Pages

August 9, 2020

'വിലായത്തു ബുദ്ധ' - ജി ആർ ഇന്ദുഗോപൻ

 യാത്ര  ആരംഭിച്ച ബുള്ളറ്റ് ട്രെയിനിൽ ഇരിക്കുന്നത്  പോലെയാണ്  ജി ആർ ഇന്ദുഗോപന്റെ രചനകൾ വായിക്കുന്ന ശരാശരി വായനക്കാരന് ലഭിക്കുന്ന അനുഭവം . വര്ണനകളുടെ അമിത ജാഡകളോ വിവരങ്ങളുടെ ആഡംബരങ്ങളോ  കൂടാതെ നേരിട്ടങ്ങു കയറുകയാണ് കഥയിലേക്ക്‌ .അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലഘു നോവൽ ആയ 'വിലായത്തു ബുദ്ധ ' യും ഇക്കാര്യത്തിൽ വിഭിന്നമല്ല . ആഴ്ചപ്പതിപ്പിൽ  ഈ നോവൽ ആദ്യം പുറത്തു വന്നപ്പോൾ വായിക്കാൻ അവസരം ലഭിച്ചിരുന്നില്ല എങ്കിലും  മാതൃഭൂമി പുസ്തക രൂപത്തിൽ ഇറക്കിയത് അനുഗ്രഹം ആയി . പുസ്തകത്തിന്റെ  ആമുഖത്തിൽ കഥാകാരൻ പറയുന്നത് പോലെ യശ്ശശരീരനായ കലാകാരൻ ശ്രീ സച്ചി യ്ക്ക് വളരെ ഇഷ്ടപെട്ട കഥ ആയിരുന്നു ഇത് എന്ന് വായിച്ചു കഴിയുന്ന മാത്രയിൽ തന്നെ നമുക്ക് ബോധ്യമാകും .


തീട്ടം ഭാസ്കരനും ചന്ദനക്കള്ളൻ ഡബിൾ മോഹനും തമ്മിലുള്ള സംഘർഷങ്ങളാണ് പുസ്തകത്തിന്റെ അടിസ്ഥാന തന്തു .മറയൂരിലെ ചന്ദനക്കടത്തും ചന്ദനക്കൊള്ളയും പശ്ചാത്തലമായി വരുന്നു എന്ന് മാത്രം .ഭാസ്കരന്റെ മകൻ ആനിയും ,ചോലയ്ക്കലെ ചെമ്പകവും മകൾ ചൈതന്യവും ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ . ഒരു  വലിയ  നാണക്കേടിൽ നിന്ന് മുക്തനാവാൻ ഭാസ്കരൻ കണ്ടു പിടിക്കുന്ന വിചിത്രമായ ആശയവും ,നടത്തുന്ന കോടതി വ്യവഹാരവും അതിനു വിലങ്ങു തടിയായി വരുന്ന ഡബിൾ മോഹനും അയാളുടെ പകയും എല്ലാം രസകരമായി തന്നെ കഥാകാരൻ വരച്ചിടുന്നുണ്ട് . സുഗന്ധവും ദുർഗന്ധവും ചൈതന്യ മലയും ,ചന്ദന മരവും അകിലും എല്ലാം ശക്തമായ പ്രതീകങ്ങൾ ആയും കടന്നു വരുന്നു .

രണ്ടു വ്യക്തികൾ തമ്മിലുള്ള ക്ലാഷ് നെ രസകരമായി വെള്ളിത്തിരയിൽ എത്തിയ്ക്കുന്നതിൽ ജീനിയസ് ആയിരുന്ന സച്ചി മാഷ് ഈ കഥ സിനിമയാക്കുവാൻ തീരുമാനിച്ചതിൽ തെല്ലും അതിശയം ഇല്ല. പൾപ്പിന്റെ മർമ്മം  അറിയുന്ന എഴുത്തുകാരനായ  ജി ആർ ഇന്ദുഗോപനും പോപ്പുലർ സിനിമയുടെ തലതൊട്ടപ്പനായി അവരോധിക്കപ്പെട്ടു വന്നിരുന്ന സച്ചി മാഷും ഒന്നിച്ചിരുന്നെങ്കിൽ മലയാള സിനിമയ്ക്കും സിനിമാ പ്രേമികൾക്കും  ഒരിക്കലും മറക്കാൻ ആവാത്ത ഒരു ദൃശ്യ വിരുന്നു തന്നെയായി തീർന്നേനെ 'വിലായത് ബുദ്ധ ' എന്നുള്ളതിൽ തീർത്തും സംശയം ഇല്ല . അത്ര കണ്ടു വിഷ്വൽ പൊട്ടൻഷ്യൽ ഉള്ള കഥയും കഥാപരിസരവും ആണ് ഈ ചെറു നോവലിന് .

ധൈര്യമായി വാങ്ങാം ,വായിക്കാം ഈ പുസ്തകം .

0 comments: