ചില സിനിമകൾ കാണുമ്പോൾ തോന്നാറുണ്ട് ആദ്യ പകുതി അത്രക്കങ്ങു വന്നില്ല , എന്നാൽ രണ്ടാം പകുതിയും ക്ലൈമാക്സും ഗംഭീരമായി എന്നൊക്കെ . എന്നാൽ പുസ്തകങ്ങളെപ്പറ്റി പറയുമ്പോൾ അത്തരത്തിലൊരു താരതമ്യത്തിന് പൊതുവെ പ്രസക്തി ഉണ്ടാകാറില്ല , നിശ്ചിതമായ ഇന്റർവെൽ പോയിന്റോ , പകുതികളായുള്ള വേർതിരിവോ ഒന്നും അവയ്ക്ക് ബാധകമല്ല എന്നത് തന്നെ കാരണം .
വിശാല മനസ്ക്കന്റെ ബ്ളർബും പിന്നെ ഗ്രീനിൽ നിന്നുള്ള പുസ്തകം ആയതു കൊണ്ടുമാണ് മഹേഷ് ഹരിദാസിന്റെ 'പണ്ട് പണ്ട് പണ്ട് ' വാങ്ങിയത് . കൊടകരപുരാണം ശൈലിയിൽ ഒരു രചന തന്നെയാണ് പ്രതീക്ഷിച്ചതും . എന്നാൽ വായന തുടങ്ങി ആദ്യ ഇരുപത് പേജുകളോളം പിന്നിട്ടപ്പോൾ നിരാശയാണുണ്ടായത് . തമാശയിൽ പൊതിഞ്ഞു കുട്ടിക്കാല കഥകളും , നാട്ടു വിശേഷങ്ങളെയും നാട്ടാരെയുമെല്ലാം കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും തമാശകൾക്കൊന്നും വലിയ സ്പാർക് ഇല്ലാത്തതു പോലെ . ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ ചിരി വരാത്ത അവസ്ഥ , വാക്യങ്ങളും അനാവശ്യ ഉപമകളും വർണ്ണനകളുമൊക്കെയായി ആകെയൊരു കൃത്രിമത്വം പോലെ . ഇനി ചായക്കപ്പ് മാറിപ്പോയോ എന്ന മട്ടിലൊരു ആശങ്ക . വായന നിർത്തണോ എന്ന് കരുതിയെങ്കിലും വിശാലന്റെ വാക്കിൽ ഒരു വിശ്വാസം തോന്നി .
വായന ഒരു അമ്പതു പേജ് ഒക്കെ പിന്നീട്ടപ്പോ സംഗതി കളറങ്ങട് മാറിത്തുടങ്ങി . അമാന്തിച്ചു നിന്ന ചിരിയൊക്കെ മിന്നൽ പിടിച്ചു വരണത് പോലൊരു ഫീല് .ബിസിനസ് മാഗ്നറ്റും ,റോസി ടീച്ചറും , ആർക്കിമീഡിസ് ആംബ്രോസേട്ടനുമെല്ലാം ഹാജര് വച്ചപ്പോ സംഗതി ചിരിച്ചിട്ട് ശ്വാസം വിടാൻ പറ്റാത്ത അവസ്ഥ .കുട്ടീഷ്‌ണ വധം ബാലെയും ,something unusual മെല്ലാം എത്ര കഠിന ഹൃദയനെപ്പോലെയും ചിരിപ്പിക്കാതെ തരമില്ല .കാതൽ ദേശം കാണാൻ രാഗത്തിൽ പോയി ജോക്കി ഓർ നതിങ് എന്ന സിദ്ധാന്തത്തിന് അടിവരയിട്ടതും , ബേക്കറി കളറാക്കാൻ സതീശൻ ഫോൺ കണക്ഷൻ എടുത്തതുമെല്ലാം ജോർ ആയിട്ടുണ്ട് . പുസ്തകം ഈയൊരു ഘട്ടം എത്തുമ്പോൾ കൊടകരപുരാണമാണോ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് എന്നൊരു ശങ്ക എന്നെപ്പോലെ നിങ്ങൾക്കും തോന്നും എന്നാണു എന്റെയൊരിത് .
പുരുഷോത്തമൻ സാറും ,ട്രെയിനിന് സൈഡ് കൊടുത്തു വലിയ മനസ്സുകാട്ടിയ ഷൂമാക്കറുമെല്ലാം വായന കഴിഞ്ഞാലും ചിരിപ്പിക്കും എന്നത് കട്ടായം .
ധൈര്യമായി വായിച്ചോളൂ , ചിരിക്കാനായി .
-നിഖിലേഷ് മേനോൻ
0 comments:
Post a Comment