Pages

April 16, 2022

പുസ്തക പരിചയം : അരുണ്കുമാറിന്റെ ,'ലൈബ്രറേറിയന്റെ മരണം'

 

മലയാളത്തിൽ ധാരാളമായി കുറ്റാന്വേഷണ -ക്രൈം നോവലുകൾ പുറത്തു വരുന്ന കാലഘട്ടമാണ്. ക്ഷണികമായ ട്രെൻഡിന്റെ ഫലം എന്നതിനപ്പുറത്തേക്കു , കാലങ്ങൾ വായിക്കപ്പെടുവാൻ സാധ്യത ഉള്ള രചനകളും ഇക്കൂട്ടത്തിൽ പുറത്തു വരുന്നുണ്ട് എന്നത് ആശ്യാസ്യകരമാണ്. എല്ലാ തരത്തിലുള്ള വായനക്കാരുടെ അഭിരുചികൾ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള എഴുത്തുകളും ഇവിടെ ഉണ്ടാവുന്നുണ്ട് . അവയിൽ പലതും നന്നായി വായിക്കപ്പെടുന്നുമുണ്ട് . ജനപ്രിയ സാഹിത്യത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്നെ നടക്കുന്ന പരീക്ഷണങ്ങളാണ് ഒരു വായനക്കാരനിൽ എന്ന നിലയിൽ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന വസ്തുത.ഛായാ മരണവും ,ഒന്നാം ഫോറെൻസിക്കും , . .ടി മദ്രാസുമെല്ലാം അത്തരത്തിൽ ഏറെ സന്തോഷിപ്പിച്ച പുസ്തകങ്ങളാണ്.

ശ്രീ . അരുണ്കുമാറിന്റെ ,'ലൈബ്രറേറിയന്റെ മരണം ' ഒരു കുറ്റാന്വേഷണ നോവലാണ് .ദുരൂഹമായ മൂന്ന്  മരണങ്ങളെപ്പറ്റിയുള്ള അന്വേഷണമാണ്  കാതൽ .ബെൽമോണ്ട് എന്ന പ്രദേശത്തെഷേക്സ്പിയർ ലൈബ്രറിയിലെനടത്തിപ്പുകാരനും , നാഷണൽ മ്യൂസിയത്തിന്റെ നടത്തിപ്പുകാരിയും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു . പ്രദേശത്തു അവധി ആഘോഷിക്കാനായെത്തിയ ഡയാന , നിസ   എന്നീ പെൺകുട്ടികൾ പോലീസ് അന്വേഷണത്തിൽ സഹായിച്ചു കൊണ്ട് മുന്നോട്ടു വരുന്നു . അവരെ സംബന്ധിച്ചിടത്തോളം കേസ്സിന്വ്യക്തിപരമായ മാനങ്ങളുണ്ട് . ബുദ്ധിപരമായ ഇടപെടലുകളിലൂടെ അവർ നടത്തുന്ന മുന്നേറ്റങ്ങൾ കുറ്റവാളിയെ സഹായിക്കുവാൻ പര്യാപ്തമാവുന്നു എന്ന് മാത്രമല്ല പ്രദേശത്തെപ്പറ്റിയുള്ള ചില രഹസ്യങ്ങളും അനാവൃതമാക്കപ്പെടുന്നു .

ശാന്തമായ ഒരു മദ്ധ്യ വർഗ്ഗ അന്തരീക്ഷത്തിൽ നടക്കുന്ന ഒരൽപം വയലന്റ് എന്ന് പറയാവുന്ന ഒരു കുറ്റകൃത്യം .  അതിന് സാക്ഷി ആയതോ  കുറ്റകൃത്യത്തിൽ പങ്കു കൊള്ളുവാൻ സാധ്യത ഉള്ളതോ ആയ ഒരു  പറ്റം മനുഷ്യർ .ബുദ്ധിശാലിയായ കുറ്റാന്വേഷകൻ വിവിധ സാഹചഅടഞ്ഞ ര്യങ്ങളിൽ ഇവരെ എല്ലാം ചോദ്യം ചെയ്യുന്നു .ഒരു വേള  അടഞ്ഞ അദ്ധ്യായം എന്ന് തോന്നുന്ന രീതിയിൽ എത്തി നിൽക്കുന്ന കേസിന്റെ പരിസമാപ്തി എല്ലാ സസ്‌പെക്ടസ് നേയും ഒറ്റൊരു മുറിയിൽ എത്തിച്ചു നാടകീയമായി കുറ്റവാളിയെ പ്രഖ്യാപിക്കുന്നതിലൂടെ സംഭവിക്കുന്നു .തീരെ സാധ്യതയില്ലാത്ത ,പൊതുവെ മാന്യനെന്നു തോന്നുന്ന വ്യക്തിയാവും/(സ്ത്രീ ) ഇത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കൃത്യം ചെയ്തിട്ടുണ്ടാവുക. നൂറിലധികം കൃതികളിൽ പൊയ്‌റോട്ടും മിസ് മർപ്പിലുമെല്ലാം ഇത്തരത്തിൽ കേസ് തെളിയിച്ചപ്പോഴും , വർഷങ്ങൾക്കിപ്പുറം സോഫി ഹന്നയിലൂടെ പൊയ്‌റോട് പുനരവതരിച്ചപ്പോഴും , ഇങ്ങു കൊച്ചു കേരളത്തിൽ ശ്രീ .എസ് .എൻ .സ്വാമി മുതൽ ടി .ദാമോദരൻ മാഷ് വരെ ഈ  അവലംബിച്ചപ്പോഴും പുതുമ നഷ്ടപ്പെടാതെ വായനക്കാരിലും ,പ്രേക്ഷകനിലും  ആസ്വാദ്യകരമായി തുടരുവാൻ സാധിക്കുന്നു എന്നത് മാഡം അഗത ക്രിസ്റ്റിയുടെ പ്രതിഭ തന്നെയാണെന്ന് വിശ്വസിക്കുവാനാണെന്നാണ് എനിക്കിഷ്ട്ടം . ഏറെക്കുറെ 'സേഫ്- ബെറ്റ്' ആയ ഈ ശൈലി വിജയകരമായി ഉപയോഗിക്കുവാൻ അരുണ്കുമാറിന് സാധി ച്ചിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ വിജയം .

ലളിതമായി , അധികം വളച്ചു കെട്ടില്ലാതെ, 'സ്ട്രൈറ്റായി' പറയുവാനുള്ള കഥയിലേക്ക് കടക്കുന്ന നോവൽ പുസ്തകത്തിന്റെ ജനുസ്സിനോട് പൂർണ്ണമായും നീതി പുലർത്തുന്നുണ്ട് . സേതുരാമയ്യർ -അഗത ക്രിസ്റ്റീ ആരാധകർക്ക് തീർച്ചയായും വളരെയധികം ആസ്വാദ്യകരമാകുവാൻ  സാധ്യത ഉള്ള രീതിയിൽ തന്നെയാണ് നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. എടുത്തു പറയേണ്ടത് പുസ്തകത്തിന്റെ എഡിറ്റിങ്ങ് ആണ് .നല്ല രീതിയിൽ എഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ട് തന്നെ പിരിമുറുക്കം നഷ്ടപ്പെടാതെക്കുള്ള  വായന സാധ്യമാകുന്നുണ്ട് . ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ സാധിക്കുന്ന നോവലിലെ വഴിത്തിരിവുകളും ജിജ്ഞാസ  ഉണർത്തുന്നവയാണ്. രണ്ടു പെൺകുട്ടികൾ കുറ്റാന്വേഷകർ ആകുന്നു എന്നത് ഒരേ സമയം നോവലിന്റെ പുതുമയും പരിമിതിയും ആയിമാറുന്നുണ്ട് .ലോജിക്കൽ ആയ കണ്ടെത്തലുകൾ ആണ് അവരുടെ ഇടപെടലുകൾ കൊണ്ട് സംഭവിക്കുന്നത് എന്നത് പുസ്തകത്തിന്റെ മേന്മ തന്നെയാണ് . 

കഥ നടക്കുന്ന കാലവും ദേശവും ഒരൽപം ambiguous ആയിപ്പോയി എന്നത് ഒരു വസ്തുതയാണ് . വിക്ടോറിയൻ കാലഘട്ടത്തിൽ വിദേശത്തു സംഭവിക്കുന്നതായിട്ടാണ് വായനക്കാരന് അനുഭവപ്പെടുന്നതെങ്കിലും ആദ്യ താളുകളിൽ കൊച്ചിയേയും , കൊച്ചി രാജാവിനെയും ഒക്കെപരാമര്ശിക്കുന്നതു ആശയക്കുഴപ്പമുണ്ടാക്കി. അതോടൊപ്പം ചില കഥാപാത്രങ്ങളുടെ പേരുകളും, ഔദ്യോഗിക സ്ഥാനങ്ങളും (പോലീസ് -എസ് .പി ' , പോലീസ് ക്ലബ് മുതലായവ )വിദേശത്തു സംഭവിക്കുന്ന കഥയുമായി consistent ആയി തോന്നിയില്ല . കൊലപാതകവും അന്വേഷണവുമൊക്കെ ഇപ്പോഴും  സയനൈഡിലും ,BITTER ALMOND SMELL ലും ഒക്കെ ചുറ്റിത്തിരിയുന്നത് കല്ലുകടിയായി തോന്നി . 'കുറ്റകൃത്യം-ചോദ്യം ചെയ്യൽ -വീണ്ടും കുറ്റകൃത്യം -ചോദ്യം ചെയ്യൽ -REVELATION' ഈയൊരു ഫോർമാറ്റിലുള്ള എഴുത്തു ഒരു പക്ഷേ എല്ലാത്തരത്തിലുള്ള കുറ്റാന്വേഷണ പ്രേമികൾക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല എന്നൊരു വസ്തുതയും യാഥാർഥ്യമാണ് . സ്വകാര്യ കുറ്റാന്വേഷക പോലുമല്ലാത്ത കേന്ദ്ര കഥാപാത്രം സുപ്രധാനമായ ഒരു പോലീസ് അന്വേഷണത്തിൽ സജീവമായി ഇടപെടുന്നതെല്ലാം ഒരൽപം unconvincing ആയി ചിലർക്കെങ്കിലും അനുഭവപ്പെടുവാൻ സാധ്യത ഉണ്ട് .

ആകെത്തുകയിൽ, ‘ലൈബ്രറേറിയന്റെ മരണം’ vintage കുറ്റാന്വേഷണത്തിന്റെ ആരാധകർക്ക് മാത്രമല്ല ,ജനപ്രിയ വായനയോടു താല്പര്യക്കുറവില്ലാത്ത വായനക്കാർക്കും രസിക്കുന്ന പുസ്തകമാണ് എന്നാണ് എന്റെ അഭിപ്രായം .

-നിഖിലേഷ് മേനോൻ


0 comments: