Pages

October 5, 2021

ബോബൻ കഥകൾ :അജിത് കരുണാകരൻ

 എന്തിനാണ് പുസ്തകങ്ങൾക്ക് അവതാരിക?

നിങ്ങള്ക്ക് എപ്പോഴെങ്കിലും ഒരു പുസ്തകത്തിന്റെ അവതാരിക വായിച്ചു വല്ലാതെ നെഗറ്റീവ് അടിച്ചിട്ടുണ്ടോ ?


" എഴുത്തു ആർക്കും ചെയ്യാവുന്ന അഭ്യാസമാണ് എന്ന് കരുതുന്നവർ പഞ്ചായത്തുകൾ തോറും പെരുകി വരുന്ന കാലത്തു ....ഭാഷയുടെ സാധ്യതകളെ അറിയുന്ന ഒരാൾ ഒരു രചനയിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട് .."- ഈ കുറിപ്പിൽ പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ (അജിത് കരുണാകരൻ എഴുതിയ ബോബൻ കഥകൾ ) അവതാരികയിൽ ശ്രീ .ശ്രീകാന്ത് കോട്ടക്കൽ എഴുതിയ വരികൾ ആണ് . സോഷ്യൽ മീഡിയയും, ഫേസ്ബുക് കുറിപ്പുകളുമെല്ലാം  , എഴുത്തിനെയും വായനയേയും കൂടുതൽ ജനകീയമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്തിലും  , the so called "വരേണ്യ സാഹിത്യം " മാത്രമേ ഇവിടെ 'വാഴുവാൻ' പാടുള്ളൂ എന്നാണോ ,  ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉള്ളവർ മാത്രമേ എഴുതാവൂ എന്നാണോ അവതാരിക രചയിതാവ് ഉദ്ദേശിച്ചത് എന്ന് പൂർണ്ണമായും എനിക്ക് മനസ്സിലായില്ലെങ്കിലും , വി .കെ എന്നുമായും ,മാധവിക്കുട്ടിയുമായും , അവരുടെ കഥാപാത്രങ്ങളുമായും ഒക്കെ 'ബോബൻ കഥകളെ ' കൂട്ടിക്കെട്ടുവാനുള്ള ഒരു ശ്രമം ഒക്കെ അദ്ദേഹം ഇതിനിടയിൽ നടത്തുന്നുണ്ട് !, no comments on that !

പാതിരാത്രിയിൽ കൊയിലാണ്ടി ലൈറ്റ് ഹൌസിനു മുകളിൽ കൊല്ലിയാനുദിച്ചപ്പോൾ പെട്ടുനിവാൾ പിടഞ്ഞ വലിയരയൻ ശ്രീധരൻ മൂപ്പരുടെ കെട്ടിയോൾക്കു ജനിച്ച പരീക്കണ്ടി ബോബൻ കേന്ദ്ര കഥാപാത്രമായി വരുന്ന ബോബൻ കഥകൾ , അയാളുടെ ജനനവും ,ജീവിതവും , കഷ്ടപ്പാടുകളുമെല്ലാം നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുവാനുള്ള ശ്രമമാണ് .ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ആദ്യം തോന്നിയതു , ഏതു തരത്തിൽ മാർക്കറ്റ് ചെയ്യണമെന്ന് ( നോവൽ / നർമ്മകഥകൾ / കുറിപ്പുകൾ /ചെറുകഥാ സമാഹാരം ) പ്രസാധകർക്ക് നല്ല രീതിയിൽ ആശയക്കുഴപ്പം ഈ പുസ്തകത്തെ ചൊല്ലി ഉണ്ടായിരുന്നു എന്നാണു .ശ്രീ ആർ .കെ നാരായണനും , വി .കെ എന്നും ,സമീപകാലത്തു സജീവ് ഇടത്താടനും , സുനീഷ് വാരനാടുമെല്ലാം   വിജയകരമായി പരീക്ഷിച്ച ഒരു കഥനരീതിയെ പിൻതുടരുന്ന ബോബൻ കഥകൾ പക്ഷെ വളരെ inconsistent ആയ ആഖ്യാനം കൊണ്ട് പലയിടത്തും പാളിപ്പോകുന്നതായി അനുഭവപ്പെട്ടു .ആത്മഹത്യയെയും ,പ്രവാസിയുടെ വ്യഥകളെയുമെല്ലാം നർമ്മത്തിൽ പൊതിഞ്ഞു  അവതരിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ പൂർണ്ണമായും വിജയിക്കുവാൻ പലപ്പോഴും പുസ്തകത്തിനാവുന്നില്ല എന്ന് വ്യക്തിപരമായ അഭിപ്രായം .

ബോബൻ എന്ന കഥാപാത്രത്തെ ഏറെക്കുറെ കൃത്യമായി വരച്ചിടുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെങ്കിലും , പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റു കഥാപാത്രങ്ങൾക്കൊന്നും അത്ര വ്യക്തത നൽകുവാൻ ശ്രമിച്ചിട്ടുള്ളതായി തോന്നിയില്ല . റിയാസ് എന്ന നായകൻറെ ഉറ്റ സുഹൃത്തായി വരുന്ന കഥാപാത്രം തന്നെ ഉദാഹരണം.കഥയിൽ വലിയ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ് ഇസ്സ . ഡ്രൈവിംഗ് ലൈസൻസ് എപ്പിസോഡ് ആസ്വാദ്യകരമായിരുന്നുവെങ്കിലും , അപൂർണ്ണമായി തോന്നി ആ കഥാപാത്രത്തിന്റെ രൂപീകരണം . (മേല്സൂചിപ്പിച്ചത് പോലെ നർമ്മ കഥകളോ ,കുറിപ്പുകളോ ആയി പുസ്തകം വിഭാവനം ചെയ്തിരുന്നുവെങ്കിൽ കണ്ണടക്കാമായിരുന്നവയാണ് ഇവയെങ്കിലും , നോവൽ എന്ന സങ്കേതത്തിലേക്കു വരുമ്പോൾ ഇവയൊക്കെ പുസ്തകത്തിന് ചെറുതല്ലാത്ത ബാധ്യത ആകുന്നുണ്ട് ). പുസ്തകത്തിലെ നർമ്മവും പലപ്പോഴും പറഞ്ഞു പഴകിയ , dated ഫീൽ തരുന്നുണ്ട് . അവസാന പേജിൽ , ഒരു ഫോൺ സംഭാഷണത്തിൽ ഒരു സ്ത്രീകഥാപാത്രത്തെ പറ്റിയുള്ള പരാമർശം വരുമ്പോൾ " കിട്ടില്ല " എന്നൊക്കെ ബോബൻ പറയുന്നത് തമാശ സൃഷ്ടിക്കുവാൻ എല്ലാ കാലത്തും ഉപയോഗിച്ചിരുന്ന പൊടി വേലകൾ ആണ് . അത്തരത്തിലുള്ള ശ്രമങ്ങൾ ഈ കാലഘട്ടത്തിൽ തികച്ചും അസ്ഥാനത്തായി തോന്നി . 

ഒരു fun , light read ജനുസ്സിൽപ്പെടുന്ന  ഈ  പുസ്തകത്തിന് അനുയോജ്യമായ കവർ പേജാണോ പുസ്തകത്തിന് നൽകിയിരിക്കുന്നത് എന്നതിലും വായനക്കാരൻ എന്ന നിലയിൽ ന്യായമായും സംശയമുണ്ട് .

സജീവ് എടത്താടൻറെ കൊടകരപുരാണമോ , സുനീഷ് വാരനാടിന്റെ വാരനാടൻ കഥകളോ പോലെ വളരെ ഹൃദ്യവും ജൈവികവുമായ  നർമ്മ മുഹൂർത്തങ്ങൾ  ഈ പുസ്തകത്തിൽ അധികമുള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല . ചില രംഗങ്ങൾ / ബോബന്റെ ചില അനുഭവങ്ങളും , ജീവിത മുഹൂർത്തങ്ങളും ചിരിപ്പിച്ചു എന്നതൊഴിച്ചാൽ തികച്ചും ശരാശരി വായനാനുഭവം എനിക്ക് സമ്മാനിച്ച പുസ്തകമാണ് 'ബോബൻ കഥകൾ '.അവതാരികയിലെ 'തള്ളിമറിക്കൽ ' മുഖവിലയ്ക്ക് എടുക്കാതെ വായിച്ചിരുന്നെങ്കിൽ ഒരു പക്ഷെ പുസ്തകം എനിക്ക് കുറച്ചു കൂടെ ആസ്വദിക്കാനായേനെ എന്നും തോന്നി .വലിയ പ്രതീക്ഷകൾ വെക്കാതെ വായനയ്‌ക്കെടുത്താൽ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന, ഇടയ്ക്കൊക്കെ നമ്മെ ചിരിപ്പിക്കുന്ന  ഒരു ചെറിയ പുസ്തകമാണ് 'ബോബൻ കഥകൾ '.

-nikhimenon

0 comments: