മലയാള നോവലുകളെ സംബന്ധിച്ചിടത്തോളം പോപ്പുലർ ഫിക്ഷൻ അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല എന്ന് തോനുന്നു .ക്രൈം /കുറ്റാന്വേഷണ /മാന്ത്രിക/ ലളിത വായന വിഭാഗത്തിലുള്ള ഒരുപാട് പുസ്തകങ്ങൾ ആഴ്ചകൾ തോറും മുഖ്യധാരാ പ്രസാധകർ വഴിയും /സമാന്തര പ്രസാധകർ വഴിയും /സെല്ഫ് പബ്ലിഷ്ഡ് ആയും ഓരോ ആഴ്ചയിലും മലയാളത്തിൽ പുറത്തിറങ്ങുന്നു . അവയിൽ ആസ്വാദ്യകരമായ പുസ്തകങ്ങൾ (ആപേക്ഷികമാണ് അഭിരുചികൾ എങ്കിൽ കൂടിയും , ഭൂരിപക്ഷത്തിനും തൃപ്തിയേകുന്ന രചനകൾ ) അർഹിക്കുന്ന വാണിജ്യ വിജയം നേടുകയും കൂടുതൽ പതിപ്പുകൾ പുറത്തിറങ്ങുകയും ചെയ്യുന്നുണ്ട്.
മർഡോമെട്രി സൈകതം ബുക്ക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവലാണ് . മലയാള മനോരമയിൽ പത്രപ്രവർത്തകനായ സിബി ജോൺ തൂവൽ ആണ് പുസ്തകത്തിന്റെ രചയിതാവ് .പുസ്തകത്തിന്റെ ആരംഭത്തിൽ നൽകിയിരിക്കുന്ന എഴുത്തുകാരനെക്കുറിച്ചുള്ള കുറിപ്പിൽ നിന്നും മനസ്സിലാക്കുന്നത് ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ രചന ആണെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുത്തുകാരന്റേതായി ഞാൻ വായിക്കുന്ന ആദ്യ പുസ്തകമാണ് മർഡോമെട്രി. പീരുമേട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയ സാവിയോ തിലക് റോബർട്ട് നെ തേടിയെത്തുന്ന ഒരു ഗണിത സമസ്യയിലാണ് കഥ ആരംഭിക്കുന്നത് . ദുരൂഹമായ ഈ കുരുക്ക് അഴിക്കുവാൻ മുന്നിട്ടിറങ്ങുന്ന സാവിയോ നേരിടേണ്ടി വരുന്നത് ഒന്നിലധികം വെല്ലുവിളികളാണ് . പ്രൊഫസർ സെൻ , ഗോവിന്ദൻ , മലേന , സ്റ്റോൺ ഹൗസ് , അവിടെ താമസത്തിനു എത്തുന്ന നാൽവർ സംഘം എന്നിവരിലൂടെ വികസിക്കുന്ന കഥയിൽ കൃത്യമായ ഇടവേളകളിൽ വഴിത്തിരുവുകളും ഉണ്ടാകുന്നുണ്ട് .കുറ്റാന്വേഷകന്റെ പശ്ചാത്തലവും , സാഹചര്യവും തുടക്കത്തിൽ തന്നെ ഒരുപാട് പരത്തിപറയുവാൻ ശ്രമിക്കാതെ നേരിട്ട് കഥയിലേക്ക് കടക്കുകയും , കഥ പുരോഗമിക്കുമ്പോൾ കൂടുതൽ വിവരണങ്ങൾ വായനക്കാരന് നൽകുകയുമാണ് എഴുത്തുകാരൻ പിന്തുടർന്നിരുന്ന രീതി . കഥാവഴിയിൽ വരുന്ന കുറ്റകൃത്യങ്ങൾക്കൊക്കെയും സംശയിക്കുവാൻ സാധ്യത തോന്നുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുവാനും അവരെ ഫലപ്രദമായി പ്ലേസ് ചെയ്യുവാനും സിബി ജോണിന് സാധിച്ചിട്ടുണ്ട് . ഗണിത ശാസ്ത്രവും , പൈതഗോറസ് തിയറിയും , ഗണിത സമസ്യയുമെല്ലാം ആസ്വാദ്യകരമായ രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് .ലളിതമായ, കുറ്റാന്വേഷണ നോവലിന് അനുയോജ്യമായ ഭാഷയാണ് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് .
താല്പര്യം ചോരാതെ വായിക്കാവുന്ന പോലീസ് പ്രോസെഡ്യൂറൽ- കുറ്റാന്വേഷണ നോവൽ തന്നെയാണ് മര്ഡോമെട്രി. പീരുമേടിന്റെ മനോഹാരിതയും , തണുപ്പുമെല്ലാം വാക്കുകളിലൂടെ കൃത്യമായി വരച്ചിടുവാൻ പുസ്തകത്തിന് സാധിക്കുന്നുണ്ട് .എടുത്തു പറയേണ്ടത് പുസ്തകത്തിന്റെ കവർ ഡിസൈനും ബ്ലുര്ബുമാണ് .പുസ്തകത്തിന്റെ തീമുമായി വളരെ ചേർന്ന് നിൽക്കുന്ന പുറം കവറും , സ്പോയ്ലറുകളില്ലാത്ത ബ്ലുർബും, അത്യാവശ്യം നല്ല പ്രിന്റ് ക്വാളിറ്റിയിലും , അച്ചടി പിശകുകളുമില്ലാതെയും പുസ്തകം ഒരുക്കിയ സൈകതം ബുക്ക്സ് പ്രശംസ അർഹിക്കുന്നു .
പോരായ്മകളായി പറയാവുന്നത്(അഥവാ എനിക്ക് തോന്നിയത് ) ,വളരെ കൺവെൻഷനൽ രീതിയിലാണ് എഴുത്തു എന്നുള്ളതാണ് . അത് പോലെ മറ്റൊന്ന് ക്‌ളീഷേകളെ കൈപ്പാടകലെ നിർത്തുവാൻ എഴുത്തുകാരൻ കാര്യമായി ശ്രദ്ധിച്ചിട്ടില്ല എന്നും തോന്നി . .പ്രൊഫസറുടെ മകളായ മലേന എന്ന കഥാപാത്രവുമായുള്ള സാവിയോയുടെ ബന്ധവും, സബ് ഇൻസ്പെക്ടറായ നായകൻറെ ബുദ്ധികൂർമ്മതയെ പരിപോഷിപ്പിക്കുന്ന രംഗങ്ങളും , ക്ലോസ്ഡ് സ്പേസ് അഗത ക്രിസ്റ്റി മോഡൽ -ക്ലൈമാക്സ് വെളിപ്പെടുത്തലുമെല്ലാം പഴയ കെ .മധു -എസ് -എൻ സ്വാമി സിനിമകളെ / തിരക്കഥകളെ ചിലപ്പോഴെങ്കിലും അനുസ്മരിപ്പിക്കുന്നുണ്ട് (അത് മോശമാണെന്നല്ല , ആഖ്യാനത്തിലും, സംഭാഷണങ്ങളിലും ,ഭാഷയിലും ഒരല്പം പുതുമ കൊണ്ടുവന്നിരുന്നെകിൽ ഒരല്പം കൂടി നല്ലതായിരുന്നേനെ എന്ന് അഭിപ്രായപ്പെട്ടു എന്ന് മാത്രം) . സുധീർ എന്ന കഥാപാത്രത്തിന്റെ സബ് -പ്ലോട്ട് അത്ര convincing ആയി അനുഭവപ്പെട്ടില്ല .വഴിത്തിരിവുകളിൽ ചിലതു പ്രവചിക്കാനാകുന്നവ ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം.ഫോറൻസിക് സയൻസുമായും മനഃശാസ്ത്രവുമായി ബന്ധപ്പെട്ട , പുസ്തകത്തിന്റെ ആദ്യ ഭാഗത്തുള്ള ചില പരാമർശങ്ങൾ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി.
ആകെത്തുകയിൽ , മർഡോമെട്രി കുറ്റാന്വേഷണ നോവൽ പ്രേമികൾക്ക് ഇഷ്ടപ്പെടുവാൻ സാധ്യത ഉള്ള നോവലാണ്. ഗണിതവും, കൊലപാതകവും , അധികമാരും കൈവെക്കാത്ത കൂട്ടാണ് . അത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രധാന ആകർഷണവും .
-nikhimenon
0 comments:
Post a Comment