വായനക്കാരനെ അതിശയിപ്പിക്കുക , ഭാഷാപരമായി മികച്ച രീതിയിൽ ട്വിസ്റ്റുകളെ അവതരിപ്പിക്കുക , ഇത് രണ്ടും അത്യാവശ്യം ശ്രമകരമായ ഉദ്യമങ്ങൾ ആണെന്നാണ് വായനക്കാരൻ എന്ന രീതിയിൽ എന്റെ അഭിപ്രായം. ശ്രീനി ഇളയൂരിന്റെ ‘അപ്രതീക്ഷിതം’ ക്രൈം -മിസ്റ്ററി കഥകളുടെ സമാഹാരമാണ് .
രസകരമായി വായിച്ചു പോകാവുന്നവയാണ് ഇതിലെ ഓരോ കഥകളും. അവതാരികയിൽ മരിയ റോസ് പറഞ്ഞിരിക്കുന്നതുപോലെ 'കഥ പറയുന്ന കഥകളിലേക്കുള്ള ' മലയാള ചെറുകഥയുടെ മടക്കം തന്നെയാണ് ഈ സമാഹാരം .
പതിനൊന്നു കഥകളാണ് പുസ്തകത്തിലുള്ളത് . ഭയം ,ഉദ്വേഗം , അത്ഭുതം എന്നീ വികാരങ്ങളെ കൃത്യമായി ഉണർത്തുവാൻ സമാഹാരത്തിലെ ബഹുഭൂരിപക്ഷം കഥകൾക്കും സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷതയായി തോന്നിയതു്.A twist for the sake of it , എന്ന മട്ടിലേക്കു പോകാതെ , കഥാന്ത്യത്തിനു അനിവാര്യമായ രീതിയിൽ അവയെ സന്നിവേശിപ്പിക്കുവാൻ എഴുത്തുകാരന് ആയി എന്നത് മേന്മ തന്നെയാണ് .ഗ്ലൂമി സൺഡേ , അപ്രതീക്ഷിതം എന്നീ കഥകൾ ഉദാഹരണങ്ങളാണ് . മാറിയ കാലത്തിന്റെ കുറ്റകൃത്യങ്ങളോട് ജീവിതത്തിൽ നിന്ന് തന്നെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് രചിക്കപ്പെട്ടവയാണ് ചില കഥകൾ എങ്കിലും എന്ന് നിസ്സംശയം പറയാം .
സമീപ കാലത്തു കേരളത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവത്തിന്റെ ഛായ,'ചുരത്തിലെ അഞ്ചാം വളവ് ' എന്ന കഥയിൽ കാണാം.രസകരമായി തന്നെ അത് അവതരിപ്പിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുമുണ്ട് .അടുത്തത് എന്താണ് സംഭവിക്കുക എന്ന് അനുവാചകന് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ തന്നെയാണ് കുടജാദ്രി പോലുള്ള കഥകളുടെ രചനയും .ദേവപ്രകാശ് എന്ന കഥാപാത്രം തൊട്ടടുത്ത കഥയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുമുണ്ട് . ‘ഫ്ലാറ്റ്’ ആയിപ്പോകുന്ന കഥകളിൽപ്പോലും മറ്റെന്തെങ്കിലും പുതുമകൾ കൊണ്ട് വരുവാൻ കഥാകാരന് സാധിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണെന്നു തോന്നുന്നു. കഥാ പശ്ചാത്തലം കൃത്യമായി അടയാളപ്പെടുത്തുന്നതിനോടൊപ്പം ചില വർത്തമാന കാല യാഥാർഥ്യങ്ങളും കൃത്യമായി വരച്ചിടുന്നുണ്ട് ഈ കഥകളിൽ (പാമ്പു പിടിത്തം , നഷ്ടപ്പെട്ടുപോകുന്ന മലയാളിയുടെ ശീലങ്ങൾ..).
പോരായ്മയായി തോന്നിയവയും ഉണ്ട് .ചില കഥകൾ എങ്കിലും പണ്ടെപ്പോഴോ കേട്ട് മറന്ന ,പരിചിത വഴികളിൽ കൂടെ തന്നെയാണ് സഞ്ചരിക്കുന്നത് .ട്വിസ്റ്റുകൾ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ളവയാണ് ചിലതിലെങ്കിലും .സെല്ലുലാർ എന്ന സിനിമയുടെ കഥാ തന്തുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആരംഭിച്ച കഥയായ 'ആകസ്മികം ' തീരെ നിരാശപ്പെടുത്തിക്കളഞ്ഞു .'പിറകിൽ നിന്നുള്ള കാലടികൾ ' കഥാന്ത്യം തീർത്തും പ്രവചനാത്മകം തന്നെയായിരുന്നു .കഥയ്ക്ക് ചേരാത്ത മട്ടിൽ അനാവശ്യമായ നീളം ഒന്നോ രണ്ടോ കഥകൾക്ക് അനുഭവപ്പെട്ടു .
ആകെത്തുകയിൽ അപ്രതീക്ഷിതം മികച്ച ഒരു സമാഹാരമായി എനിക്ക് അനുഭവപ്പെട്ടു . പുസ്തകത്തിന്റെ'രണ്ടാം വാല്യത്തിനായി കാത്തിരിക്കുന്നു .
-നിഖിലേഷ് മേനോൻ
0 comments:
Post a Comment