Pages

April 23, 2022

പുസ്തക പരിചയം : സംഗീത് മൈക്കിളിന്റെ 'ഓർമ്മകളുടെ ഓരത്തു'

 

മലയാളത്തിൽ അടുത്ത കാലത്തായി ഒരുപാട് ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങുന്നുണ്ട് .അതിൽ ശ്രദ്ധിക്കപ്പെട്ടവയും ഒരുപാട് വായിക്കപ്പെട്ടവയുമായ പുസ്തകങ്ങൾ നിരവധി ഉണ്ട് .അതെ സമയം ഓർമ്മക്കുറിപ്പുകളുടെ സ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ ഒരു സ്ഥലത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ പശ്ചാത്തലത്തിലുള്ള കഥകൾ പറയുന്ന പുസ്തകങ്ങൾ ആയിരുന്നു ശ്രീ സജീവ് ഇടത്താടൻറെ കൊടകരപുരാണവും ,സുനീഷ് വരാനാടിന്റെ വാരനാടൻ കഥകളും .മുൻ എം .പി ആയിരുന്ന ശ്രീ .കെ .വി തോമസ് മാഷിന്റെ 'കുമ്പളങ്ങി കഥകളും ' ഏറെക്കുറെ ഈ ജനുസ്സിൽ വരുന്ന പുസ്തകമായിരുന്നു . ആ ശ്രേണിയിൽ പരിഗണിക്കാവുന്ന പുസ്തകമാണ് ശ്രീ .സംഗീത മൈക്കിൾ എഴുതി .,ജി -മോട്ടിവേഷൻ ഇമ്പ്രിന്റിൽ ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ ,'ഓർമ്മകളുടെ ഓരത്തു '. കയ്യിലെത്തിയിട്ടു ഒരു വർഷത്തിന് മേലെ ആയെങ്കിലും ആദ്യ വായനയ്ക്കും ഈ കുറിപ്പിനുമിടയിൽ ഇത്രയും അകലം സംഭവിച്ചത് സാങ്കേതികമായ കാരണങ്ങൾ മൂലമാണെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ .അത് കൊണ്ട് തന്നെ രണ്ടാമത് ഒരാവർത്തി വായിക്കേണ്ടി വന്നു ഇത് എഴുതുന്നതിനു മുൻപ് .

നർമ്മത്തിൽ ചാലിച്ചു ജീവിതാനുഭവങ്ങൾ രസകരമായി തന്നെ അവതരിപ്പിക്കുവാൻ എഴുത്തുകാരന് ആയിട്ടുണ്ട് .മകൻ ,വിദ്യാർത്ഥി ,അച്ഛൻ ,സാമൂഹ്യ ജീവി ,മേലുദ്യോഗസ്ഥൻ എന്നീ നിലകളിലുള്ള ജീവിതാനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം .വളരെ ഗൗരവതരമായ ഒരു സന്ദർഭം /അനുഭവം വിവരിക്കുന്ന വേളയിൽ പോലും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുവാൻ രചയിതാവ് ശ്രദ്ധിച്ചിട്ടുണ്ട് എന്നത് മേന്മയാണ് .inspiring ആയുള്ള ഭാഗങ്ങളും പുസ്തകത്തിലുണ്ട് .കുട്ടികളുടെ സ്വപ്നങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങളും , കാഴ്ചയിൽ കൃഷഗാത്രൻ എന്ന് തോന്നുന്ന ആൺകുട്ടിയുടെ ആഗ്രഹം കേട്ട് അറിയാതെ നെറ്റി ചുളിച്ചതിന് ശേഷമുണ്ടായ പശ്ചാത്താപത്തെപ്പറ്റിയൊക്കെ സത്യസന്ധമായി വിവരിക്കുവാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട് .തനിക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റിയും , സ്വാധീനിച്ച മനുഷ്യരെപ്പറ്റിയുമെല്ലാം പറയുമ്പോൾ അത് ഹൃദയ സ്പര്ശിയായി തന്നെ വായനക്കാരന് അനുഭവപ്പെടുന്നുണ്ട് .അക്കൂട്ടത്തിൽ പ്രശസ്തരും അല്ലാത്തവരുമുണ്ട് . ജോസഫ് അന്നംക്കുട്ടി മുതൽ ,വിങ്ങലായി അവശേഷിക്കുന്ന സജി മാഷ് വരെയുണ്ട് , കൊരട്ടിയിലെ സ്ക്കൂൾ മുതൽ മലയാറ്റൂർ മല വരെയുണ്ട് ...ലോക്ക് ഡൌൺ കാലഘട്ടത്തിൽ ലോകത്തുണ്ടായ ആകുലതകളെ  'ആ പഞ്ചസാര കൂടെ കഴുകൂ ' എന്ന വരിയിലൂടെ സരസമായി വരച്ചിടുന്നുണ്ട് ശ്രീ .സംഗീത് മൈക്കിൾ . ലളിതമായ ഭാഷയിൽ രചിക്കപ്പെട്ടത് കൊണ്ട് തന്നെ ഏറെക്കുറെ മടുപ്പില്ലാതെ വായിച്ചു പോകാം ഈ പുസ്തകം .

പോരായ്മകൾ ഇല്ലെന്നല്ല . ആദ്യമായി  എനിക്ക് തോന്നിയത് , കൃത്യമായ എഡിറ്റിംഗ് ന്റെ അഭാവമാണ് .ഓർമ്മക്കുറിപ്പുകൾ എന്ന നിലയിൽ നോക്കുമ്പോൾ ദീർഘമായ വാചകങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് അഭിപ്രായമുണ്ട് .ഉദാഹരണത്തിന് - 'സമയം വൈകുന്തോറും ഉച്ചഭക്ഷണത്തിനു അമ്മ തന്നു വിട്ട എനിക്ക് ഏറ്റവും ഇഷ്ടമുള്ള 'മൊട്ട റോസ്റ്റിന്റെ ഗന്ധം വിശപ്പിന്റെ ആധിക്യം മൂലം വായിൽ കുമിഞ്ഞു കൂടിയ ഉമിനീരിനാൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു ' എന്ന വാക്യം ഒക്കെ വായിച്ചവസാനിപ്പിക്കുമ്പോൾ കല്ലുകടി അനുഭവപ്പെട്ടു . പലപ്പോഴും എഡിറ്റ് ചെയ്യപ്പെടാത്ത ഫസ്റ്റ് ഡ്രാഫ്റ്റ് എന്ന ഒരു പ്രതീതി അനുഭവപ്പെടുന്നുണ്ട് വായനയിൽ (ഒരു പക്ഷേ ,ഇത് എന്റെ മാത്രം അഭിപ്രായമാകാം ).അത് പോലെ തന്നെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു ആഖ്യാനം നീളുമ്പോൾ അങ്ങിങ്ങായി ഫോക്കസ് നഷ്ടപ്പെടുന്നത് പോലെയും തോന്നി .വളരെ ജൈവികമായി  ആയി ഒരു സംഭവം വിവരിച്ചു വരുമ്പോൾ 'distraction ' ആയി മറ്റു വിവരണങ്ങൾ  കയറി വരുന്നത് പോലെ .'ക്ലാവ്പിടിച്ച ഓട്ടു പാത്രം പോലെ മനസ്സിനും ശരീരത്തിനും മങ്ങലേറ്റിരിക്കുന്നു' എന്നതുപോലുള്ള  പ്രയോഗങ്ങൾ  ഒക്കെ മുഷിപ്പിക്കുന്നതായിപ്പോയി എന്ന് പറയാതെ വയ്യ . കവർ ചിത്രം അടുത്ത പതിപ്പിലേക്കെത്തുമ്പോൾ പരിഷ്കരിക്കണമെന്ന്  വ്യക്തിപരമായി അഭിപ്രായമുണ്ട് .എഴുത്തുകാരനെ പരിചയമില്ലാത്തവർക്ക് നിലവിലെ കവർ അത്ര ആകർഷകമായി തോന്നുവാൻ സാധ്യതയില്ലാത്തതിനാൽ പുസ്തകത്തിന് അർഹമായ  വായന ലഭിക്കുവാൻ പരിമിതികൾ ഉണ്ടായേക്കാം എന്ന് തോന്നുന്നു .എഴുത്തുകാരന്റെ ഓർമ്മക്കുറിപ്പുകൾ എന്ന നിലയിൽ പൂർണ്ണമായ സ്വാതന്ത്ര്യം ഉണ്ടെങ്കിൽപ്പോലും ചിലയിടങ്ങളിൽ സ്വാഭാവിക നർമ്മം നഷ്ടപ്പെട്ട് 'സാഹിത്യ ഭംഗി ' ക്ക് വഴി മാറിക്കൊടുക്കുവാൻ ശ്രമിക്കുന്നത് പോലെ തോന്നി .

ഓർമ്മക്കുറിപ്പുകൾ വായിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരനാണ്  എങ്കിൽ , ഗൃഹാതുരത തുളുമ്പുന്ന ഈ കുറിപ്പുകൾ  മടുപ്പില്ലാതെ വായിക്കാം .ചിരിയും ,ഒരൽപം ചിന്തയും സമ്മാനിക്കുന്നുണ്ട് ഈ പുസ്തകം .

ജി .മോട്ടിവേഷൻ (ഗ്രീൻ )

225 രൂപ

 

-നിഖിലേഷ് മേനോൻ


0 comments: