Pages

April 29, 2022

പുസ്തകപരിചയം: ദിവ്യ എസ് അയ്യരുടെ 'കയ്യൊപ്പിട്ട വഴികൾ '

 

വർഷങ്ങൾക്കു മുൻപ് മലയാള മനോരമ ദിനപത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ 'ഇന്നത്തെ ചിന്താവിഷയം ' എന്ന പേരിൽ ലേഖനങ്ങൾ വരുമായിരുന്നു .(ഇപ്പോഴും അത് തുടരുന്നുണ്ടോ എന്ന് തീർച്ചയില്ല ). സ്ക്കൂൾ പഠനകാലത്തു എല്ലാ കുട്ടികളോടും നിർബന്ധമായും അത് വായിക്കണം എന്ന് ടീച്ചർ പറയാറുണ്ടായിരുന്നതും വരുന്ന ആഴ്ചയിലെ ക്ലാസ് മീറ്റിംഗിൽ പോയ വാരത്തിലെ ചിന്താവിഷയത്തിന്റെ സംഗ്രഹം പറയിക്കാ റുണ്ടായിരുന്നതുമെല്ലാം ഓർമ്മകളാണ് . പ്രചോദനപരമായ കുറിപ്പുകൾ  ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പോലും ഗ്രഹിക്കാൻ പോന്ന നിലയിലുള്ളവയായിരുന്നു എന്നതായിരുന്നു അവയുടെ സ്വീകാര്യതക്കു പിന്നിൽ . . .എസ് ഉദ്യോഗസ്ഥയായ ഡോ .ദിവ്യ .എസ് .അയ്യർ എഴുതി ഡി .സി .ബുക്ക്സ് പ്രസിദീകരിച്ച 'കൈയ്യൊപ്പിട്ട വഴികൾ ' എന്ന പുസ്തകം ചെറിയ ചെറിയ അനുഭവങ്ങളിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കുവാനുള്ള പാഠങ്ങൾ പകർന്നു തരുവാൻ ശ്രമിക്കുന്ന ഒന്നാണ് .

വ്യക്തി ശുചിത്വം ,ജിജ്ഞാസ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ,അനാവശ്യ പരിഭ്രമം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ,നല്ലൊരു ശ്രോതാവായിരിക്കുന്നതിലെ ഗുണം,അവസരങ്ങളെ തിരിച്ചറിയുന്നതിലെ കഴിവ് എന്നിങ്ങനെ കുട്ടികളിലും (ഒരു പരിധി വരെ മുതിർന്നവരിലും )ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളെക്കുറിച്ചു പുസ്തകം വിശദമായി തന്നെ സംസാരിക്കുന്നുണ്ട് .കൊച്ചു കൊച്ചു കഥകളിലൂടെ സ്വാനുഭവങ്ങളിലൂടെ ലളിതമായി തന്നെ അവയെ സംവദിക്കുവാൻ എഴുത്തുകാരിക്കാവുന്നുണ്ട് .സാരോപദേശ തരത്തിലേക്ക് വീഴാതെ ജീവിതത്തിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി തന്നെയാണ് എഴുത്തു എന്നുള്ളത് വലിയ മടുപ്പു തോന്നിക്കാത്ത രീതിയിൽ വായന മുന്നോട്ടു കൊണ്ട് പോകുവാൻ സഹായിക്കുമെന്ന് തോന്നുന്നു .ഇടവിട്ടുള്ള മനോഹരങ്ങളായ ലൈൻ സ്കെച്ചുകളും പുസ്തകത്തിന്റെ മേന്മയാണെന്നു പറയാം . ജപ്പാനിലെ ഗക്കോ സോജിയെപ്പറ്റി വിവരിച്ചതെല്ലാം പുതിയ അറിവുകളായിരുന്നു .എല്ലാ അധ്യായങ്ങളോടുമൊപ്പം ലോകത്തിലെ പ്രശസ്തമായ എന്നാൽ വ്യത്യസ്തമായ ചില രീതികളെക്കുറിച്ചു വിവരിക്കുന്നതൊക്കെ ഹൃദ്യമായ അറിവുകളായിരിക്കും എന്ന് കരുതുന്നു .'കോൺമാരി മെതേഡ്' ഒക്കെ ഉദാഹരണം .

സ്കൂൾ വിദ്യാർത്ഥികൾക്ക് നല്ലൊരു വായനാനുഭവം സമ്മാനിക്കുവാൻ പുസ്തകത്തിന് സാധിക്കും എന്നതിൽ സംശയമില്ല .എന്നാൽ പ്രായഭേദമന്യേ വായിക്കപ്പെടുവാനുള്ള ഗൗരവതരങ്ങളായ വിഷയങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം . പലപ്പോഴും അതി ലളിതമായ ഒരു സെല്ഫ് -ഹെല്പ് പുസ്തകം വായിക്കുന്ന പ്രതീതി സമ്മാനിക്കുന്നുണ്ട് പുസ്തകം . നൂതനമായ ആശയങ്ങളാണ് പുസ്തകത്തിലൂടെ ലഭിക്കുക എന്ന് പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം .

ആകെത്തുകയിൽ സ്ക്കൂൾ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് പറയാം .

 

-നിഖിലേഷ് മേനോൻ


0 comments: