ശ്രീമതി ബിജി ജി ബാബുവിന്റെ ആദ്യ നോവലാണ് ഡി സി -സെഡോറ പ്രസിദ്ധീകരിച്ച നന്യാറ്റാർജതി. ഇതൊരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ നോവലായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ അഴുകിയ നിലയിൽ, ജനനേന്ദ്രിയം പോലും നഷ്ടപ്പെട്ട നിലയിൽ ഒരു മൃതശരീരം കണ്ടു കിട്ടുന്നതിൽ നിന്നാണ് ഈ നോവൽ ആരംഭിക്കുന്നത്. കൊലപാതകം എന്ന് ആദ്യം തന്നെ പോലീസിന് വ്യക്തമാവുന്നുവെങ്കിലും കൊല ചെയ്യപ്പെട്ടത് ആര്, എന്തായിരുന്നു മോട്ടീവ്, എങ്ങനെയായിരുന്നു ആ കൊലപാതകം ആസൂത്രണം ചെയ്തത് എന്നിവയിൽ തുടങ്ങി അപ്രതീക്ഷിതമായ നിരവധി വഴിത്തി രിവുകളിലൂടെ മുന്നേറുന്ന നോവൽ, അതിന്റെ അവസാന അദ്ധ്യായം വരെ ട്വിസ്റ്റ് ഒളിപ്പിച്ചു വെക്കുന്നുണ്ട്.
അവിചാരിതമായാണ് ഈ പുസ്തകം കയ്യിലെത്തിയത്. അത് കൊണ്ട് തന്നെ ഇതിന്റെ genre, സ്വഭാവം എന്നിവയെപ്പറ്റിയൊന്നും കാര്യമായ മുൻധാരണകൾ ഉണ്ടായിരുന്നില്ല വായന തുടങ്ങുമ്പോൾ. ടൈറ്റിൽ, കവർ ചിത്രം എന്നിവയും കാര്യമായി ഒരു സൂചനയും നൽകിയുമില്ല. എന്തായാലും ആദ്യ അദ്ധ്യായം മുതൽ തന്നെ, കഥയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്.
മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ആയത് കൊണ്ട് തന്നെ ആരോഗ്യ രംഗത്തെ കോർപ്പറേറ്റ് നയങ്ങൾ, മരുന്ന് /ചികിത്സാ പരീക്ഷണം, അൺ എത്തിക്കൽ ആയുള്ള ചില ആക്ടിവിറ്റീസ് എന്നിവയൊക്കെയും കഥയിൽ കടന്നു വരുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി നോവലിസ്റ്റ് പറയാൻ ഉദ്ദേശിച്ചിട്ടുള്ളത് ട്രാൻസ് ജൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളും, സമൂഹം അവരെ നോക്കി കാണുന്ന രീതികളെക്കുറിച്ചുമൊക്കെയാണ്. കഥാ പരിസരം മുംബൈ ആകുന്നു എന്നത് കൊണ്ട് തന്നെ അവിടെയുള്ള സ്ഥലങ്ങൾ , കുടി വെള്ളത്തിന്റെ ലഭ്യത ക്കുറവ്, ജനങ്ങളുടെ മോശം സിവിക് സെൻസ് എന്നിവ കഥയിൽ പലയിടത്തും പരാമർശിച്ചു പോവുന്നുണ്ട്. ഡോ നിരുപമ, ഡോ അരുൺ, അമിത്, ഉപാസന, തൃപ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
കഥയുടെ മേന്മയായി ഒന്നിലധികം കാര്യങ്ങൾ ഉണ്ട്. മുംബൈ നഗരം, കഥയുടെ 'കോർ കണ്ടന്റ്', സമൂഹം ഇനിയും gender sensitive ആവേണ്ടതിന്റെ പ്രാധാന്യം, ആഖ്യാനത്തിന്റെ വേഗം, ട്വിസ്റ്റുകളിലെ പുതുമ എന്നിവയെല്ലാം അവയിൽ പെടുന്നു.
ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിയവയും ഉണ്ട്. എഴുത്തുകാരിയുടെ ആദ്യ നോവൽ എന്ന നിലയിൽ അവയെല്ലാം ഒരു പരിധി വരെ കണ്ണടയ്ക്കാം എന്ന് തോന്നുന്നു. ട്വിസ്റ്റുകളുടെ placement /ലാൻഡിംഗ് ഒരൽപ്പം കൂടി മെച്ചപ്പെടുത്തിയിരുന്നെങ്കിൽ കുറേക്കൂടി impactful ആയേനെ നോവൽ എന്ന് അഭിപ്രായമുണ്ട്.കുറച്ചു ലോജിക്കൽ പ്രശ്നങ്ങളും /too convenient coincidences ഉം കഥാവഴിത്തി രിവുകളിൽ സംഭവിച്ചിട്ടുള്ളതായി തോന്നി. സംഭാഷണങ്ങളും (ഇൻവെസ്റ്റിഗേറ്റർസ് പരസ്പരം സംസാരിക്കുന്നത് ) മെച്ചപ്പെടുത്താമായിരുന്നു. അത് പോലെ ക്ലൈമാക്സ് പോർഷൻസ് ഒക്കെ ഒരല്പം കൂടി വികസിപ്പിക്കാമായിരുന്നു.
ആകെത്തുകയിൽ കഴിവുള്ള എഴുത്തുകാരിയാണ് ശ്രീമതി ബിജി എന്നാണ് അവരുടെ ആദ്യ പുസ്തകം എന്ന നിലയിൽ ഈ നോവൽ വായിക്കുമ്പോൾ എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടത്. കൂടുതൽ മികച്ച ത്രില്ലറുകൾ ഇനിയും എഴുതാൻ അവർക്ക് സാധിക്കട്ടെ.
- നിഖിലേഷ് മേനോൻ


















.jpeg)








