Pages

June 19, 2022

പുസ്തക പരിചയം : എന്റെ കുറ്റാന്വേഷണ യാത്രകൾ ; എം.പി. മുഹമ്മദ്‌ റാഫി

 


ഉമാദത്തന്‍ സാറിന്റെ ‘ഒരു ഫോരെന്സിക്ക് സര്‍ജന്റെ ഡയറിക്കുറിപ്പുകള്‍’ കുറ്റാന്വേഷണ ശാസ്ത്രത്തിലെ പല പ്രധാന തത്ത്വങ്ങളും real life കേസുകളുടെ വെളിച്ചത്തില്‍ ലളിതമായി പ്രതിപാദിച്ച പുസ്തകമായിരുന്നു. വളരെയധികം വായിക്കപ്പെടുകയും ഇപ്പോഴും സജീവമായി പുസ്തകശാലകളില്‍ തുടരുകയും ചെയ്യുന്ന പുസ്തകമാണ് അത്. പല മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും അനുഭവക്കുറിപ്പുകളും മലയാളത്തില്‍ അതിനെതുടര്‍ന്ന് പുറത്തു വന്നിട്ടുണ്ട്. അവയില്‍ സര്‍വീസ് സ്റ്റോറി എന്നതിനപ്പുറം കേസ് ഡയറിയിലെ കുറിപ്പുകള്‍ എന്നമട്ടില്‍ വായിച്ചു പോകാവുന്നവയും ഉണ്ടായിട്ടുണ്ട്. ശവങ്ങളുടെ കഥ എന്റേയും (രഘുനാഥന്‍), പോസ്റ്റ്‌ മോര്‍ട്ടം ടേബിള്‍ (ഫോരെന്‍സിക്, ഡോ. ഷേര്‍ലി വാസു), എന്‍.രാമചന്ദ്രന്‍, കുറ്റാന്വേഷണത്തിന്‍റെ കാണാപ്പുറങ്ങള്‍) ഇവയെല്ലാം അവയില്‍ ചിലത് മാത്രമാണ്. ആ ശ്രേണിയിലേക്ക് പുതുതായി ചേര്‍ത്ത് നിര്‍ത്താവുന്ന പുസ്തകമാണ് ശ്രീ. എം.പി. മുഹമ്മദ്‌ റാഫി എഴുതി ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ എന്റെ കുറ്റാന്വേഷണ യാത്രകള്‍’.

സമൂഹത്തിന്റെ പൊതുസ്വഭാവമായി ചിലപ്പോഴെങ്കിലും ചേര്‍ന്ന് നില്‍ക്കുന്നതാണ് അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ എന്ന് പറയാറുണ്ട്‌. ചിലപ്പോഴെങ്കിലും അത്ശരിയാണെന്ന് തോന്നാറുമുണ്ട്. ആ തോന്നലുകളെ ശരിവെക്കുന്നവയാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചില കേസ്സുകളെങ്കിലും. സ്വന്തം അമ്മൂമ്മയെ കൊലപ്പെടുത്തുന്ന പതിനാറുകാരനും, എളുപ്പ വഴിയിലൂടെ പണം സമാഹരിക്കുവാനായി ഇല്ലാത്ത നിധിയുടേയും നാഗമാണിക്യത്തിന്റെയും എല്ലാം പിന്നാലെ പായുന്ന മലയാളിയുടെ ദുരാഗ്രഹവും അത് അവശേഷിപ്പിക്കുന്ന കുറ്റകൃത്യങ്ങളും പുസ്തകത്തില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. കേസുകളെ പറ്റിയുള്ള വ്യക്തിപരമായ ചെറു വിശകലനങ്ങളും ‘പിന്നാമ്പുറം’ എന്ന തലക്കെട്ടില്‍ പ്രസ്തുത അധ്യായങ്ങളുടെ ഒടുവിലായി എഴുത്തുകാരന്‍ ചേര്‍ത്തിട്ടുണ്ട്. ചില പുതിയ അറിവുകളും പുസ്തകം സമ്മാനിക്കുന്നുണ്ട്. ഉദാഹരണത്തിന് നേപ്പാളും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉടമ്പടി നിലവിലില്ല എന്നത് പുതിയ അറിവായിരുന്നു. സിനിമ കുറ്റകൃത്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും പുസ്തകം വ്യക്തമാക്കുന്നുണ്ട് ( തമ്പി കൊലക്കേസ്- ഉത്തമന്‍).

യഥാര്‍ത്ഥ കേസുകളെ അതിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ലളിതമായി, precise ആയി വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ എഴുത്തുകാരന്‍ പൂര്‍ണ്ണമായി വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും. കുറ്റകൃത്യങ്ങളുടെ സാങ്കേതിക-legal വശങ്ങളെക്കാലുപരി അവയുടെ modus operandi യും, പ്രതികളുടെ സാമൂഹ്യ പശ്ചാത്തലവും ഒരു ഫീല്‍ഡ് തല കുറ്റാന്വേഷകന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന പുസ്തകമാണ് ‘എന്റെ കുറ്റാന്വേഷണ യാത്രകള്‍’. തിരുട്ടു ഗ്രാമങ്ങളിലെയും, ആന്ധ്രാ-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന്കേരളത്തിലെത്തി മോഷണം നടത്തി വന്നിരുന്ന സംഘങ്ങളെപറ്റിയുമെല്ലാം വളരെ വിശദമായി തന്നെ പുസ്തകം പറയുന്നുണ്ട്. അത് പോലെ വീട്ടുടമയുടെ കൊലപാതകത്തില്‍ കരുതിക്കൂട്ടിയല്ലെങ്കില്‍ പോലും പങ്കാളിയാകേണ്ടി വന്ന പരിചാരകയുടെ അനുഭവവും എല്ലാവര്ക്കും തിരിച്ചറിവ് നല്‍കുന്നതാണ്. തൊണ്ണൂറുകളുടെ അന്ത്യ പാദത്തിലും രണ്ടായിരമാണ്ടിന്റെ മധ്യത്തിലും വളരെ വ്യാപകമായിരുന്ന ‘നാഗമാണിക്യം-റൈസ് പുള്ളര്‍’ തട്ടിപ്പും, അതിനോടനുബന്ധിച്ചു നടന്ന കൊലപാതകവുമെല്ലാം  നടുക്കത്തോടെയെ വായിക്കുവാന്‍ സാധിക്കൂ. കുപ്രസിദ്ധരായ പല ക്രിമിനലുകളുടെയും modus operandi പുസ്തകതിനോടുവിലായി ചേര്‍ത്തിട്ടുണ്ട്. ഏറ്റവും നടുക്കിയ അദ്ധ്യായങ്ങളില്‍ ഒന്ന് പുസ്തകത്തില്‍ ഏറ്റവും അവസാനതെതും കേസ്സുകളില്‍ ഏറ്റവും ഒടുവിലായി നടന്നതുമായ (രണ്ടായിരത്തി ഇരുപത്തി ഒന്ന്- മാര്‍ച്) സുബിറാ ഫര്‍ഹാത് murder കേസ് ആണ്. മനുഷ്യന്റെ ക്രൂരതകളെ തുറന്നു കാട്ടുന്ന്നുണ്ട് ആ സംഭവം. കുറ്റകൃത്യവും അത് മറച്ചു വെക്കാനുള്ള ശ്രമങ്ങളും പലപ്പോഴും ജീതു ജോസഫ്‌ സിനിമകളെക്കാളും വിചിത്രവും സംഭവബഹുലവുമാനെന്നുനീ പറയാതെ വയ്യ!

പോരായ്മയായി തോന്നിയത് ചില കേസ്സുകള്‍ (അവയുടെ അന്വേഷണം) എങ്കിലും വായനക്ഷമത മുന്‍ നിര്‍ത്തി ഏറെ ലഘൂകരിച്ചതായി തോന്നി. ഭാഷാപരമായും വലിയ മേന്മകള്‍ ഒന്നും പുസ്തകത്തിന്‌ അവകാശപ്പെടാനില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ വല്ലാത്ത ആവര്‍ത്തന വിരസതയും അനുഭവപ്പെട്ടു. ആകസ്മികമായ പല കണ്ടെത്തലുകളും, ചില സന്ദര്‍ഭങ്ങളിലെങ്കിലും അന്വേഷണത്തില്‍ സഹായകമായി വന്നിട്ടുള്ളതായും തോന്നി.( അത് എഴുത്തിലെ പോരായ്മയായി പറയാനാവില്ലെങ്കിലും). അത് പോലെ, ശാസ്ത്രീയമായ കണ്ടെത്തലുകള്‍/ അറിവുകള്‍ പ്രതീക്ഷിച്ചു പുസ്തകം വാങ്ങുന്നവരും ഒരു പക്ഷേ നിരാശരായേക്കാം. പലപ്പോഴും പ്രതികളെ അന്വേഷിച്ചുള്ള ദീര്‍ഘമായ യാത്രകലേക്കുറിച്ചുള്ള വിവരണങ്ങളാണ് അവശേഷിക്കുന്നത്.

ആകെത്തുകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കേസ് ഡയറി വായിക്കുന്ന പ്രതീതി സമ്മാനിക്കുവാന്‍ പുസ്തകതിനാവുന്നുണ്ട്.

-      നിഖിലേഷ് മേനോന്‍

0 comments: