Pages

June 1, 2022

ആനന്ദഭാരം , ജിസ ജോസ്

 

"ജീവിതം അത്രേയുള്ളൂ രത്നം , ഉണങ്ങിയും വാദിയും അതാതിന്റെ യഥാർത്ഥ അവസ്ഥകളിൽ നിന്ന് മാറിയിട്ടുണ്ടാകും . പക്ഷേ , അപ്പോഴും ഏതെങ്കിലും ഒരു  രുചി അവശേഷിക്കുന്നു .ഒരിക്കലെങ്കിലും നമ്മുടെ രസമുകുളങ്ങൾ സ്പർശിച്ചു കൊണ്ട് സീൽക്കാരമുണ്ടാകുന്നു . ഇത് വലിച്ചെറിഞ്ഞു കളയാതിരിക്കുവാൻ ഒരു കാരണം മാത്രം പോരെ ?”-

                                                                                ആനന്ദഭാരം , ജിസ ജോസ്

 

വിവിധ പശ്ചാത്തലത്തിലുള്ള സ്ത്രീകളുടെ കഥ ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിൽ പറഞ്ഞ പുസ്തകമായിരുന്നു  ജിസ ജോസിന്റെ ആദ്യ നോവലായ മുദ്രിത . അനിതാ നായരുടെ 'ലേഡീസ് കൂപ്പെ' യ്ക്ക് ശേഷം disjointed എന്ന് ആദ്യ മാത്രയിൽ തോന്നുകയും എന്നാൽ പരസ്പര ബന്ധിതമായ സ്ത്രീ ജീവിതങ്ങളുടെ കഥയായി പരിണമിക്കുകയും ചെയ്യുന്ന  രചനകൾ മലയാളത്തിലടക്കം അനേകം പുറത്തു വന്നിട്ടുണ്ടെങ്കിലും മുദ്രിത പോലെ യഥാർത്ഥമായവ വിരലിൽ എണ്ണാവുന്നതേ ഉണ്ടായിട്ടുള്ളൂ എന്നാണ് വ്യക്തിപരമായ അഭിപ്രായം . ആനന്ദഭാരമെന്ന എഴുത്തുകാരിയുടെ രണ്ടാം നോവലും പ്രതീക്ഷകളെ കാക്കുന്ന , വളരെ genuine എന്ന് പറയാവുന്ന ഹൃദയസ്പർശിയായ രചനയാണ്‌ .

വിവാഹത്തിന് ശേഷം റെയിൽവേ ക്വാർട്ടേഴ്സിലെ ഇടുങ്ങിയ വീട്ടിനുള്ളിലേക്ക് തന്റെ ജീവിതം മാറ്റി എഴുതപ്പെട്ടവളാണ് ആനന്ദ ഭാരത്തിലെ പ്രധാന കഥാപാത്രമായ രത്നമേഖല . അവളുടെ വിവാഹത്തിന്റെ പിറ്റേദിവസമാണ് ഭർത്താവായ വിപിനന്റെ 'അമ്മ വിനോദിനിയ്ക്ക്  പക്ഷാഘാതം പിടിപെടുന്നത് . ഹ്രസ്വമായ ആശുപത്രി വാസത്തിനു ശേഷം ഏറെക്കുറെ vegetative അവസ്ഥയിലായ വിനോദിനി അവരുടെ മകന്റെ ക്വാർട്ടേഴ്സിന്റെ കട്ടിലിലെ കിടപ്പു രോഗിയായി മടങ്ങിയെത്തുന്നു . പുതുപ്പെണ്ണിന്റെ മോടിയിൽ നിന്ന് നഴ്‌സിങ് പഠിച്ച മരുമകളിലേയ്ക്ക് രത്നമേഖല അതിവേഗം രൂപാന്തരപ്പെടുന്നു . കൂലിയില്ലാത്ത വേലക്കാരിയായി ഭർത്താവിനും കിടപ്പു രോഗിയായ അവളുടെ അമ്മയുടെയും ഒപ്പം റെയിൽവേ ക്വാർട്ടേഴ്സിൽ കഴിയേണ്ടി കഴിയേണ്ടി വരുന്ന രത്നമേഖലയും അവളുടെ ജീവിതത്തിലെ മറ്റു മനുഷ്യരുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ . അയൽവാസിയായ പരിമളം, അവളുടെ ഭർത്താവ് ജ്ഞാനശേഖർ , സാന്ത്വനം എന്ന പേരിൽ ട്രസ്റ്റ് നടത്തുന്ന നിത്യ സഹായം അയാളുടെ ഭാര്യ മേരി , വിപിനന്റെ ബന്ധു അജയൻ , പരിമളത്തിന്റെ മാമിയാർ , മരതകം എന്നിവരെല്ലാം അവരിൽ ചിലർ മാത്രം .

സ്നേഹരാഹിത്യമാണ് പ്രധാന കഥാപാത്രങ്ങൾക്കെല്ലാം പൊതുവിലുള്ള ഒരു ഘടകം എന്ന് നിരീക്ഷിക്കാം  .വിപിനനെ സംബന്ധിച്ചിടത്തോളം  ഭാര്യ തന്റെ കിടപ്പു രോഗിയായ അമ്മയെ പരിചരിക്കുവാനുള്ള , കൂലിയില്ലാതെ വേല ചെയ്യുന്ന ഒരു പരിചാരക മാത്രമാണ് . അത് കൊണ്ട് തന്നെ അവളെ കാണാതാകുമ്പോൾ അയാൾ ആശങ്കപ്പെടുന്നതും തന്റെ അമ്മയുടെ ഭാവിയെപ്പറ്റി മാത്രമാണ് . ഒരു കൈപ്പാടകലെ  താമസിക്കുന്ന , വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവർ എന്ന് ആദ്യ മാത്രയിൽ തോന്നിക്കുന്ന രത്നമേഖലയും പരിമളവും യഥാർത്ഥത്തിൽ ഒരേ ചരടിലെ കണ്ണികളാണെന്ന് അനാവൃതമാകുന്നു . പരിമളത്തിന്റെ വ്യഥകൾ ഒരൽപ്പം കൂടി ഗോപ്യമാണെന്നു മാത്രം . മക്കളുടെ മരണത്തിനു ശേഷം നിത്യസഹായത്തിന്റെയും , മേരിയുടേയും അവസ്ഥയും വിഭിന്നമല്ല .

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഇനിയുമുണ്ട് നോവലിൽ . കഥയുടെ പ്രധാന ഭാഗങ്ങളിലെല്ലാം കിടപ്പു രോഗിയായി തുടരുന്ന വിനോദിനി , അവരുടെ ഭൂതകാല ജീവിതത്തിലൂടെ സജീവ സാന്നിധ്യമാകുന്നുണ്ട് . രത്നമേഖലയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം ഇരുട്ടിലാക്കിയ സ്ത്രീ ആണെങ്കിൽപ്പോലും വായനക്കാരന് അവർ ഒരിക്കലും ഒരു ബാധ്യത ആയി തോന്നുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ് . സ്വന്തം തറവാട്ടിൽ അഭയാർത്ഥി ആകേണ്ടി വന്ന വിനോദിനിയുടെ നിസ്സഹായതയും അരക്ഷിതാവസ്ഥയും കൃത്യതയോടെ തന്നെ വായനക്കാരിലേക്കെത്തുന്നു . തന്റെ ഇങ്കിതത്തിനു  എതിരായി ഏക മകൻ വിവാഹം കഴിച്ചു കൊണ്ടുവന്ന  കൊണ്ട് വന്ന പെണ്കുട്ടിയോടുള്ള എതിർപ്പ് അവർ പ്രകടിപ്പിക്കുന്നതും വിചിത്രമായ രീതിയിലാണ് . ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞു തിരിച്ചെത്തുന്ന പരിമളം അവളുടെ മടങ്ങിവരവിന്റെ പ്രചോദനം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുന്നതും വർത്തമാനകാലത്തിന്റെ ജീവിത യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നു . രത്നവും അജയനും തമ്മിലുള്ള ദീർഘമായ സംഭാഷണം ഉൾപ്പെടുന്ന രംഗവും പുസ്തകത്തിന്റെ high -point കളിൽ ഒന്നാണ് .

മുദ്രിതയിലെപ്പോലെ തന്നെ കഥാപാത്രങ്ങളെ കൃത്യമായി വരച്ചിടുവാനും അവർ കടന്നു പോകുന്ന സാഹചര്യങ്ങളെ പക്ഷം പിടിക്കാതെ തന്നെ അനുവാചകനിലേക്ക് വ്യക്തമായി പകർന്നു തരുവാനും എഴുത്തുകാരിക്ക് കഴിയുന്നുണ്ട് . നിത്യസഹായവും ,മേരി പ്രീതയുമെല്ലാം നോവലിലെ സുപ്രധാനമായ കഥാപാത്രങ്ങളായി മാറുകയും കഥ അവരുടെ കൂടി ജീവിതമാണെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നുണ്ട് . കുറ്റാന്വേഷണ നോവലുകൾ രചിച്ചിട്ടുള്ളത് കൊണ്ടാകും , ക്ലൈമാക്സിൽ രണ്ടു മികച്ച വഴിത്തിരിവുകൾ എഴുത്തുകാരി വായനക്കാർക്കായി കാത്തു വെച്ചിട്ടുണ്ട് . അതിൽ ആദ്യത്തേത് ഏറെക്കുറെ പ്രതീക്ഷിച്ചതാണെങ്കിലും രണ്ടാമത്തേത് തികച്ചും അപ്രതീക്ഷിതമായാണ് എനിക്ക് അനുഭവപ്പെട്ടത് . കേവലമായ shock value വിനു അപ്പുറം കഥാപാത്രങ്ങളുടെ പൂർണ്ണത സാധ്യമാക്കുവാൻ വഴിത്തിരിവുകൾക്കു സാധിക്കുന്നെണ്ടെന്നാണ് എന്റെ പക്ഷം . രത്നമേഖലയും , പരിമളവും മാത്രമല്ല ജ്ഞാനശേഖറും , വിപിനനുമെല്ലാം യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് , അല്ലെങ്കിൽ അവരുടെ ചെയ്തികൾ അങ്ങനെ ഒക്കെ ആയിത്തീരുവാൻ എന്തായിരുന്നു കാരണമെന്ന് നമ്മെ കാട്ടിത്തരുന്നുണ്ട്  ട്വിസ്റ്റുകൾ . നോവലിസ്റ്റിന്റെ ആദ്യ നോവലുമായി താരതമ്യപ്പെടുത്തുമ്പോൾ പൂർണ്ണതയുള്ള ക്ലൈമാക്സ് പുസ്തകത്തിന്റെ പ്രധാന മേന്മയാണ് . സ്ത്രീ ജീവിതങ്ങളാണ് വിഷയങ്ങളെങ്കിലും രണ്ടു പുസ്തകങ്ങളും വേറിട്ട വിഷയങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ് . മുദ്രിത യുടെ തുടക്കം ദുരൂഹതയിലൂടെ , ഏറെക്കുറെ ഒരു കുറ്റാന്വേഷണ നോവൽ എന്ന് തോന്നിപ്പിക്കുന്ന വിവിധത്തിലാണെങ്കിൽ ആനന്ദഭാരത്തിലേക്കെത്തുമ്പോൾ പര്യവസാനം ഉദ്വെഗഭരിതമായ രീതിയിൽ തന്നെയാണെന്ന് നിസ്സംശയം പറയാം .

പോരായ്മകൾ ഇല്ലെന്നല്ല . നേർ രേഖയിൽ സഞ്ചരിക്കുന്ന സംഭവബഹുലമായ ഒരു കഥ നോവലിൽ ഉണ്ടോ എന്ന് ചോദിച്ചാൽ നോവലിന്റെ മുക്കാൽ പങ്കും എത്തുന്നത് വരെയും ഇല്ല  എന്ന് തന്നെയായിരിക്കും ഉത്തരം . സംഭവങ്ങളുടെ  ബാഹുല്യത്തേക്കാൾ കഥാപാത്രങ്ങളുടെ വികാസത്തിനാണ് നോവലിൽ പ്രാമുഖ്യം . അത് വിജയിച്ചിട്ടുണ്ട് താനും . പുരുഷ കഥാപാത്രങ്ങളെ ഏറെക്കുറെ മുഴുവനായും നെഗറ്റീവ് കഥാപാത്രങ്ങൾ ആക്കിക്കളഞ്ഞു എന്നതും ചെറിയൊരു കല്ലുകടിയായി .

ഈ പുസ്തകത്തെ ഒറ്റവാക്കിൽ എങ്ങനെ വിശേഷിപ്പിക്കും എന്ന് ചോദിച്ചാൽ ഏറെക്കുറെ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ടു സ്ത്രീകൾ തമ്മിലുള്ള (രത്നമേഖലയും പരിമളവും ) തമ്മിലുള്ള അദൃശ്യമായ ചങ്ങാത്തത്തിന്റെ കഥ എന്ന് ഒരു പക്ഷേ ഞാൻ പറഞ്ഞേക്കും .

ആകെത്തുകയിൽ മികച്ച ഒരു വായനാനുഭവം സമ്മാനിക്കുന്നുണ്ട് ജിസ ജോസിന്റെ ആനന്ദഭാരം .

 -നിഖിലേഷ് മേനോൻ


0 comments: