Pages

September 9, 2022

പുസ്തക പരിചയം : പത്മരാജനും ഓർമ്മകളും ഞാനും -സുരേഷ് ഉണ്ണിത്താൻ

 

തൊണ്ണൂറുകളിലെ സിനിമാ പ്രേമികൾക്ക് മറക്കുവാൻ കഴിയാത്ത പേരുകളാണ് പി .ജി .വിശ്വംഭരനും , ഹരിദാസും , കെ .കെ .ഹരിദാസും , സുരേഷ് ഉണ്ണിത്താനുമെല്ലാം . സൂപ്പർ താരങ്ങളുടെ അകമ്പടിയില്ലാതെ ചെറിയ ബഡ്ജറ്റിൽ സിനിമകൾ ഒരുക്കി തരക്കേടില്ലാത്ത വിജയം കൈവരിച്ചവർ ആയിരുന്നു മേൽ പറഞ്ഞ സംവിധായകർ ഒക്കെയും . അത്യാവശ്യം നിലവാരമുള്ള , ആസ്വാദ്യകരമായിരുന്ന സിനിമകൾ ആയിരുന്നു ഇവർ ഒരുക്കിയതൊക്കെയും . ഇവയിൽ പലതും കൊല്ലം പ്രണവം , ആരാധന , ഗ്രാൻഡ് തീയറ്ററുകളിൽ കണ്ടത് ഇപ്പോഴും നിറമുള്ള കുട്ടിക്കാലത്തെ ഓർമ്മകളാണ് എന്നെ സംബന്ധിച്ചിടത്തോളം .
സുരേഷ് ഉണ്ണിത്താൻ എഴുതി പാപ്പാത്തി ബുക്ക്സ് പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് , പത്മരാജനും , ഓർമ്മകളും ഞാനും . ശ്രീ .ഡെന്നിസ് ജോസെഫിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിന് ശേഷം സിനിമാ മേഖലയിൽ നിന്നുള്ള , ഇത്രയും സത്യസന്ധമായ , ഒഴുക്കോടെ വായിച്ചു പോകാവുന്ന പുസ്തകങ്ങൾ അധികം വന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ് . മഹാനായ എഴുത്തുകാരനും സംവിധായകുമായിരുന്ന ശ്രീ .പി .പദ്മരാജന്റെ ശിഷ്യനും ,അസ്സോസിയേറ്റ് സംവിധായകനായിരുന്ന കാലഘട്ടത്തിലെയും , പിന്നീട് സ്വതന്ത്ര സംവിധായകനായി മാറിയ കാലഘട്ടത്തിലെയും സിനിമാ -സീരിയൽ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീ .സുരേഷ് ഉണ്ണിത്താൻ , ഈ പുസ്തകത്തിലൂടെ.
വിജയങ്ങളെപ്പോലെ തന്നെ , തന്റെ പരാജയങ്ങളെക്കുറിച്ചും സത്യസന്ധമായി തുറന്നെഴുതുവാൻ ശ്രീ .സുരേഷ് ഉണ്ണിത്താന് സാധിച്ചിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മയായി എനിക്ക് തോന്നിയത് . അഭിമുഖങ്ങളിലും മറ്റും അമിത വിനയത്തോടെ പെരുമാറുന്ന ശ്രീ .ജയറാമിൽ നിന്നുണ്ടായ ദുരനുഭവങ്ങളും , ക്ഷിപ്ര കോപ്പിയെങ്കിലും പെട്ടെന്ന് തണുക്കുന്ന ശ്രീ .മമ്മൂട്ടിയുടേയും , ഗുരുവായ ശ്രീ പദ്മരാജന്റെയും സ്വഭാവ സവിശേഷതകളും ആരെയും വേദനിപ്പിക്കാത്ത മട്ടിൽ വായനക്കാരിലേക്ക് പകർന്നു നൽകുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് .
പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാമെന്നു തോന്നുന്നു . സംവിധാന സഹായിയായി കൂടെവിടെ മുതൽ (പോസ്റ്റ് പ്രൊഡക്ഷൻ ) മൂന്നാം പക്കം വരെയുള്ള അനുഭവങ്ങൾ , സ്വതന്ത്ര സംവിധായകനായി 'ജാതകം' മുതൽ 'ക്ഷണം ' വരെയുള്ള ഓർമ്മകളും , 'പ്രണവം ' മുതൽ 'തുലാഭാരം ' വരെയുള്ള സീരിയൽ ഓർമ്മകളും വിജയങ്ങൾക്കു മാത്രമല്ല പരാജയങ്ങൾക്കും ഒരുപാട് പഠിപ്പിക്കുവാനുണ്ടെന്നു ഈ പുസ്തകത്തിലെ അനുഭവങ്ങളിലൂടെ ശ്രീ സുരേഷ് ഉണ്ണിത്താൻ നമുക്ക് പറഞ്ഞു തരുന്നു .
സിനിമ സീരിയൽ രംഗത്തിന്റെ നിറമാർന്ന കഥകൾ മാത്രം കേട്ട് ശീലിച്ചിട്ടുള്ളവർക്ക്‌ ഈ പുസ്തകം തീർച്ചയായും ഒരു പുതിയ അനുഭവമായിരിക്കും . വിജയിച്ചു നിൽക്കുന്ന അവസ്ഥയിൽ പോലും ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം എത്ര മാത്രം വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ടെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു . പരാജയപ്പെട്ട സിനിമകളെക്കുറിച്ചും സീരിയൽ സംരംഭങ്ങളെക്കുറിച്ചും പറയുമ്പോഴും ആരെയും കുറ്റപ്പെടുത്തുവാൻ ശ്രീ ഉണ്ണിത്താൻ തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ് .
നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയിലും , മികച്ച എഡിറ്റിങ്ങിലുമാണ് ഈ പുസ്തകം പ്രസാധകർ പുറത്തിറക്കിയിട്ടുള്ളത് എന്ന് എടുത്തു പറയേണ്ടതുണ്ടെന്നു തോന്നുന്നു . അകമ്പടിയായി നല്ല ചിത്രങ്ങളുമുണ്ട് .
ചുരുക്കത്തിൽ എല്ലാ സിനിമാ വിദ്യാർത്ഥികളും ,സിനിമാ പ്രേമികളും വായിച്ചിരിക്കേണ്ട പുസ്തകം.

- നിഖിലേഷ് മേനോൻ

0 comments: