യശഃ ശരീരനായ എഴുത്തുകാരൻ ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ മൂന്നു നോവലൈറ്റുകളുടെ സമാഹാരമാണ് പൂർണ്ണ പ്രസിദ്ധീകരിച്ച 'ചല്ലിക്കോഴി '.മൂന്നു ജനുസ്സിൽ പെടുത്താവുന്ന വ്യത്യസ്തങ്ങളും രസകരവുമായ രചനകളാണ് ഈ പുസ്തകത്തിലുള്ളത് .
ടൈറ്റിൽ കഥ , ഇന്നത്തെ കാലത്തു ശ്രീ ജി .ആർ ഇന്ദുഗോപൻ ഒക്കെ എഴുതുന്നത് പോലുള്ള ഒരു പൾപ്പ് സ്വഭാവത്തിലുള്ള ഒരു കഥയാണ് .ഒരു കൊലയാളിയുടെ / അല്ലറ ചില്ലറ ക്രിമിനൽ പരിപാടികൾ ഒക്കെയുള്ള നായകൻ കൊലപാതകിയാകുന്ന കഥ എന്ന് ഒറ്റവാക്കിൽ പറയാവുന്ന കഥയാണ് ഇത് . ഉദ്വെഗം നിലനിർത്തി വായിച്ചു പോകാവുന്ന നീണ്ടകഥയാണ് ഇത് .ഈ സമാഹാരത്തിലെ ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നിയ കഥയും ഇത് തന്നെയാണ് .
കുഞ്ഞമ്പിയും ഇന്ദുലേഖയും എന്ന രണ്ടാമത്തെ കഥ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയേണ്ടി വരും . കുഞ്ഞമ്പി സ്വാമി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കാമനകളിലൂടെ കടന്നു പോകുന്ന കഥയിൽ ഒരുപാട് കഥാപാത്രങ്ങൾ കടന്നു വരുന്നുണ്ട് .തമിഴ് കലർന്നരചനാരീതിയാണ് ഈ കഥയിൽ സ്വീകരിച്ചിരിക്കുന്നത് .
പോർട്രെയിറ്റ് എന്ന മൂന്നാം കഥ സുകുമാരന്റെ ജീവിത കഥയാണ് .ബലിഷ്‌ഠനും ആത്മവിശ്വാസം തുളുമ്പുന്ന വ്യക്തിത്വമായിരുന്നു സുകുമാരന്റെ നിശ്ചയദാർഢ്യവും ,ഗുരു ഭക്തിയും ,ലക്ഷ്യങ്ങളും ,അതിനായി അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് ഈ കഥയുടെ ആകെത്തുക .നൊമ്പരപ്പെടുത്തുന്ന കഥയായി എനിക്ക് അനുഭവപ്പെട്ടു .
ആകെത്തുകയിൽ ആസ്വാദ്യകരമായ വായനയാണ് 'ചെല്ലിക്കോഴി' എനിക്ക് സമ്മാനിച്ചത് . ഒരേ മട്ടിലുള്ള 'ലോക്കൽ ' കഥകൾ എഴുതപ്പെടുന്ന ഇക്കാലത്തു, വിഷയ വൈവിധ്യം കൊണ്ടും രചനാ ശൈലിയിലെ പരീക്ഷണങ്ങൾ കൊണ്ടും ആരാധിക്കപ്പെടേണ്ട എഴുത്തുകാരൻ തന്നെയായിരുന്നു ശ്രീ .മലയാറ്റൂർ രാമകൃഷ്ണൻ എന്ന് ഒരിക്കൽ കൂടി ഓർമ്മിക്കുവാൻ ഈ പുസ്തകം വായിച്ചതിനാൽ എനിക്ക് സാധിച്ചു .
-നിഖിലേഷ് മേനോൻ
0 comments:
Post a Comment