Pages

January 2, 2022

അൻവർ അബ്ദുള്ളയുടെ 'നന്മകളാൽ സമൃദ്ധം

 


2005 എപ്പോഴോ ജനപ്രിയ സിനിമാ കുടുംബ ചിത്ര തിരക്കഥയായി എഴുതപ്പെട്ട കഥയെ അതിന്റെ രചയിതാവ് ശ്രീ അൻവർ അബ്ദുള്ള  മാഷ് തന്നെ നോവൽ രൂപത്തിൽ മാറ്റിയതാണ് സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച 'നന്മകളാൽ സമൃദ്ധം'. ‘റിപ്പബ്ലിക്ക് , ഡ്രാക്കുള’ പോലുള്ള സാമൂഹ്യ നോവലുകളുംകമ്പാർട്മെന്റ്’ മുതലായ കുറ്റാന്വേഷണ നോവലുകളും രചിച്ച എഴുത്തുകാരനിൽ നിന്നും അധികമാരും പ്രതീക്ഷിക്കാത്ത മട്ടിലുള്ളൊരു ജനപ്രിയ നോവലാണ് 'നന്മകളാൽ സമൃദ്ധം'. വാരികകളിലും , സ്ത്രീ മാസികകളിലും ഒക്കെ വരുന്നതുപോലുള്ളൊരു പ്രണയ -കുടുംബ കഥയാണ് നോവൽ.

സോളമൻ പ്രസിദ്ധമായ ഒരു പത്രത്തിലെ സീനിയർ ആയിട്ടുള്ള ഒരു പത്രപ്രവർത്തകനാണ് . അവിടേക്കു ട്രെയിനിയായി വരുന്ന യുവ ജേര്ണലിസ്റ് ആണ് മീര. പാരമ്പര്യമായി നല്ല സാമ്പത്തിക ശേഷി ഉണ്ടെങ്കിലും ജോലിയോടുള്ള അഭിനിവേശവും, ആത്മാർത്ഥതയും, അഭിമാന ബോധവും മൂലം പത്രത്തിലെ ഇടത്തരം ജോലിയിൽ തുടരുന്ന അവിവാഹതനായ മുപ്പതുകാരനായ സോളമൻ മീരയുമായി സൗഹൃദത്തിലാകുന്നതോടെയാണ് കഥയിൽ പുരോഗതിയുണ്ടാവുന്നത് .സൗഹൃദം പ്രണയമായി മാറുന്നതും ഒരു പ്രത്യേക സാഹചര്യത്തിൽ അവർ വിവാഹിതരാവാൻ തീരുമാനിക്കുന്നതുമാണ് കഥയിലെ വഴിത്തിരിവ്.

തിരക്കഥാമട്ടിൽ ആദ്യം എഴുതപ്പെട്ട കഥ ആയതിനാൽ തന്നെ പലയിടങ്ങളിലും ദൃശ്യാത്മകമായി തന്നെ വായനക്കാരന് അനുഭവപ്പെടും . അതേ സമയം തന്നെ അതിന്റെ പോരായ്മകളുമുണ്ട് .തിരക്കഥാ ശൈലി എഴുത്തിൽ അറിയാതെ കടന്നു വരുന്നുമുണ്ട് .-(മീരയുടെ മുഖം .സോളമന്റെ സംസാരം ....മതിപ്പുളവാക്കി ).

കഥാപാത്രങ്ങൾ ഒക്കെയും പിൻകുറിപ്പിൽ സൂചിപ്പിക്കപ്പെട്ടതു പോലെ പതിവ് സത്യൻ അന്തിക്കാട് കുടുംബ ചിത്ര വാർപ്പ് മാതൃകയിൽ ഉള്ളത് തന്നെയാണ് . അത് കൊണ്ട് തന്നെ വില്ലൻ 'മുതല',പ്രതാപിയായിരുന്ന അപ്പൻ,സ്നേഹിതൻ കുഞ്ഞു ,ഇന്ദിരാമ്മ എന്നീ കഥാപാത്രങ്ങൾ ഒക്കെയായി പി .ശ്രീകുമാർ മാഷും , തിലകൻ സാറും , സുകുമാരിച്ചേച്ചിയും , ഇന്നസെന്റും , കെ .പി . .സി ലളിത ചേച്ചിയും ഒക്കെ വായനക്കാരന്റെ  മനസ്സിലേക്കെത്തും .

എടുത്തുപറയേണ്ട മറ്റൊരു വസ്തുത പുസ്തകത്തിന്റെ പിന്കുറിപ്പിൽ എഴുത്തുകാരൻ പരാമർശിക്കുന്ന ചില സംഭവങ്ങളാണ് . തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് നോവലിലുള്ളത് എന്ന് എഴുത്തുകാരൻ വെളിപ്പെടുത്തുക മാത്രമല്ല , തന്നെ ദ്രോഹിച്ച വ്യക്തികളേയും ,സംഭവങ്ങളെയും ഒക്കെ പേരെടുത്തു തന്നെ അദ്ദേഹം പരാമർശിക്കുന്നുണ്ട് .ഒരല്പം ആക്ഷേപ ഹാസ്യം കലർത്തിയുള്ള പിന്കുറിപ്പ് നോവലിനെ ക്കാളും എനിക്ക് ആസ്വാദ്യകരമായി തോന്നി . ഇത്രയും ധൈര്യത്തോടെയുള്ള ഒരു തുറന്നു പറച്ചിൽ സത്യത്തിൽ ജീവിതത്തിൽ ആദ്യമായാണ് ഒരു പുസ്തകത്തിന്റെ പിന്കുറിപ്പായി ഞാൻ വായിക്കുന്നത് .

 

രസകരവും(തീൻമേശയിലെ കുറിമാനങ്ങളിലൂടെ ദമ്പതികൾ ആശയവിനിമയം നടത്തുന്നത് )  റെജിസ്റ്റർ ആഫീസിലെ ക്ലൈമാക്സ് ) ഹൃദ്യവുമായ (അയ്യപ്പൻ -ശാരദ തിരിച്ചറിവ് ) പല സീനുകളും പുസ്തകത്തിലുണ്ട് .അതേ സമയം കാലഘട്ടത്തിൽ ക്ളീഷേ ആയി തോന്നുന്നവയും ഉണ്ട് (അപ്പൻ ശോശാമ്മയുടെ സംഭാഷണം കേൾക്കുന്നത് ,മുതല മീരയ്ക്ക് നൽകുന്ന അസ്സൈഗ്ന്മെന്റ് ).ചില സന്ദർഭങ്ങളെ ഒരൽപം കൂടെ വികസിപ്പിക്കാമായിരുന്നു എന്നും തോന്നി (സോളമൻ പഴയ കാമുകിയെ കാണുവാൻ പോകുന്നത് ).

പോയ ദശകത്തിൽ പുറത്തിറങ്ങിയിരുന്നെങ്കിൽ തരക്കേടില്ലാത്ത ഒരു കുടുംബ ചിത്രമാകുവാൻ കഴിയുമായിരുന്ന ഒരു കഥ തന്നെയാണ് നോവലിന്റേതെന്നാണ് പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത് . 

 

0 comments: