എൺപതുകളിലും
തൊണ്ണൂറുകളിലും ഐ .വി .ശശി ,ഷാജി കൈലാസ് പോലുള്ള സംവിധായകർ സാമൂഹ്യ -രാഷ്ട്രീയ സിനിമകൾ
ധാരാളമായി പുറത്തിറക്കിയിരുന്നു .അവയിൽ പലതും വലിയ വിജയങ്ങളും ഇപ്പോൾ കണ്ടാൽപ്പോലും
ഗൃഹാതുരത തുളുമ്പുന്ന അനുഭവമായി തോന്നുവാൻ സാധ്യത ഉള്ളതുമാണ് ,ചിലർക്കെങ്കിലും . അന്നത്തെ
കാലത്തെ സമകാലീനമായിരുന്ന വിഷയങ്ങളെ ജനങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന രീതിയിൽ അവതരിപ്പിക്കുക
, സംഭവ്യമല്ലെങ്കിലും നീതിയുടെ പക്ഷത്തു എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലുള്ള
സൊല്യൂഷൻസ് മുന്നോട്ടു വെക്കുക എന്ന ധർമ്മമാണ് ഈ ചലച്ചിത്രങ്ങൾ ഒക്കെയും ചെയ്തിരുന്നു
പോന്നത് . കാലക്രമേണ ജനങ്ങളുടെ അഭിരുചികളിൽ മാറ്റം വരുകയും ,സോഷ്യൽ മീഡിയയിലൂടെയും
മറ്റും ഇത്തരത്തിലുള്ള ' ഇൻസ്റ്റന്റ് ജസ്റ്റിസ് accomplishment ' പൊതുജനത്തിന് പ്രാപ്ര്യമാവുകയും ചെയ്തപ്പോൾ അത്തരത്തിലുള്ള സിനിമകളുടെ പ്രസക്തി നഷ്ടപ്പെടുകയാണ്
ഉണ്ടായത് .(തമിഴ് സിനിമകളിൽ വിജിലാന്റെ ജസ്റ്റിസ്
ഫോർമുല ഇപ്പോഴും ഒരു പരിധി വരെ വിജയകരമായി
ശങ്കറിനെ പോലെയുള്ള സംവിധായകർ ഉപയോഗിക്കുന്നുണ്ടെങ്കിൽപ്പോലും ). എം .ബി സന്തോഷിന്റെ ‘ഒന്നാം മരണം’ ആ ജനുസ്സിൽ
പെടുത്താവുന്ന ഒരു പുസ്തകമാണ് .
കുന്നേൽ ചന്ദ്രൻ
കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു .സാത്വികനും നീതിമാനുമായിരുന്ന അദ്ദേഹം ചിത്രഗുപ്തന്
കണക്ക് പിശക് സംഭവിച്ചത് മൂലം ആയുസ്സെത്തും മുൻപേ പരലോകത്തെത്തുന്നു . എന്നാൽ അഞ്ചു
വർഷങ്ങൾ പിന്നിടുമ്പോഴാണ് നോട്ടപ്പിശക് സംഭവിച്ചത് ശ്രദ്ധയിൽപ്പെടുന്നത് .അനുവദനീയമായ
ആയുസ്സ് അനുഭവിച്ചു തീർക്കുവാനായി കെ .സി .യെ വീണ്ടും ഭൂമിയിലേക്ക് അയക്കുന്നു . എന്നാൽ
ഭൂമിയിൽ എത്തിയപ്പോഴാണ് കെ .സി . താൻ ഭരിച്ചിരുന്ന നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ കണ്ടു
അത്ഭുതപ്പെടുന്നത് .കുത്തഴിഞ്ഞു പോയ രാഷ്ട്രീയ ഭൂമികയിൽ തന്നാൽ കഴിയുന്ന തരത്തിലുള്ള
മാറ്റങ്ങൾ കൊണ്ടുവരാൻ അദൃശ്യനായ കെ.സി .തന്റെ സുഹൃത്തായ കെ .ടി .ആറിന്റെ സഹായത്തോടെ
നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ആകെത്തുക.
ലളിതമായ ഭാഷയിൽ
എഴുതപ്പെട്ട ,വേഗത്തിൽ വായിച്ചു പോകാവുന്ന തരത്തിലുള്ള ഒരു പുസ്തകമാണ് 'ഒന്നാം മരണം
'.കെ .സി .നാട്ടിലെത്തിയതിനു ശേഷം ക്ഷേത്രം പോലെ തോന്നിക്കുന്ന തന്റെ സ്മൃതി മണ്ഡപം
കണ്ടു അത്ഭുതപ്പെടുന്നതൊക്കെ തീർച്ചയായും ചിരി സമ്മാനിക്കുന്നുണ്ട് .തുടർന്നുള്ള ഒന്ന്
രണ്ടു അധ്യായങ്ങളും അതീവ ഹൃദ്യമാണ് . ആക്ഷേപ
ഹാസ്യം ഒന്ന് രണ്ടിടങ്ങളിൽ നന്നായി relate ചെയ്യാൻ കഴിയുന്ന രീതിയിൽ, രസകരമായി അവതരിപ്പിക്കുവാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്
.
എന്നാൽ വലിയ തെറ്റില്ലാത്ത തുടക്കത്തിന് ശേഷം പിന്നീടങ്ങോട്ട് പഴഞ്ചൻ മട്ടിലുള്ള അവതരണത്തിലേക്ക് കഥയും കഥാഗതിയും മാറിപ്പോവുന്നതാണ് പിന്നീട് അനുഭവപ്പെടുന്നത് . എപ്പിസോഡിക്ക് മട്ടിലുള്ള അവതരണം മോശമാണെന്നല്ല , ഇത്തരത്തിലുള്ള ഒരു പുസ്തകത്തിന് ഒരു പരിധി വരെ അത് അനുയോജ്യവുമാണ് . കഥാപാത്രങ്ങളുടെ വികസനത്തെക്കാളുപരി , നടക്കുന്ന സംഭവങ്ങളിലൂന്നി വായനക്കാരനെ രസിപ്പിക്കുവാനുള്ള എഴുത്തുകാരന്റെ ശ്രമം പക്ഷേ അമ്പേ പാളിപ്പോവുന്നുണ്ട് .(കുറഞ്ഞ പക്ഷം എന്നിലെ വായനക്കാരന് അങ്ങനെയാണ് അനുഭവപ്പെട്ടത് ).ബാർ കോഴ ,സോളാർ ,ചിട്ടി തട്ടിപ്പു ,ഭക്ഷ്യ ധാന്യ തട്ടിപ്പു , ആശുപത്രികളിലെ കൈക്കൂലി എന്ന് വേണ്ട കണ്ടും കേട്ടും പഴകിയതും പ്രസക്തി നഷ്ടപ്പെട്ടു പോയതുമായ പല പഴയ കാല വിഷയങ്ങളും ഒട്ടും തന്നെ പുതുമ തോന്നാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന നോവലായി മാറുന്നുണ്ട് ഈ പുസ്തകം ..അങ്ങിങ്ങായി ഒറ്റപ്പെട്ട ചിരി സമ്മാനിക്കുന്നുണ്ടെങ്കിലും ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്ലോട്ട് , ഒന്നുമില്ലാതെ ആയിപ്പോയ ഒരു പ്രതീതിയാണ് അനുവാചകന് സമ്മാനിക്കുന്നത് .
അഴിമതിയെ നേരിടുവാൻ
ഫേസ്ബുക്കിന്റെ സഹായത്തോടെ , ഒളിക്യാമറ ഉപയോഗിച്ച് ക്യാമ്പയിൻ നടത്തുന്നതൊക്കെ തൊണ്ണൂറുകളുടെ
അവസാനം പുറത്തിറങ്ങിയിരുന്നെങ്കിൽ തീർച്ചയായും വായനക്കാരന് നവ്യാനുഭവം സമ്മാനിച്ചേനെ
.
സമീപകാലത്തു
പുറത്തിറങ്ങിയ ആസിഫ് അലി നായകനായി അഭിനയിച്ച ‘എല്ലാം ശെരിയാകും’ എന്ന സിനിമയാണ് ഈ പുസ്തകം വായിച്ചപ്പോൾ ഓർമ്മ വന്നത്
. നല്ലൊരു setting ഉണ്ടായിട്ടു പോലും 'പഴയ തീപ്പൊരി' സംഭവങ്ങളുടെ ധാരാളിത്തം മൂലം ഒട്ടും
ഏശാതെ പോയ ഒരു അനുഭവം ആയി മാറിയിരുന്നു ആ ചിത്രം
! ഈ നോവൽ വായിച്ചു
കഴിഞ്ഞപ്പോഴും ഏതാണ്ട് അത് തന്നെയാണ് തോന്നിയത്.
ഒരു പത്തു കൊല്ലങ്ങൾക്കെങ്കിലും
മുൻപ് പുറത്തിറങ്ങിയിരുന്നെങ്കിൽ വളരെയധികം വായിക്കപ്പെടുവാൻ സാധ്യത ഉണ്ടാകുമായിരുന്നു
,ഈ 'പൊളിറ്റിക്കൽ സറ്റയർ -വിജിലന്റ് ജസ്റ്റിസ്' നോവൽ !
-നിഖിലേഷ് മേനോൻ
.
0 comments:
Post a Comment