മലയാളത്തിൽ
കുറ്റാന്വേഷണ കഥകൾക്കും ക്രൈം നോവലുകൾക്കും സ്വീകാര്യത വന്ന് തുടങ്ങി എന്ന് മനസ്സിലായപ്പോൾ സംഭവിച്ച ഒരു പ്രതിഭാസമാണ് വർഷങ്ങൾക്കു
മുൻപ് എഴുതി വെച്ചതോ ,പണ്ട് പ്രസിദ്ധീകരിക്കാതെ പോവുകയോ ചെയ്ത രചനകൾ പുതിയതെന്ന മട്ടിൽ 'ത്രസിപ്പിക്കുന്ന ത്രില്ലർ /കുറ്റാന്വേഷണ നോവൽ ' എന്ന ടാഗ് ലൈനോടെ
പുറത്തിറക്കുക എന്നത് . ഇതിൽ പലതും സത്യത്തിൽ
സാമൂഹ്യ'നോവലുകൾ എന്ന മട്ടിലോ ,അത്
എഴുതപ്പെട്ട കാലഘട്ടത്തിൽ ഒരുപക്ഷേ വായനക്കാരനെ ത്രസിപ്പിക്കുവാൻ
പ്രാപ്തമായ രചനകളോ ആയിരുന്നു എന്നതാണ് യാഥാർഥ്യം . എന്നാൽ മാറിയ കാലഘട്ടത്തിൽ യാതൊരുവിധത്തിലുള്ള പുതുക്കലുകളോ മാറ്റിയെഴുത്തോ നടത്താതെ പുറം ചട്ടയിലെ ടാഗ്
ലൈൻ മാത്രം അപ്ഡേറ്റ് ചെയ്ത് 'ജനപ്രിയ' വായനയ്ക്കായി അവതരിപ്പിക്കപ്പെട്ട കാലഹരണപ്പെട്ട ഒരു നോവലാണ് 'ഒരു
സി.ബി .ഐ കഥ'.
ശ്രീനഗറിൽ
വെച്ച് ദുരൂഹമായ സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്ന ബിസിനെസ്സുകാരനായ തന്റെ ഭർത്താവിന്റെ തിരോധാനം അന്വേഷിച്ചിറങ്ങുന്ന രമ എന്ന സ്ത്രീയുടെ
അന്വേഷണമാണ് പുസ്തകത്തിന്റെ കഥാ തന്തു.
അങ്ങിങ്ങായി
ചില 'ട്വിസ്റ്റുകൾ' നോവലിസ്റ്റ് ഒളിച്ചു വെച്ചിട്ടുണ്ട് . അത് അവതരിപ്പിച്ചിരിക്കുന്നത് വളരെ പരിതാപകരമായ രീതിയിലാണെങ്കിലും
ചില വഴിത്തിരിവുകൾ അപ്രതീക്ഷിതവും ആസ്വാദ്യകരവുമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും . പണ്ടെപ്പോഴോ എഴുതപ്പെട്ട നോവൽ ആണെന്നൊരു പ്രതീതി
വായനക്കാരന് ഉടനീളം ലഭിക്കുന്നുണ്ടെങ്കിലും (ആദ്യ എഡിഷൻ dec 2020 എന്നാണ്
പുറം ചട്ടയിലെങ്കിലും ) കഥയിലെ അടിസ്ഥാനപരമായ ക്രൈം ഇന്നും relevant ആയിട്ടുള്ള ഒന്നാണ് .ഭാഷ വളരെ ലളിതവും
വേഗത്തിൽ വായിച്ചു പോകാവുന്നതുമാണ്.
പുസ്തകത്തിലെ
പല ഭാഗങ്ങളും വളരെ archaic ആയിട്ട് അനുഭവപ്പെടുന്നുണ്ട്. എഴുപതുകളിലെയും അറുപതുകളിലേയും ജനപ്രിയ രചനാ ശൈലി പലയിടങ്ങളിലും
കാണാം. കൃഷ്ണൻ നായർ ,ബാലൻ'നായർ ,രാമൻ
നായർ എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങൾ ഒക്കെയും 'നായന്മാർ' ആണെന്ന് മാത്രമല്ല (എൻ .എസ് .എസ്
വാർഷികത്തിന് പുസ്തകം വിൽപ്പനക്ക് വെച്ചാൽ ചിലപ്പോൾ നല്ല വിജയമാകും !) , അവർ
പരസ്പരം അഭിസംബോധന ചെയ്യുന്നതും സംസാരിക്കുന്നതുമൊക്കെ പഴയകാല
പ്രേം -നസീർ ,അടൂർ -ഭാസി സിനിമകളിലെപ്പോലെ "സീ , മിസ്റ്റർ
നായർ , നിങ്ങളെ ഞാൻ നിലം പരിശാക്കും ..." എന്ന
മട്ടിലൊക്കെയാണ് .
കഥ നടക്കുന്നത് ഇന്നത്തെ കാലഘട്ടത്തിലാണ് എന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും
മൊബൈൽ ഫോണോ ഇന്റെർനെറ്റോ whatsapp ഒന്നുമില്ലാത്ത
, ദീർഘ ദൂര ബസ് യാത്രയ്ക്കുള്ള
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ട്രാവൽ ഏജൻസികളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ,ബോംബയ്ക്കും ഡെല്ഹിക്കുമൊക്കെ ഫോൺ വിളിക്കുവാൻ ആയിരങ്ങൾ
ചെലവ് വരുമെന്നൊക്കെ കഥാപാത്രങ്ങൾ പലയിടങ്ങളിലും പറയുന്നുണ്ട് . അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് കഥയിലുടനീളം .ട്രെയിനിൽ വച്ച് ആദ്യമായി കണ്ടു മുട്ടുന്ന രമയെ സകല ചിലവുകളും
വഹിച്ചു തങ്ങളുടെ വീട്ടിൽ താമസിപ്പിക്കുകയും അവരുടെ ഹൈ -സ്ക്കൂൾ ലെവൽ
കുറ്റാന്വേഷണത്തിൽ സജീവ പങ്കാളികൾ ആകുന്നതുമൊക്കെ
ബാലിശവും ,അവിശ്വസനീയവുമായി ചില വായനക്കാർക്കെങ്കിലും തോന്നിയാൽ അതിശയിക്കാനില്ല.അത് പോലെ തന്നെ
ഭർത്താവിന്റെ മരണം /തിരോധാനം അറിഞ്ഞ ഉടനെ തന്നെ കൃഷ്ണൻ
എന്ന കഥാപാത്രം രമയുടെ ഭാവി ജീവിതത്തിലെ ചിലവുകളെപ്പറ്റിയൊക്കെ
സംസാരിക്കുന്നതൊക്കെ കഥാപാത്ര സൃഷ്ടിയിലെ പോരായ്മയായി തന്നെ അനുഭവപ്പെടുന്നുണ്ട് . മാർക്കറ്റിങ്ങിന് വേണ്ടിയാകും ടൈറ്റിൽ 'സി .ബി .ഐ
' പ്രത്യക്ഷപ്പെട്ടത് എന്ന് തോന്നുന്നു.
കാലത്തിനും
,വായനക്കാരന്റെ അഭിരുചികൾക്കും കാര്യമായ വില കൊടുക്കാതെ കാലം
തെറ്റിപ്പിറന്ന ഒരു പാതി വെന്ത
വായനാനുഭവം എന്ന് കടുത്ത നിരൂപകർ ഒരു പക്ഷേ വിശേഷിപ്പിക്കുവാൻ
സാധ്യതയുള്ള പുസ്തകം .
-നിഖിലേഷ്
മേനോൻ
0 comments:
Post a Comment