തകത്തിനാവുന്നുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ് എന്ന് തന്നെ പറയേണ്ടി വരും . എഴുത്തുകാരി ഒരു പരിചിതമുഖം ആയിരുന്നില്ലെങ്കിൽ ഈ പുസ്തകത്തിന് എത്ര മാത്രം സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന് ചോദിച്ചാലും അതിനുത്തരം അത്ര എളുപ്പമുള്ളതാവില്ലാ എന്നാണ് എനിക്ക് തോന്നിയത് .
അടുത്ത കാലത്തു ചെറുതും വലുതുമായ പ്രസാധകരിൽ നിന്നും പുറത്തു വന്ന മലയാള പുസ്തകങ്ങളിൽ വച്ച് ഏറ്റവും മനോഹരമായി ഡിസൈൻ ചെയ്യപ്പെട്ട പുസ്തകം എന്ന് തന്നെ പറയാം, ഈ പുസ്തകത്തെപ്പറ്റി . രൂപകൽപ്പന ചെയ്ത നിയതം ബുക്സിന് തീർച്ചയായും അഭിമാനിക്കാം . ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളും , വരകളും , കവറും എല്ലാം ഒന്നിനൊന്നു മെച്ചം .പലപ്പോഴും ഉള്ളടത്തിലെ സാധാരണതയെ വളരെ എളുപ്പത്തിൽ മറികടക്കുവാൻ അച്ഛപ്പം കഥകൾക്ക് കഴിയുന്നതും ഈ മേന്മ കൊണ്ട് തന്നെയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ആകെത്തുകയിൽ എളുപ്പ വായനയ്ക്കുതകുന്ന രസകരമായ പുസ്തകമാണ് അച്ഛപ്പം കഥകൾ എന്നാണു എനിക്ക് അനുഭവപ്പെട്ടത് .
-nikhimenon
0 comments:
Post a Comment