Pages

September 23, 2022

പുസ്തക പരിചയം : ചിരി പുരണ്ട ജീവിതങ്ങൾ -രമേഷ് പിഷാരടി

 

മലയാളത്തിൽ ഹാസ സാഹിത്യത്തിന് പുഷ്കര കാലമാണെന്ന് തോന്നുന്നു . പൊട്ടിച്ചിരിപ്പിക്കുന്ന , ചെറു ചിരിയെങ്കിലും സമ്മാനിക്കുന്ന മികച്ച പുസ്തകങ്ങൾ അടുത്ത കാലത്തായി മലയാളത്തിൽ സംഭവിച്ചു . ഒരു പക്ഷെ ലൈബ്രറി കൌൺസിൽ മേളയോട് അനുബന്ധിച്ചു , പെൻഡിങ് നിന്നിരുന്ന പുസ്തകങ്ങൾ ഒരുമിച്ചു പുറത്തു വന്നതുമാകാം . എന്തായാലും പുസ്തക പ്രേമികളെ സംബന്ധിച്ചിടത്തോളം ശുഭകരമാണ് .

നടനും , സംവിധായകനും , കൊമേഡിയനായ ശ്രീ .രമേശ് പിഷാരടി എഴുതി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ചിരി പുരണ്ട ജീവിതങ്ങൾ നല്ല പത്തരമാറ്റ് ചിരി സമ്മാനിക്കുന്ന പുസ്തകമാണ് .മുകേഷ് കഥകളോ , ഞാൻ ഇന്നസെന്റൊ ഒക്കെ വായിക്കുന്നത് പോലെ രസത്തിൽ വായിച്ചു പോകാവുന്ന പുസ്തകം . തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളെ പൊടിപ്പും തൊങ്ങലുമായി നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുകയാണ് ശ്രീ .പിഷാരടി ഈ പുസ്തകത്തിലൂടെ . വിശാല മനസ്ക്കനെയോ , മോനി ഡോക്ടറെയോ , മഹേഷ് ഹരിദാസനെയോ , ബിപിൻ ചന്ദ്രനെയോ പോലെ വിദഗ്ധമായ ഭാഷാപ്രയോഗത്തിലൂടെ നർമ്മം സൃഷ്ടിക്കുന്നതിന് പകരം , പറയുന്ന സംഭവത്തിലെ സ്വാഭാവിക നർമ്മ പരിസരത്തിലൂടെ ചിരിയുണർത്തുകയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത് . അദ്ദേഹത്തിന്റെ സ്റ്റാൻഡ് അപ്പ് ഷോ കളോ ,അഭിമുഖങ്ങളോ വായിക്കുന്നത് പോലൊരു അനുഭവം .
ഭാഷാപരമായി വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിർന്നിട്ടില്ലെങ്കിലും ഇരുത്തി ചിന്തിപ്പിക്കുന്ന ചില വാക്യങ്ങൾ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് . ഉദാഹരണത്തിന് -' ഡിമാൻഡ് ' വല്ലാത്തൊരു വാക്കാണ് .കാലത്തിനനുസരിച്ചു പലതിനോടുമൊപ്പം ചേരുന്ന ഒന്ന് എന്നും ,സിക്സ് പാക്കിന്റെ തള്ളിക്കയറ്റത്തിൽ ഫീൽഡ് ഔട്ടായ സിക്സ് പാക്ക് സാമ്പത്തിക ഭദ്രതയുള്ള മുതലാളിമാർക്കാണ് കാണുകയെന്നും അവർക്ക് മാവേലിയായി വേഷം കെട്ടേണ്ട ആവശ്യമില്ലായെന്നും പിഷാരടി പറയുമ്പോൾ അതിൽ ചിരിയും ചിന്തയുമുണ്ട് .
ലളിതമായ ഭാഷയിൽ എഴുതപ്പെട്ട , ചിരിപ്പിക്കുന്ന അനുഭവങ്ങളാണ് പുസ്തകത്തിലെ മിക്ക കുറിപ്പുകളും . ഒന്ന് രണ്ടെണ്ണം അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും (സുശീലൻ വർക്കിലാ ), രസകരമായി തന്നെ അവതരിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട് .ധർമജൻ ബോൾഗാട്ടിയും ചില കുറിപ്പുകളിൽ സഹ കഥാപാത്രമായി വരുന്നുണ്ട് , തന്റെ തിക്താനുഭവങ്ങൾ പിൽക്കാലത്ത് സിനിമയിൽ ഉപയോഗിച്ചത് വിശദീകരിക്കുമ്പോഴും (അര മണിക്കൂർ ചിരിപ്പിക്കുവാൻ എത്രയാ ) കൃത്രിമത്വം അനുഭവപ്പെടുന്നില്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ് .ഷണ്മുഖവും , നടരാജൻ ചേട്ടനും ,വിജയൻ ചേട്ടനുമെല്ലാം നമ്മുടെ പരിസരത്തു തന്നെയുള്ളവർ ആവാനേ തരമുള്ളു .എൺപതോളം പേജുകളിൽ വരുന്ന നർമ്മക്കുറിപ്പുകൾക്കു അകമ്പടിയായി ശ്രീ .ബാലു .വി .വരച്ച ഇരുപത്തി അഞ്ചോളം ചിത്രങ്ങളുമുണ്ട് .

തീർച്ചയായും ചിരിക്കുവാൻ തയ്യാറെങ്കിൽ പുസ്തകം വാങ്ങിക്കൊള്ളൂ .
മാതൃഭൂമി ബുക്ക്സ് , 160 രൂപ
-നിഖിലേഷ് മേനോൻ

0 comments: