വിശാല മനസ്ക്കന്റെ 'ഹൃദയ പുരാണം ' വായിക്കുവാനെടുത്തപ്പോൾ അവതാരികയിൽ സൂചിപ്പിച്ചതു പോലെ കണ്ണീരിന്റെ പുസ്തകം ആയിരിക്കുമോ എന്ന ആശങ്കകൾ ഉണ്ടായിരുന്നു . എന്നാൽ സംശയങ്ങൾ ആസ്ഥാനത്തായിരുന്നു എന്ന് ആദ്യ പേജുകൾ വായിച്ചപ്പോൾ തന്നെ വെളിവായി . സജീവ് ഇടത്താടൻറെ സ്വതസിദ്ധമായ നർമ്മവും രസകരമായ ഉപമകളുമൊക്കെയുള്ള ട്രേഡ് മാർക്ക് പുസ്തകം തന്നെയാണ് 'ഹൃദയപുരാണം '. എന്നാൽ ചില കഥകളുടെ ഒടുക്കം ചെറുതായി നമ്മെ കണ്ണ് നനയ്ക്കാൻ ഇത്തവണ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും ചേർത്ത് പറയാം എന്നേയുള്ളു .
കൊടകര പുരാണവും ,ദുബായ് ഡേയ്‌സ്‌മെല്ലാം പോലെ നർമ്മത്തിൽ ചാലിച്ച ഓർമ്മകുറിപ്പുകളാണ് 'ഹൃദയ പുരാണവും '. എടത്താടനെ ഒരിക്കലെങ്കിലും കണ്ടു സംസാരിച്ചവർക്കറിയാം അദ്ദേഹത്തിന്റെ ഉള്ളിലുള്ള നന്മയും കുട്ടിത്തവും . അതിനെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്ന എഴുത്ത് തന്നെയാണ് ഈ പുസ്തകം . പ്രവാസ ജീവിതത്തിനിടെ ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ താങ്ങായി മാറിയ മജീദ് എഗ്‌ബാലി എന്ന വിദേശിയിൽ തുടങ്ങി നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും തുണയായി നിൽക്കുന്ന ഷാജുവിലും ജിനുവിലും അവസാനിക്കുന്ന ഹൃദയപുരാണം ഒരേ സമയം നമ്മെ ചിരിപ്പിക്കുകയും കണ്ണ് നിറക്കുകയും ചെയ്യും . വെട്ടിയൊതുക്കിയ , ഒതുക്കമുള്ള ഉപമകളാണ് ഈ പുസ്തകത്തിന്റെ ഹൈ ലൈറ്റ് . 'ദുബായ് ഡേയ്‌സിൽ' ഒന്ന് രണ്ടിടങ്ങളിൽ കൈമോശം വന്നു എന്ന് തോന്നിച്ച ഭാഷാ ലാളിത്യം പൂർവ്വാധികം ശക്തിയോടെ വിശാല മനസ്ക്കൻ ഈ പുസ്തകത്തിലൂടെ തിരിച്ചു പിടിക്കുന്നത് കാണാം .
'കഴിഞ്ഞ വർഷത്തെ മഴയത്തു സ്‌കൂൾ വിട്ടു വന്ന പോലെ വന്ന വെള്ളം ഒഴുകിപ്പോകാൻ പാടമന്വേഷിച്ചപ്പോൾ അവിടെ ഒരു എയർപ്പോർട്ട് കാണുകയും എന്നാലതിന്റെ അകത്തെ സെറ്റപ്പൊക്കെ ഒന്ന് കണ്ടേച്ചും പോകാം എന്ന് കരുതി കേറുകയും ചെയ്തതിനെത്തുടർന്ന് , നെടുമ്പാശ്ശേരി എയർപോർട്ട് താൽക്കാലികമായി അടച്ചിട്ട സമയം' എന്നും 'കാര്യങ്ങളൊക്കെ സിമ്പിളായി എടുക്കുന്ന , വലിയ ടെൻഷൻ ഒന്നുമില്ലാതെ ജീവിക്കുന്ന ആളുകളുടെ ലൈഫ് എന്നും അങ്ങിനെത്തന്നെയങ്ങു പോകും എന്നത് അച്ഛന്റെ കേസ്സിൽ അച്ചട്ടായിരുന്നു 'എന്നും എടത്താടൻ കുറിക്കുമ്പോൾ നമുക്ക് യോജിക്കാതിരിക്കാനാവില്ലല്ലോ !
പുസ്തകം എത്തിക്കുവാൻ വേണ്ടി പണ്ടൊരിക്കൽ സഹായിച്ച മനേഷ് എന്ന ചെറുപ്പക്കാരൻ മുതൽ ഏതോ വിദേശ ബാങ്കിലെ എൽ .സി ക്ലിയർ ചെയ്യുന്ന മലയാളിയായ ഉദ്യോഗസ്ഥൻ വരെ വിശാല മനസ്ക്കന്റെ ഓർമ്മകളിൽ നിറയുന്നുണ്ട് . 'ജാക്കിയുടെ സാഹസങ്ങളും ' ഇടയ്ക്കു ചിരിയുടെ മാലപ്പടക്കം തീർക്കുന്നുണ്ട് . അച്ഛനേയും അമ്മയെയും കുറിച്ച് എടത്താടൻ എഴുതിയ അധ്യായങ്ങളാണ് ഏറ്റവും കണ്ണ് നനയിക്കുന്നവ.
തീർച്ചയായും രസിച്ചു വായിക്കാവുന്ന , പൊടിക്ക് നൊമ്പരപ്പെടുത്തുന്ന പുസ്തകം തന്നെയാണ് 'ഹൃദയപുരാണം '.
-നിഖിലേഷ് മേനോൻ
0 comments:
Post a Comment