അതിപ്പോ ബിന്ദ്രേട്ടന്റെ 'കപ്പിത്താന്റെ ഭാര്യ ' വായിച്ചിട്ടു എന്നതാ അഭിപ്രായം എന്ന് ചോദിച്ചാ കാഞ്ഞൂർ സുറിയാനി പള്ളീലെ ആണ്ടു പെരുന്നാളിന് പോയേച്ചു അവിടുത്തെ ആളും പെരുപ്പോം കണ്ടു വായും പൊളിച്ചു വണ്ടറടിച്ചു നിന്ന ശോശാമ്മ ചേടത്തീടെ കൊച്ചു മോൻ വറീതിന്റെ അവസ്ഥയെപ്പറ്റി അരപ്പേജിൽ കൊറയാത്ത ഉപന്യാസം കീച്ചാൻ പറേണത് പോലാവും . ബീനാ കണ്ണന്റെ തുണിക്കടേന്നു ഓണക്കിഴിവിന് പാതിവിലക്കു മേടിച്ച നല്ല പളപളാ തെളങ്ങണ പട്ടു സാരീംചുറ്റി അതിമ്മേല് കവലെലെ അവറാച്ചന്റെ പെട്ടിക്കടെന്നു കടം പറഞ്ഞെടുത്ത രണ്ടു ഡസൻ സേഫ്റ്റി പിന്നും തിരിച്ചു കുത്തി സിനിമാ നടിമാര്‍ കണ്ടാ കുശുമ്പ് കേറണ സൈസ് ഫേസ് പുട്ടീം തേച്ചേച്ചു, പെരുന്നാള്‍ പറമ്പീല് കാത്തു കെട്ടി നിക്കണ ചെറുക്കന്മാരുടെ ഉറക്കം കെടത്തണ ശോശാമ്മയേയോ രമണിയേയോ ഒന്നും ഈ കഥേല് ചിലപ്പോ കണ്ടില്ലെന്ന് വരും .
ഇന്ദുച്ചേട്ടന്റെ കൊട്ട മധുവിനും പണ്ടം പലിശക്ക് കൊടുക്കുന്ന കൊല്ലംകാരൻ അജീഷിനും ബിന്ദ്രേട്ടന്റെ തോമസുകുട്ടിയെയും , റോസിലി ആന്റിയെയുമൊക്കെ എങ്ങനാ പരിചയം എന്ന് ആരേലും ചോദിച്ചാലും അതിപ്പോ ആലുവാ ശിവരാത്രി മണപ്പുറത്തോ മലയാറ്റൂർ അടിവാരത്തിലെ ക്രിസ്തുമസ് തടാകത്തില്‍ വെച്ചോ എപ്പോഴെങ്ങാനും വെച്ചൊരു കണ്ടു പരിചയം അവര്‍ തമ്മി കാണുമെന്നെ കൂടിപ്പോയാ നമുക്ക് പറയാൻ പറ്റൂ . പക്ഷേങ്കി സന്ദേശത്തില്‍ ശങ്കരാടിച്ചേട്ടൻ പറേണ പോലെ അവരൊക്കെ തമ്മിലുള്ള അന്തർധാര സജീവമാണെന്നാണ് ശെരിക്കുമുള്ളൊരു ഇത്.
പത്തു പതിനൊന്നു പെരുന്നാളുകൾക്കും മുന്നേ കടലിൽ കാണാതെ പോയ കപ്പിത്താനും അയാളെ കാത്തിരിക്കുന്ന റോസിലി ആന്റിയും , മഞ്ഞപ്പള്ളി ബേബിച്ചായനെ പ്രീതിപ്പെടുത്തി വലിയ കാശുകാരനായേച്ചും വന്നു അങ്ങേർക്കടെ പെങ്ങള് കൊച്ചു ആനിയെ സ്വന്തമാക്കാൻ നെട്ടോട്ടമോടുന്ന തോമസ്സുകുട്ടിയും , നാട്ടിലെ ഏറ്റവും വലിയ തല്ലിപ്പൊളിയും ഊഡായിപ്പുമായ സോണിയും , ഇച്ചിരി വൈകിയാണേലും സകലമാന പടങ്ങളും നാട്ടുകാരെ കാണിച്ചെച്ചേ ഒക്കത്തുള്ളൂ എന്നും പറഞ്ഞോണ്ട് കവലേൽ എവിടെയോ തലപൊക്കി നിക്കണ ലീല മഹലും, നരസിംഹത്തിലെ മമ്മൂട്ടിയെപ്പോലെ വെടിക്കെട്ട് ഗസ്റ്റ് അപ്പീറൻസ് നടത്തണ ഞാറക്കാട്ടച്ഛനുമെല്ലാം ഓടിക്കേറി വരണത് മാതൃഭൂമി കട്ടിക്കടലാസ്സിൽ അച്ചടിച്ച പുസ്തകത്തിന്റെ കടലാസ്സിലേക്ക് മാത്രമല്ല , ഇതിനുമാത്രമിപ്പം ഇതിനകത്തിത്തെന്നതാവൊല്ലേ എന്ന് അറിയാനായിട്ടെങ്കിലും ഇത് കയ്യിലെടുക്കുന്ന നമ്മുടെയൊക്കെ മനസ്സിലും കൂടിയാണ്.
എന്നതൊക്കെ ആണേലും 'കപ്പിത്താന്റെ ഭാര്യയിൽ ' എന്നതാ ഏറ്റോം ഇഷ്ടപ്പെട്ടെന്നു എന്നോട് ചോദിച്ചാ , അത് 'സമ്മർ ഇൻ ബത്ലഹേമിൽ' പടം തീരാറാകുമ്പോ അഞ്ചു മിനിട്ടാണേലും വന്നു കരയിച്ചേച്ചും പോയ മോഹൻലാലിനെ പ്പോലെ ഈ പുസ്തകത്തിൽ ഇടക്കൊന്നു മിന്നായം പോലെ കേറിയേച്ചും പോയ മറിയം റഷീദയുടെ ഗസ്റ്റ് അപ്പീറൻസ് ആണെന്ന് !
-നിഖിലേഷ് മേനോൻ
0 comments:
Post a Comment