Pages

April 10, 2022

പുസ്തക പരിചയം : രഞ്ജു കിളിമാനൂരിന്റെ ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും

 


‘ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും’ ശ്രീ രഞ്ജു കിളിമാനൂരിന്റേതായി പ്രസിദ്ധീകൃതമാവുന്ന രണ്ടാമത്തെ പുസ്തകമാണ് . അലക്സി കഥകൾ എന്ന ആദ്യ പുസ്തകത്തിലൂടെ തന്നെ കുറ്റാന്വേഷണ പ്രേമികൾക്ക് പരിചിതനായ രഞ്ജുവിന്റെ രണ്ടാമത്തെ പുസ്തകം മാതൃഭൂമി ബുക്സിലൂടെയാണ് പുറത്തു വന്നിരിക്കുന്നത് എന്നത് തന്നെ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് എന്ന് പറയേണ്ടി വരും . സ്വയം പ്രസിദ്ധീകരണത്തിന്റെ പരിമിതികളും പരീക്ഷണങ്ങളും ഇല്ലാതെ തന്നെ തന്റെ രണ്ടാം പുസ്തകം മുൻനിര പ്രസാധകരിലൂടെ വായനക്കാരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് നിസ്സാരമായ കാര്യമല്ല .

ആന്റീക്സ് ഓൺലൈൻ വ്യാപാരം നടത്തുന്ന ഒരു സ്ഥാപനത്തിൽ ദുരൂഹമായ സാഹചര്യത്തിൽ മുറിച്ചു മാറ്റപ്പെട്ട നിലയിൽ കാണപ്പെടുന്ന മനുഷ്യ വിരലുകളും അതിനെ ചുറ്റിപ്പറ്റി അലക്സിയും അയാളുടെ സഹയാത്രികനും ജീവചരിത്രകാരനുമായ ജോണും ചേർന്ന് നടത്തുന്ന അന്വേഷണവുമാണ് പുസ്തകത്തിന്റെ കഥാതന്തു . സർവയലൻസ് ക്യാമറകളുടെ കണ്ണിൽപ്പെടാതെ ആരാണ് വിരലുകൾ അവിടെ നിക്ഷേപിച്ചത് ? കടയുടമ സുനിൽ നു കുറ്റകൃത്യവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ ? വിരലുകളില്ലാത്ത മൃതശരീരം എവിടെയാണ് ഉപേക്ഷിക്കപ്പെട്ടതു ? മുൻപിലുള്ള ചോദ്യങ്ങൾ അനവധി ആണെങ്കിലും , അലക്സിയിലെ കുറ്റാന്വേഷകൻ സമർത്ഥമായി അവയെ അഭിമുഖീകരിക്കുന്നതും കുറ്റവാളിയെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതുമെല്ലാം രസകരമായി തന്നെ വായിച്ചു പോകാനാവുന്നു എന്നതാണ് പുസ്തകത്തിന്റെ വിജയം .

ആകാംക്ഷ നിലനിർത്തി മുന്നേറുന്ന ആഖ്യാനവും , സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാതെ മുന്നേറുന്ന പഴുത് അടച്ച കഥാഗതിയുമാണ് പുസ്തകത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് .ആയാസ രഹിതമായ വായന സമ്മാനിക്കുന്ന ,ലളിതമായ , എന്നാൽ കല്ല് കടി തോന്നാത്ത ഭാഷയാണ് രഞ്ജു പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് .അദ്ദേഹത്തിന്റെ ആദ്യ പുസ്തകം പരിഗണിക്കുമ്പോൾ ഭാഷ നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാം എന്ന് തോന്നുന്നു . കൃത്യമായ ഇടവേളകളിൽ വന്നു ചേരുന്ന കഥയിലെ വഴിത്തിരിവുകളും ഹരം കൊള്ളിക്കുന്നുണ്ട് . നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകളെ കഥയിലുടനീളം ത്രിൽ ഉണർത്തുന്നതിനുള്ള സങ്കേതമായി ഉപയോഗിച്ചിട്ടുണ്ട് രചയിതാവ് .വായനാവേളയിൽ ഒരിക്കൽപ്പോലും കാര്യമായ ലോജിക്കൽ പ്രശ്നങ്ങളോ ,'ഇതല്പം കടന്ന് പോയില്ലേ ' എന്ന ചിന്തയോ വായനക്കാരനിൽ ഉണ്ടാകുന്നില്ല എന്നത് കുറ്റാന്വേഷണ നോവൽ എന്ന നിലയിൽ തീർച്ചയായും ഒരു മേന്മ തന്നെയാണ് . 'ക്യാപ്സൂളിന്റെ രഹസ്യവും' അതിനു വേണ്ടി എഴുത്തുകാരൻ നടത്തിയിട്ടുള്ള റിസർച്ച് ഉം പ്രശംസനീയം തന്നെയാണ് . തലക്കെട്ടിലെ 'ഷെർലക് ഹോംസ് ' കേവലം ഒരു മാർക്കറ്റിങ് ഗിമ്മിക് അല്ലെന്നു അവസാന അദ്ധ്യായം വ്യക്തമാക്കി തരുന്നുണ്ട് .

പോരായ്മകൾ ഇല്ലെന്നല്ല. വിവർത്തന സ്വഭാവമുള്ള ഭാഷ ആണെങ്കിൽ പോലും അങ്ങിങ്ങായി സ്ഥിരത നഷ്ടപ്പെടുന്നതായി തോന്നി . അനാവശ്യമായി cuss വാക്കുകൾ ഉപയോഗിച്ചതും ഒഴിവാക്കാമായിരുന്നു. അലെക്സിയും ജോണും , അവരുടെ  നിരീക്ഷണങ്ങളും എന്ന മട്ടിൽ പുരോഗമിക്കുന്ന കഥാഗതിയിൽ മറ്റു കഥാപാത്രങ്ങൾക്ക് വ്യക്തിത്വം ഇല്ലാത്തൊരു പ്രതീതി ഉടലെടുക്കുന്നുണ്ട് .അത് പോലെ നായക കഥാപാത്രത്തെ  "know all " kind of person ആയാണ് അവതരിപ്പിച്ചിരിക്കുന്നതും .അയാളുടെ ബുദ്ധിശക്തിയേയും നിരീക്ഷണ പാടവത്തേയും അനുവാചകനിൽ re -inforce ചെയ്യാനെന്ന മട്ടിൽ ചേർത്തിട്ടുള്ള സംഭാഷണങ്ങളും സന്ദർഭങ്ങളും അങ്ങിങ്ങായി ഉണ്ട് ('ജർമൻ ഷെപ്പേർഡ്' നായയെ പറ്റിയുള്ള വിശദീകരണം ഒക്കെ ). ഒരേ സമയം പുസ്തകത്തിന്റെ ശക്തിയും ബലഹീനതയും ആവുന്നുണ്ട് ഇത് . ഹോംസ് -വാട്സൺ ദ്വയത്തെ അലക്സിയും -ജോണും അനുവർത്തിക്കുന്നത് ആവർത്തന വിരസത അനുഭവപ്പെടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ രഞ്ജുവിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അത്തരത്തിലുള്ളൊരു സമീപനത്തോട് ആഭിമുഖ്യക്കുറവുള്ള വായനക്കാർക്കു ഒരു പക്ഷേ അതൃപ്തി തോന്നിയേക്കാം. വില്ലന്റെ ചില ചെയ്തികൾ പൂർണ്ണമായും സംഭവ്യമാണോ എന്ന് വേണമെങ്കിൽ ചിന്തിക്കാവുന്നതാണ് .

ആകെത്തുകയിൽ ആസ്വാദ്യകരമായ ഒരു കുറ്റാന്വേഷണ നോവൽ തന്നെയാണ് മുറിഞ്ഞ വിരലുകൾ .

- നിഖിലേഷ് മേനോൻ

 

0 comments: