Pages

April 28, 2022

പുസ്തകപരിചയം : മഹാനടൻ (ബിപിൻ ചന്ദ്രൻ )

 


ശ്രീ ബിപിൻ ചന്ദ്രൻ മാഷ് എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച മഹാനടൻ എന്ന പുസ്തകം മമ്മൂട്ടിയെ പറ്റിയുള്ള ഒരു പഠന പുസ്തകമാണ് .പുസ്തകത്തിന്റെ പ്രധാന ഭാഗത്തു 'മമ്മൂട്ടിത്തം ,തച്ചന്റെ നടൻ ' എന്നീ രണ്ടു ഭാഗങ്ങളും , അനുബന്ധമായി എഴുത്തുകാരൻ നടനുമായി 2009 നടത്തിയ വിശദമായ അഭിമുഖവും ('മമ്മൂട്ടി എന്ന മനുഷ്യൻ), ശ്രീ .എം .ടി വാസുദേവൻ നായർ മമ്മൂട്ടിയെപ്പറ്റി എഴുതിയ കുറിപ്പും ( ടോട്ടൽ ആക്ടർ ),അനുഭവങ്ങൾ പാളിച്ചകൾ മുതൽ വൺ വരെയുള്ള മമ്മൂട്ടിച്ചിത്രങ്ങളുടെ റിലീസ് തീയതി അടക്കമുള്ള പട്ടികയും ചേർത്തിരിക്കുന്നു .

മമ്മൂട്ടി എന്ന ഇപ്പോഴും മലയാള സിനിമയിൽ സജീവമായ സൂപ്പർ താരത്തെപ്പറ്റി മേഖലയിൽ തന്നെയുള്ള ,അദ്ദേഹത്തിന് വേണ്ടി തിരക്കഥ എഴുതിയിട്ടുള്ള ഒരാൾ തന്നെ പുസ്തകം എഴുതുമ്പോൾ സ്വാഭാവികമായി കടന്നു വരുവാൻ സാധ്യതയുള്ള അമിത പുകഴ്ത്തലുകളോ വിഗ്രഹസൽക്കരണമോ ഒന്നും പുസ്തകത്തിൽ ഇല്ല എന്നുള്ളത് തന്നെ ഒരു മേന്മയാണ് .വളരെ വസ്തുനിഷ്ടമായി അദ്ദേഹത്തിലെ നടനെയും ,കലാകാരനേയും ,മനുഷ്യനേയും വിശകലനം ചെയ്യുവാനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത് .അങ്ങനെയെങ്കിൽ പോലും വിവാദം ആകുവാൻ സാധ്യതയുള്ള വിഷയങ്ങൾ ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ല എന്നുള്ളതും ,അത്തരത്തിലുള്ള 'instant sale' ഒന്നും പുസ്തകത്തിന് ആവശ്യമില്ല എന്ന ഉറച്ച നിലപാടും എഴുത്തുകാരൻ സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതും പ്രശംസനീയമാണ് .സൗന്ദര്യമുള്ള ,എന്നാൽ ലളിതമായ  ഭാഷയിൽ തന്നെയാണ് പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത് .'ആലക്തികദ്യുതി' പോലുള്ള അധികം ഉപയോഗത്തിൽ ഇല്ലാത്തതായ പദങ്ങൾ വായിക്കുവാൻ സാധിച്ചു എന്നത് കൗതുകമായി . സുകൃതം , വടക്കൻ'വീരഗാഥ പോലുള്ള ചിത്രങ്ങളെപ്പറ്റി പരാമർശിക്കുമ്പോൾ തന്നെ ഇന്നത്തെ തലമുറയ്ക്ക് അധികം പരിചിതമല്ലാത്ത മമ്മൂട്ടി -എം .ടി ചിത്രങ്ങളെക്കൂടി  (ഇടനിലങ്ങൾ,കൊച്ചുതെമ്മാടി )  പരിചയപ്പെടുവാനും പുസ്തകത്തിലൂടെ സാധിക്കുന്നുണ്ട് എന്ന് തോന്നുന്നു . ഓരോ സിനിമയുടേയും പിന്നണിക്കാരുടെ വിശദവിവരങ്ങളും ചേർത്തിട്ടുണ്ട് . സിനിമ സംബന്ധിയായ പുസ്തകങ്ങളിൽ സാധാരണയായി കണ്ടു വരാറുള്ള പിന്നാമ്പുറ കഥകളൊന്നും കാര്യമായി ചേർത്തിട്ടില്ല എന്നുള്ളതും മേന്മയാണ് .

പോരായ്മയായി തോന്നിയത് , ഒരൽപം കൂടി പുതിയ അഭിമുഖം അനുബന്ധമായി ചേർക്കാമായിരുന്നു എന്ന് തോന്നി .പഴശ്ശി രാജയ്ക്കും ,കുട്ടി ശ്രാങ്കിനും ശേഷം മലായാല സിനിമയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ,ഓവർ ദി ടോപ് പ്ലാറ്റഫോം പോലുള്ള സാധ്യത കളെപ്പറ്റിയും മമ്മൂക്കയുടെ അഭിപ്രായങ്ങൾ അറിയുവാൻ വായനക്കാർക്കു താല്പര്യം ഉണ്ടാകും എന്ന് തോനുന്നു .അതുപോലെ മമ്മൂട്ടി എന്ന tech geek നും പുസ്തകത്തിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ല .ഒരു പക്ഷേ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ അദ്ദേഹത്തിലെ നടനെ മാത്രം കൂടുതലായി പരിഗണിച്ചത് കൊണ്ടാകാം . താല്പര്യമുള്ള വായനക്കാർക്ക് വായിക്കാവുന്ന ലേഖനങ്ങളുടെയും ,പുസ്തകങ്ങളുടെയും പട്ടിക കൂടി അനുബന്ധമായി ചേർക്കമായിരുന്നു എന്ന് അഭിപ്രായമുണ്ട് .

ചുരുക്കത്തിൽ ചലച്ചിത്ര വിദ്യാർഥികളും , മമ്മൂട്ടി ആരാധകരും തീർച്ചയായും വായിക്കേണ്ട പുസ്തകം .

 മാതൃഭൂമി ബുക്ക്സ്

240 രൂപ

-നിഖിലേഷ് മേനോൻ


0 comments: