Pages

March 20, 2022

കലവൂർ രവികുമാറിന്റെ ‘ഒരാൾ ജാഥ'


 കലവൂർ രവികുമാറിന്റെ ചെറുകഥകൾക്കും നോവലുകൾക്കും വല്ലാത്തൊരു ലാളിത്യം ഉള്ളതായി എനിക്ക് എ പ്പോഴും തോന്നിയിട്ടുണ്ട് .അദ്ദേഹത്തിന്റെ പുസ്തകമായതു കൊണ്ട് മാത്രമാണ് മാതൃഭുമി ബുക്ക്സ് കലൂരിൽ ഈ പുസ്തകം യാദൃശ്ചികമായി കണ്ടപ്പോൾ മറ്റൊന്നും നോക്കാതെ വാങ്ങിയത് .അത് നന്നായി എന്ന് വായിച്ചു കഴിഞ്ഞപ്പോൾ തോന്നി .

‘ഒരാൾ ജാഥ’ എന്ന ടൈറ്റിലും , കവർ ചിത്രത്തിലെ വി .എസ്സിന്റെ ക്യാരിക്കേച്ചറും കണ്ടപ്പോൾ ഇതൊരു രാഷ്ട്രീയ നോവൽ ആകും എന്ന് തോന്നിയിരുന്നെങ്കിലും , ഇത് അടിസ്ഥാനപരമായി അരവിന്ദൻ എന്ന എഴുത്തുകാരനായ വ്യക്തിയുടെ ജീവിതമാണ് . (അതിൽ അയാളുടെ രാഷ്ട്രീയവും കടന്നു വരുന്നു എന്ന് മാത്രം ). പുതുതായി തുടങ്ങുന്ന സ്ട്രീമിംഗ് പ്ലാറ്റഫോമിന്റെ കോൺടെന്റ് ഹെഡ് ആയി അരവിന്ദൻ ജോലിയിൽ പ്രവേശിക്കുന്നിടത്താണ് നോവൽ ആരംഭിക്കുന്നത് .പത്രപ്രവർത്തകനും ,എഴുത്തുകാരനും ,തിരക്കഥാകൃത്തുമായിരുന്ന ഒരു ഭൂതകാലം അയാൾക്കുണ്ടായിരുന്നു .(എങ്കിലും ഇതിലേതെങ്കിലും അയാൾ പൂർണ്ണമായി വിജയിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും .താരതമേന്യ സിനിമാ മേഖലയിലാണ് അയാൾക്ക്‌ പിന്നെയും മെച്ചപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നത് .എന്നാൽ തുടർച്ചയായ പരാജയങ്ങളാൽ പരിക്ഷീണിതനാണ് ഇന്നയാൾ ). അരവിന്ദന്റെ ഭൂതവും വർത്തമാനവും പറഞ്ഞു പോകുമ്പോൾ തന്നെ , അയാൾക്ക് മുന്നിലെത്തുന്ന പ്രഥമ വെബ് സീരിസിന്റെ കഥയും നോവലിന്റെ ഇതിവൃത്തമാകുന്നു . വായനക്കാരനിൽ ജിജ്ഞാസ ഉണർത്തുന്ന രീതിയിൽ വികസിക്കുന്ന നോവൽ ആഖ്യാനത്തിലെ പുതുമ കൊണ്ടു വേറിട്ട് നിൽക്കുന്നു .
നോവലിന്റെ പല ഭാഗങ്ങളിലും എഴുത്തുകാരന്റെ ജീവിതവുമായി അരവിന്ദന്റെ യാത്രയ്ക്ക് സാദൃശ്യം തോന്നിയാൽ തെറ്റുപറയാനാകില്ലെന്നു തോന്നുന്നു , അദ്ദേഹത്തിന്റെ സമീപ കാല സിനിമാ ജീവിതവുമായി ചേർത്ത് നോക്കുമ്പോൾ പ്രത്യേകിച്ചും .'ഇഷ്ടം' പോലുള്ള വിജയിച്ച സിനിമകളോട് സാമ്യം തോന്നുന്ന രീതിയിലുള്ള സിനിമാ കഥയൊക്കെയും നോവലിന്റെ ഒരു ഭാഗത്തു കടന്നു വരുന്നുമുണ്ട് .
നോവലിന്റെ ഏറ്റവും വലിയ മേന്മയായി എനിക്ക് തോന്നിയത് അരവിന്ദൻ എന്ന കേന്ദ്ര കഥാപാത്രത്തെ ഒരുപാട് മാനങ്ങളുള്ള , ആഴമുള്ള , എന്നാൽ എല്ലാ കുറവുകളുമുള്ള പച്ചയായ ഒരു മനുഷ്യനായി തന്നെ വരച്ചിടുന്നുണ്ട് എന്നതാണ് .അയാളുടെ ജീവിതം പറയുന്നത് അയാൾ മാത്രമല്ല . അയാളുമായി അടുത്തിടപഴകിയിരുന്ന , ബാല്യകാലത്തിലെ സുഹൃത്തുക്കൾ വരെ അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നുണ്ട് . സത്യത്തിൽ അരവിന്ദൻ നമ്മിൽ പലരുടെയും പ്രതിനിധി കൂടിയാണ് .ആദർശ നാട്യക്കാരനായ ,സ്വന്തം കഴിവുകേടിനെയും ,ലക്ഷ്യബോധം ഇല്ലായ്മയേയും ,self pity കൊണ്ട് മറികടക്കുവാൻ ശ്രമിക്കുന്ന ഒരു പാവം മനുഷ്യൻ ! അരവിന്ദന്റെ കണ്ണിലൂടെ നോക്കുമ്പോൾ അയാളുടെ അച്ഛനും ,ഭാര്യയും , സുഹൃത്തുക്കളും , എന്തിനു അയാൾക്ക് സിനിമയിൽ മേൽവിലാസം ഉണ്ടാക്കി കൊടുത്ത സംവിധായകനായ പ്രകാശ്മേനോനുമെല്ലാം തെറ്റുകാരാണ് , അല്ലെങ്കിൽ അയാളോട് കടുത്ത അനീതി പ്രവർത്തിച്ചവരാണ് . എന്നാൽ സത്യത്തിൽ യാഥാർഥ്യം വളരെ നേർത്ത വരമ്പുകൾക്കും ഇടയിൽ എവിടെയോ ആണെന്ന് ഈ കഥാപാത്രങ്ങളെക്കൊണ്ട് തന്നെ നോവലിസ്റ്റ് വായനക്കാരനോട് സംവദിക്കുന്നുണ്ട് . ഒരു വേള അയാളുടെ മകൾ നിവേദിത ഒഴിച്ചള്ളവർക്കെല്ലാം അരവിന്ദനെ പറ്റി ഒരുപാട് പറയാനുമുണ്ട് . അടുത്ത കാലത്തു വായിച്ച പുസ്തകങ്ങളിൽ ഇത്രയും ത്രീ ഡിമെൻഷനൽ ആയിട്ട് ഒരു കേന്ദ്ര കഥാപാത്രത്തെ വായിച്ചതു് പി .എഫ് ന്റെ കടലിന്റെ മണത്തിലെ സച്ചിദാനന്ദനിൽ ആണെന്ന് തോന്നുന്നു. വി .എസ് അച്യുതാനന്ദനും ഒരു കാലഘട്ടത്തിലെ കേരളം രാഷ്ട്രീയവും ,കോളേജ് കാലത്തിലെ രാഷ്ട്രീയ അവബോധത്തിലെ കാമ്പില്ലായ്മയുമെല്ലാം രസകരമായി അടയാളപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ് .മാരാരിക്കുളവും വിഭാഗീയതയുമെല്ലാം വിഷയങ്ങളാവുന്നുണ്ടെങ്കിലും ഒരു overt ആയുള്ള രാഷ്ട്രീയം നോവലിൽ എവിടെയും പറയുന്നില്ല .അരവിന്ദന്റെ നിരീക്ഷണങ്ങൾ എന്നതിൽ കവിഞ്ഞു മറ്റൊന്നും പറഞ്ഞു വെക്കുവാൻ നോവലിസ്റ്റ് തയ്യാറാകുന്നുമില്ല .
പോരായ്മയായി തോന്നിയത് , ചില ഭാഗങ്ങളിലെ വ്യക്തതക്കുറവാണ്.വെബ് സീരീസ് ന്റെ ചിത്രീകരണവും അതിന്റെ കഥാപരിസരവുമെല്ലാം ഒരൽപം കൂടി വികസിപ്പിക്കാമായിരുന്നു എന്ന് തോന്നി . അതോടൊപ്പം അതിന്റെ സംവിധായകൻ ജോൺ വര്ഗീസ് വ്യക്ത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നിട്ടു കൂടി അത് വേണ്ടത്ര വികസിപ്പിക്കുവാൻ നോവലിസ്റ്റ് കൂട്ടാക്കിയിട്ടില്ല .സ്ട്രീമിംഗ് പ്ലാറ്റുഫോമുകൾക്കിടയിലെ കോൺടെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒക്കെയും ഒരുപാട് സാധ്യതകൾ അവശേഷിപ്പിക്കുന്ന്നുണ്ട്. അത് പോലെ തന്നെ അരവിന്ദന്റെ സിനിമാ ജീവിതവും ഒരൽപം ഒഴുക്കൻ മട്ടിൽ പറഞ്ഞു തീർത്തതായി അനുഭവപ്പെട്ടു .
ആകെത്തുകയിൽ ഒരാൾ ജാഥ നന്നായി വായിക്കപ്പെടേണ്ടുന്ന നോവൽ ആയാണ് എനിക്ക് അനുഭവപ്പെട്ടത് . ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന , രസിപ്പിക്കുന്ന ,ചിന്തിപ്പിക്കുന്ന നോവൽ തന്നെയാണ് , കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ .
-നിഖിലേഷ് മേനോൻ

0 comments: