Pages

October 5, 2021

ദി അൾട്ടിമേറ്റ് ജസ്റ്റിസ് :അജിത് ഗംഗദരൻ

 അജിത് ഗംഗാധരൻ എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകമാണ് 'ദി അൾട്ടിമേറ്റ് ജസ്റ്റിസ്'.  മലയാളത്തിൽ ഇടക്കാലത്തു ത്രില്ലർ പുസ്തകങ്ങൾക്ക് ലഭിച്ച വലിയ സ്വീകാര്യതയെ, ഒരേ അച്ചിൽ വാർത്തെടുത്ത നിരവധി പുസ്തകങ്ങളുടെ ബാഹുല്യം ചെറുതായി തളർത്തിതുടങ്ങിയ  കാലയളവിലാണ് ഈ നോവൽ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ് .

അന്താരാഷ്ട്ര ബിസിനസ്സും , ചാരിറ്റിയും ,ബാങ്കിങ്ങുമെല്ലാം പശ്ചാത്തലമായുള്ള ത്രില്ലെർ പുസ്തകങ്ങൾ മലയാളത്തിൽ അടുത്ത കാലത്തൊന്നും വന്നിട്ടുള്ളതായി എന്റെ ഓർമയിൽ ഇല്ല . ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാരിൽ രവി സുബ്രഹ്‌മണ്യൻ പോലുള്ളവർ അത്തരത്തിലുള്ള നോവലുകൾ രചിച്ചിട്ടുണ്ടെങ്കിലും മലയാള ജനപ്രിയ സാഹിത്യത്തിൽ authentic ആയുള്ള , believable ആയുള്ള പുസ്തകങ്ങൾ ഇല്ല എന്നൊരു കുറവ് നികത്തുവാൻ അജിത്തിന്റെ ആദ്യ പുസ്തകത്തിന് സാധിക്കുന്നുണ്ട് .

ഗരുഡ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാൻ  ആയ ശ്രീ മാധവന്റെ തിരോധാനമാണ് കഥയുടെ തുടക്കം .ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോളേജിലേക്ക് അധ്യാപകനായി എത്തുകയാണ് പശുപതി വിശ്വനാഥൻ . ലോക പരിചയവും വിശാലമായ വീക്ഷണവുമുള്ള പശുപതി , കോളേജിലെ മറ്റൊരു അധ്യാപകനായ എബിയുമായി സൗഹൃദത്തിലാവുന്നു . ഒരു സാധാരണ ക്യാമ്പസ് -സ്റ്റോറി ആയി പുരോഗമിക്കും എന്ന് വായനക്കാരൻ കരുതുന്നയിടത്തു നിന്നും നോവൽ പുതു വഴികളിലേക്ക് സഞ്ചരിക്കുകയാണ് പിന്നീടങ്ങോട്ട് . യഥാർത്ഥത്തിൽ പശുപതി ആരാണ് ? മാധവന് എന്താണ് സംഭവിച്ചത് ? അയാളുടെ മകളായ അപർണ്ണാ മാധവന് അയാളുടെ തിരോധാനത്തിലുള്ള പങ്കെന്താണ് ? ഫിസിക്സ് അധ്യാപകനായ എബി ഒളിക്കുവാൻ ശ്രമിക്കുന്നത് എന്തൊക്കെയാണ് ? 'ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന വീഡിയോ ഗെയിം' ഉന്നം വെക്കുന്നത് എന്താണ് ? നിരവധി ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്ന കഥാവഴിയിൽ ഒട്ടനവധി വഴിത്തിരിവുകൾ നോവലിസ്റ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് .'  പുസ്തകം ഒരു സീരിസിന്റെ ഭാഗമാണെന്ന സൂചനയും വായനക്കാരന് ലഭിക്കുന്നുണ്ട് .

 

പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത, മുൻപ് ഞാൻ സൂചിപ്പിച്ചതു പോലെ , മലയാളത്തെ സംബന്ധിച്ചിടത്തോളം പുതുമയുള്ള ഒരു കഥാപശ്ചാത്തലം അവകാശപ്പെടാനാവുന്നുണ്ട്  എന്നുള്ളത് തന്നെയാണ് . വിശാലമായ ക്യാൻവാസിൽ പറയുന്ന കഥ ആവശ്യപ്പെടുന്ന ഭാഗങ്ങളിൽ അമിതമായ ' മലയാളീവൽക്കരണത്തിനൊന്നും' നിൽക്കാതെ ഇംഗ്ലീഷ് ഭാഷ തന്നെ നോവലിസ്റ്റ് ഉപയോഗിച്ചിട്ടുള്ളതും നന്നായി തോന്നി . വേഗത്തിലുള്ള ആഖ്യാനവും ,അപ്രതീക്ഷിതമായ വഴിത്തിരിവുകളും , ജീവിതത്തെപ്പറ്റിയുള്ള / മനുഷ്യരെപ്പറ്റിയുള്ള രസകരമായ നിരീക്ഷണങ്ങളും പുസ്തകത്തിലുടനീളം കാണാം('വാഷ് -റൂം' നെ പറ്റിയുള്ള നിരീക്ഷണം ഉദാഹരണം ).ലളിതമായ ഭാഷയാണ് നോവലിലുള്ളത് എന്നതും ഒരു മേന്മയാണ് . വിജിലാന്റെ ത്രില്ലറിന്റെ സ്വഭാവം  കൈവരിക്കുവാൻ 'വീഡിയോ ഗേമിന്റെ'  സങ്കേതം സ്വീകരിച്ചതൊക്കെ നന്നായി തന്നെ അനുഭവപ്പെടുന്നുണ്ട് വായനക്കാരന് .ബോർ അടിപ്പിക്കാത്ത രീതിയിൽ  മുന്നോട്ടു പോകുന്ന കഥ  ഇനിയും ഒരുപാട് കാര്യങ്ങൾ പറയുവാൻ പറയാൻ അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത് . ന്യൂക്ലിയസ് പുതിയ കാലത്തെ ഉപജാപങ്ങളുമായ് വീണ്ടും വരുമെന്നും നോവലിസ്റ്റ് കഥാന്ത്യത്തിൽ പറഞ്ഞു വെക്കുന്നുണ്ട് . ഈ പുസ്തകം വലിയ ബഡ്ജറ്റിലുള്ള ഒരു ചലച്ചിത്രമായി വന്നാൽ വളരെ നന്നാവും എന്നാണു എന്റെ അഭിപ്രായം .കഥയോട് ചേർന്ന് നിൽക്കുന്ന മുഖച്ചിത്രം തന്നെയാണ് പുസ്തകത്തിന്.


പോരായ്മകളായി തോന്നിയതു ചിലയിടങ്ങളിലുള്ള ഡീറ്റൈലിങ് ന്റെ അഭാവമാണ് . ട്വിസ്റ്റുകളുടെ 'പ്ലേസ്മെന്റ് ' ചിലയിടങ്ങളിൽ പ്രശ്നമായി തോന്നി . ഒരല്പം കൂടെ  പഞ്ച് ഉണ്ടാക്കുന്നതിനു കഥയിലെ അവയുടെ 'പ്ലേസ്മെന്റ്' മെച്ചപ്പെടുത്തണമായിരുന്നു എന്നാണു വ്യക്തിപരമായുള്ള അഭിപ്രായം . ചില കാര്യങ്ങൾ വളരെ വേഗം പറഞ്ഞവസാനിപ്പിച്ചപ്പോൾ വ്യക്തതകുറവ് അനുഭവപ്പെട്ടു. കഥാപാത്രങ്ങളുടെ സ്വഭാവവും ചില സ്ഥലങ്ങളിൽ 'ഇൻകോൺസിസെന്റ്; ആയി തോന്നിയെങ്കിലും  അത് അത്തരത്തിൽ തന്നെയാണ് നോവലിസ്റ്റ് ഉദ്ദേശിച്ചിരിക്കുന്നത് എന്നാണു മനസ്സിലാകുന്നത്. സംഭാഷണങ്ങൾ ചിലയിടങ്ങളിൽ ബാലിശമായി തോന്നിയപ്പോൾ മറ്റു ചിലയിടങ്ങളിൽ വളരെ നന്നായി അനുഭവപ്പെട്ടു . 'ഫിംഗർ ചിപ്സ് -കോർപ്പറേറ്റ് -രംഗങ്ങളും കൊലപാതകവും  ചില പഴയ  സിനിമകളെ ഓർമിപ്പിച്ചു . 'നിന്ജ' എലെമെന്റും ഒന്ന് കൂടി വികസിപ്പിക്കാമായിരുന്നു എന്ന് തോന്നി.

ചുരുക്കത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ശ്രമം തന്നെയാണ് ദി അൾട്ടിമേറ്റ് ജസ്റ്റിസ് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . വേഗ വായനയ്ക്കുതകുന്ന, സ്ഥിരം പാറ്റേൺ പിന്തുടരാത്ത വ്യത്യസ്തമായ ത്രില്ലറാണ്  ഈ പുസ്തകം .

-nikhimenon

0 comments: