Pages

December 22, 2021

പുസ്തകം : കോമ അൻവർ അബ്ദുള്ള

 

മലയാള സാഹിത്യത്തിൽ കുറ്റാന്വേഷണ ഉപശാഖ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനും ഏതാണ്ട് പത്തു വര്ഷങ്ങള്ക്കു മുൻപ് ലക്ഷണമൊത്ത കുറ്റാന്വേഷണ നോവലുകൾ മലയാളി വായനക്കാർക്കു സമ്മാനിച്ച എഴുത്തുകാരനാണ് ശ്രീ അൻവർ അബ്ദുള്ള . ഡിറ്റക്റ്റീവ് പെരുമാൾ എന്ന കുറ്റാന്വേഷകന് ആദ്യ  പുസ്തകങ്ങളിൽ സേതുരാമയ്യരുടെ സ്വാധീനം കാര്യമായി ഉണ്ടായിരുന്നെങ്കിൽ പിന്നീട് ആ കഥാപാത്രം സ്വന്തമായൊരു വ്യക്തിത്വം കൈവരുന്നത്  നാം കണ്ടു .പല കാരണങ്ങൾ കൊണ്ടും ഇറങ്ങിയ കാലഘട്ടത്തിൽ അർഹിച്ച വായന ആ പുസ്തകങ്ങൾക്ക് ലഭിച്ചില്ല എങ്കിലും 2019 ന് ശേഷം മലയാളികൾ ആ പുസ്തകങ്ങളെ വീണ്ടെടുക്കുകയും വളരെയധികം അവ വായിക്കപ്പെടുകയും ചെയ്തു (വ്യക്തിപരമായി പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ റിപ്പബ്ലിക്ക് പോലുള്ള പുസ്തകങ്ങളാണ് എനിക്ക് കൂടുതൽ പ്രിയപ്പെട്ടതെങ്കിലും ). ഈ ഒരു പശ്ചാത്തലത്തിലാണ് പുതിയൊരു കുറ്റാന്വേഷകനെ ഡിറ്റക്റ്റീവ് ജിബ്‌രീലിലൂടെ അൻവർ മാഷ് അവതരിപ്പിക്കുന്നത് .

പ്രമാദമായ ഒരു കേസ്സിന്റെ കോടതി നടപടികൾ കഴിഞ്ഞു വീട്ടിലേക്കെത്തുന്ന അഡ്വക്കേറ്റ് പോൾ എന്ന മുതിർന്ന അഭിഭാഷകൻ ഒരു അപകടത്തിൽപ്പെടുന്നതും അദ്ദേഹം കോമയിൽ ആകുന്നതും അതിന് പിന്നിലുള്ള ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണമാണ് പുസ്തകത്തിന്റെ കഥാതന്തു. ഭാര്യയിൽ നിന്നും അകന്നു കഴിയുന്ന പോളിന്റെ അപകടത്തിന് പിന്നിൽ അയാളുടെ മകൻ തന്നെയായിരുന്നു എന്ന് പോലീസ് കണ്ടെത്തുന്ന ഘട്ടത്തിൽ ഡിറ്റക്റ്റീവ് ജിബ്‌രീൽ രംഗ പ്രവേശം നടത്തുന്നു.തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ചുരുളഴിക്കുന്ന രഹസ്യങ്ങൾ പുസ്തകത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു .

അൻവർ മാഷിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർക്കു അദ്ദേഹത്തിന്റെ ഭാഷാ ശൈലിയെപ്പറ്റിയും , narrative ൽ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളെപ്പറ്റിയും കൃത്യമായ ധാരണ ഉണ്ടാകും . ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലും , റിപ്പബ്ലിക്ക് ലും ,എല്ലാം അത് പരിചയിച്ചിട്ടുള്ളതുമാണ് .കോമ യിലേക്കെത്തുമ്പോൾ പുസ്തകത്തിന്റെ potential വായനക്കാരെ മനസ്സിൽ കരുതിയത് കൊണ്ട് തന്നെയാവണം ഒരു പാട് out -of -the box പരീക്ഷണങ്ങൾക്കൊന്നും അദ്ദേഹം മുതിർന്നിട്ടില്ലെങ്കിൽപോലും ഭാഷാപരമായും , ഘടനാപരമായും ഈ വിഭാഗത്തിൽ വളരെ മികച്ച ഒരു സൃഷ്ടി തന്നെ നൽകുവാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട് .ഭാഷാപരമായി പൾപ്പ് കുറ്റാന്വേഷണ കൃതികൾക്കു മുകളിൽ നിൽക്കുമ്പോൾ പോലും overtly literary ആയിപ്പോകുവാതിരിക്കുവാൻ 'കോമ ' യ്ക്ക് സാധിക്കുന്നുണ്ട് .' 'അർദ്ധഗോളത്തെയും മുഴുകി നിന്നിരുന്ന രാത്രിയുടെ കറുപ്പിനെ ഐ .സി .യു .അല്പംപോലും അകത്തേക്കടുപ്പിച്ചില്ല' എന്ന മട്ടിലുള്ള വാചകങ്ങൾക്കൊക്കെ വല്ലാത്തൊരു ചന്തമുള്ളപ്പോൾ പോലും കൃത്യമായി വായനക്കാരനോട് സംവദിക്കുവാനുമാകുന്നുണ്ട്.

Disciplinary self developed, artistically trained, technically creative, academically learnt and uniquely humane anarchist ആയിട്ടുള്ള ഡിറ്റക്റ്റീവ് ന്റെ ‘origins’ സ്റ്റോറി കൂടിയാണ് കോമ . സ്പോയ്ലർ ആകുമെന്നതിനാൽ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശകലനത്തിലേക്കൊന്നും കടക്കുന്നില്ലെങ്കിൽ പോലും കഥയിൽ വഴിത്തിരിവാകുന്ന സ്ത്രീ കഥാപാത്രങ്ങളെ , അവർ അർഹിക്കുന്ന ആഴത്തിൽ അനുവാചകന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുവാൻ അൻവർ മാഷിന്റെ എഴുത്തിനു കഴിയുന്നുണ്ട് എന്നാണു എനിക്ക് തോന്നിയത് .വിക്ടർ എന്ന കഥാപാത്രവും നന്നായിത്തന്നെ വന്നിട്ടുണ്ട് .

ചെറിയ ഒരു പോരായ്മയായി എനിക്ക് തോന്നിയത് , ഡിറ്റക്റ്റീവ് ന്റെ back story ഈ പുസ്തകത്തിൽ കാര്യമായി വരുന്നില്ല എന്നതാണ് . എങ്കിലും അത് സീരീസ് ഇലെ വരും പുസ്തകങ്ങളിൽ കാണും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ .

കുറ്റാന്വേഷണ പുസ്തകങ്ങൾ മലയാളത്തിൽ കൂടുതലായും വരുന്ന ഈ കാലത്തു വായനക്കാർ കൂടിയാകുന്ന എഴുത്തുകാരും തീർച്ചയായും  വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് കോമ .

-നിഖിലേഷ് മേനോൻ

0 comments: