Pages

January 3, 2022

ദി ട്രയൽ: അഡ്വ .സുരേഷ്

 


ഉദ്വെഗഭരിതമായ കുറ്റാന്വേഷണ നോവൽ എന്നാണ് ശ്രീ അഡ്വ .സുരേഷ് എഴുതി യെസ്പ്രെസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ച ദി ട്രയൽ എന്ന ഈ പുസ്തകത്തിന്റെ പുറം ചട്ടയിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് 'കോടതി മുറിയിൽ ഒരു നാൾ ' എന്നോ മറ്റോ പേരിൽ ആത്മാനുഭവങ്ങളുടെ സ്പർശമുള്ള അനുഭവക്കുറിപ്പായോ നീണ്ടകഥയായോ പുറത്തു വന്നിരുന്നെങ്കിൽ തരക്കേടില്ലാത്ത ഒരു കോർട്ട് റൂം ഡ്രാമ എന്ന അഭിപ്രായം ഈ കഥ നേടിയേനെ എന്നാണ് . കോടതി പശ്ചാത്തലം സ്വീകരിച്ചിരിക്കുന്നു എന്നതൊഴിച്ചാൽ അങ്ങനെ പറയത്തക്ക മേന്മകളോ കല്ലുകടിക്കുന്ന പോരായ്മകളോ ഒന്നും പറയാനില്ലാത്ത ഒരു ശരാശരി ക്രൈം കഥയാണ് 'ദി ട്രയൽ'.അലസമായ ഒരു അവധി ദിനത്തിൽ ഉച്ചയുറക്കത്തിന് മുൻപായോ , വിരസവും ദീർഘവുമായ  യാത്രയിൽ നേരം കൊല്ലിയായോ വായിക്കാവുന്ന ഒരു പുസ്തകം . 

പ്രമാദമായ ഒരു കൂട്ടക്കൊലക്കേസ് വിചാരണയോടെയാണ് കഥ ആരംഭിക്കുന്നത് .(ഏറെക്കുറെ ആ വിചാരണ തന്നെയാണ് ആ പുസ്തകത്തിന്റെ കഥാ പരിസരം ).രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരും കൊല ചെയ്യപ്പെടുന്നു .മൃഗീയമായി . പ്രതിയായി പോലീസ് കണ്ടെത്തിയിരിക്കുന്നത് കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനായ ഗോകുൽ ദേവ് . പ്രതിക്ക് വേണ്ടി കേസ് വാദിക്കുന്ന സീനിയർ അഭിഭാഷകൻ പ്രഭാകര വർമ്മയുടെ ജൂനിയർ ആയ അഡ്വ .സുരേഷ് കഥ പറയുന്ന രീതിയിലാണ് പുസ്തകത്തിന്റെ ആഖ്യാനം .

എഴുത്തുകാരൻ അഭിഭാഷകൻ ആയതു കൊണ്ട്'തന്നെ കോടതി നടപടിക്രമങ്ങൾ ഒക്കെത്തന്നെ അതിഭാവുകത്വം ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട് .(ഒരു പക്ഷേ അദ്ദേഹത്തിന്റെ കോടതി അനുഭവങ്ങളും ഈ പുസ്തകത്തിൽ പ്രതിഫലിച്ചിട്ടുണ്ടാകാം ).കഥാപാത്രങ്ങൾക്കൊന്നും ഒരു വ്യക്തിത്വം നൽകുവാൻ സാധിച്ചിട്ടില്ല എന്നതാണ് പ്രധാന പോരായ്‌മ . ഗോകുലിന്റെ പാത്ര സൃഷ്ടിയും വളരെ അലസമായിട്ടാണ് .വായനക്കാരന് അയാളോട് തോന്നേണ്ട വികാരം എന്താണെന്ന് പോലും എഴുത്തുകാരന് ധാരണക്കുറവുള്ളതായി തോന്നി .

അപസർപ്പക കഥയിൽ ആവശ്യം വേണ്ട Who ,Why ,When സംഹിതകളെപ്പോലും അങ്ങനെ കാര്യമായി പരിഗണിക്കുന്നില്ല .പറയത്തക്ക അന്വേഷണം ഒന്നും കഥയിൽ നടക്കുന്നുമില്ല .പ്രതി സ്വയം പറയുന്ന കുറെ സംഭവങ്ങളും ,അഭിഭാഷകന് മുൻപ് തന്നെ അറിയാവുന്ന കുറെ കാര്യങ്ങളുമാണ് കഥയിലെ ചെറിയ സസ്പെൻസ് എന്നെങ്കിലും പറയാവുന്ന സംഗതികൾ (അവിടെയും വലിയ പുതുമകൾ ഒന്നും സമ്മാനിക്കുന്നില്ല പുസ്തകം ).അഡ്വ .സുരേഷ് തീരെ വിജയ സാധ്യത ഇല്ലാത്ത ഈ കേസ്സിന്റെ വക്കാലത്തു സ്വീകരിക്കുന്നതും അതുമായ സീനിയർ അഭിഭാഷകന് മുന്നിൽ എത്തുന്ന ഭാഗങ്ങളുമൊക്കെ അത്രയ്ക്ക് കോൺവിൻസിങ് ആയിട്ടില്ല . പലയിടങ്ങളിലും വളരെ വേഗത്തിൽ എഴുതി തീർത്തത് പോലെയും , ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു പശ്ചാത്തലത്തെ അലസമായി കൈകാര്യം ചെയ്തതായും അനുഭവപ്പെട്ടു(കാനിബാൾ ആംഗിൾ ഒക്കെ ഉദാഹരണം ). ക്ലൈമാക്സിനോട് അടുക്കുമ്പോൾ വളരെ cluttered ആയതും ഉള്ളി തൊലിച്ചത് പോലുള്ളതുമായ  പ്രതീതി അനുഭവപ്പെട്ടതായി ഏതെങ്കിലും വായനക്കാരന് തോന്നിയാലും അതിശയിക്കാനില്ലാത്ത മട്ടിലാണ് കഥയുടെ പര്യവസാനം (അഥവാ അർദ്ധ- വിരാമം ). അഭിഭാഷക വൃത്തിയുമായി ബന്ധപ്പെട്ട് ശക്തമായ statements പ്രഭാകര വർമ്മയും -സുരേഷും തമ്മിലുള്ള സംഭാഷണത്തിലൂടെ എഴുത്തുകാരൻ നടത്തുന്നുണ്ടെങ്കിലും കഥാ ഗതിയിൽ കാര്യമായ പ്രസക്തി ഉള്ളതായി വായനാവേളയിൽ എനിക്ക് തോന്നിയില്ല.

ചുരുക്കത്തിൽ ശരാശരി വായനാനുഭവം .

-നിഖിലേഷ് മേനോൻ

0 comments: