Pages

December 30, 2021

വിനു അബ്രഹാമിന്റെ പുസ്തകം

 


സെല്ലുലോയിഡ് എന്ന പുരസ്‌കാരർഹമായ ചിത്രത്തിലൂടെ മലയാള സിനിമയിലെ ആദ്യ നായിക റോസിയെപ്പറ്റി ഏറെക്കുറെ എല്ലാ മലയാളികൾക്കും ഒരേകദേശധാരണ ഉണ്ടാവും.വിനു അബ്രഹാമിന്റെ നഷ്ടനായിക റോസിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്രപരമായ നോവലാണ് .സിനിമയ്ക്ക് ആധാരം ഈ നോവൽ ആണെങ്കിൽക്കൂടി ഈ നോവൽ ഒരു റഫറൻസ് ആയി വച്ചുകൊണ്ട് ,പരേഷ് മൊകാഷിയുടെ 'ഹരിശ്ചന്ദ്രചി ഫാക്ടറി' എന്ന മറാത്തി സിനിമയിൽ നിന്ന് പ്രചോദനവും കൂടി ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട സ്വതന്ത്ര തിരക്കഥയായിരുന്നു സെല്ലുലോയ്ഡ് ന്റേതെന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ബോധ്യമാവും എന്നാണു എനിക്ക് തോന്നുന്നത് .

സൂചിപ്പിച്ചതു പോലെ ,സിനിമയിൽ നിന്ന് കാര്യമായ വ്യത്യാസം നോവലിനുണ്ട് . സംവിധായകൻ തന്നെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നത് പോലെ സിനിമ പറഞ്ഞത് മലയാള സിനിമയുടെ പിതാവായിരുന്നു ജെ .സി .ഡാനിയേൽ ന്റെ കഥയായിരുന്നുവെങ്കിൽ പുസ്തകം പറയുന്നത് ആദ്യ നായികയായ റോസിയുടെ ജീവിതമാണ് .അത് കൊണ്ട് തന്നെ റോസിയാണ് അല്ലെങ്കിൽ അവരുടെ ജീവിതമാണ് നോവലിന്റെ പ്രധാന ഫോക്കസ് .സിനിമ കണ്ടവർക്കും പുതുമ സമ്മാനിക്കുവാൻ പുസ്തകത്തിനാവുന്നുണ്ട് .റോസി കടന്നു പോയ സാഹചര്യങ്ങൾ ഒരൽപം കൂടി വിശദമായി അവതരിപ്പിക്കുവാൻ പുസ്തകത്തിനാവുന്നുണ്ട് .എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത് റോസിയുടെ ചില നിരീക്ഷണങ്ങൾ (അഥവാ അവരുടെ തോന്നലുകളായി നോവലിസ്റ്റ് അവതരിപ്പിക്കുന്ന ചില യാഥാർഥ്യങ്ങൾ ) ആണ് . താൻ 'നായർ സ്ത്രീ ആയിരുന്നെങ്കിൽ കാലാരംഗത്തു വരാൻ കഴിയുമായിരുന്നോ എന്ന റോസിയുടെ ചിന്തകളിലൂടെ ആ കാലഘട്ടത്തിലെ ജാതീയതയ്ക്കപ്പുറമുള്ള സ്ത്രീകളോടും കലയോടുമുള്ള സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ചു കൃത്യമായി പറഞ്ഞുവെക്കുവാൻ നോവലിസ്റ്റിനു സാധിക്കുന്നുണ്ട് .അതോടൊപ്പം തന്നെ റോസിക്കെതിരെയുണ്ടാവുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ചിലരുടെ സ്വാർത്ഥ ബുദ്ധിയും ഉണ്ടായിരുന്നു എന്ന് പറയാതെ പറയുന്നുണ്ട് നോവൽ . വളരെ എളുപ്പത്തിൽ വായിച്ചു തീർ്ക്കാവുന്ന ചെറിയ നോവലാണ് 'നഷ്ട നായിക '.

പോരായ്മകൾ എന്ന് പറയാവുന്നത് റോസിയുടെ കഥയാണെങ്കിൽക്കൂടിയും പല സന്ദര്ഭങ്ങളും വളരെ വേഗത്തിൽ എഴുതി തീർത്തൊരു തോന്നാൽ പുസ്തകം ഉളവാക്കുന്നുണ്ട് . ക്ലൈമാക്സ് ഭാഗങ്ങൾ ഒക്കെയും നോവലിനേക്കാൾ മികച്ചു നിന്നതു സിനിമയിൽ തന്നെയാണെന്ന് നിശ്ചയമായും പറയേണ്ടി വരും. സംഭവങ്ങൾ എത്രമാത്രം ഭാവന എത്രമാത്രം യാഥാർഥ്യം എന്നത് കൃത്യമായി വേർതിരിക്കപ്പെടുന്നില്ല എങ്കിൽപ്പോലും സൂക്ഷ്മവായനയിൽ ഒരു പരിധിവരെ അത് മനസ്സിലാക്കുവാൻ നല്ലൊരു വായനക്കാരന് സാധിക്കും എന്നാണു എനിക്ക് തോന്നിയതു് . ഭാഷാപരമായി വലിയ മേന്മകൾ ഒന്നും എടുത്തു പറയാനില്ലാ ഈ നോവലിന് , ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു എങ്കിൽപ്പോലും.എപ്പിസോഡിക് ആയുള്ള ചില സന്ദര്ഭങ്ങൾക്കപ്പുറം റോസിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടോ എന്നതിലും സംശയമുണ്ട് .

എങ്കിലും പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നത് പോലെ മലയാള സിനിമയുടെ നഷ്ടനായികയെ ഓർമ്മിച്ചെടുത്തുവെന്നതും വലിയൊരു സമൂഹത്തിനു മുന്നിൽ ആ കഥ വീണ്ടും അവതരിപ്പിക്കപ്പെടുവാൻ കാരണമായി എന്നതും തന്നെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ വിജയം , ഒരു പക്ഷേ അതായിരുന്നിരിക്കാം ഈ നോവലിന്റെ നിയോഗവും......
-നിഖിലേഷ് മേനോൻ

0 comments: