Pages

September 24, 2022

പുസ്തക പരിചയം : പ്ലാനറ്റ് നയൻ -മായാ കിരൺ


 

മായാ കിരൺ എഴുതി ഡി .സി .ബുക്ക്സ് പ്രസിദ്ധീകരിച്ച പ്ലാനറ്റ് നയൻ സ്‌പേസ് ഫിക്ഷൻ എന്ന ഗണത്തിൽ പെടുത്താവുന്ന പുസ്തകമാണ് . അത് കൊണ്ട് തന്നെ എഴുത്തുകാരിയുടെ മുൻ പുസ്തകവുമായി താരതമ്യപ്പെടുത്താതെ വായനയ്‌ക്കെടുക്കുന്നതാവും അഭികാമ്യം എന്ന് തോന്നുന്നു .

ലളിതമായ ഭാഷ തന്നെയാണ് പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത് . (അങ്ങിങ്ങായി ചില വ്യാകരണ പിഴവുകൾ ഉള്ളത് പോലെ തോന്നി) . ഇടവിട്ട് ഇംഗ്ളീഷിലുള്ള സംഭാഷണങ്ങളും കടന്നു വരുന്നുണ്ട് .സ്വാഭാവികമായും പുസ്തകത്തിന്റെ പശ്ചാത്തലം അത് ആവശ്യപ്പെടുന്നുമുണ്ട് .പുതുമയുള്ള ഒരുപാട് സംഭവങ്ങൾ നോവലിൽ ഉടനീളമുണ്ട് .റൊമാനിയൻ ഇന്റലിജിൻസ് വിഭാഗത്തെപ്പറ്റിയൊക്കെ ഈ പുസ്തകത്തിലെ വിവരണങ്ങളിലൂടെയാണ് ഞാൻ ആദ്യമായി മനസ്സിലാക്കുന്നത് തന്നെ .

രേഖീയമായ കേന്ദ്ര കഥാപാത്രവും , പാത്ര വികസനവും എന്നതിനപ്പുറം സംഭവങ്ങലിലൂടെ വികസിക്കുന്ന രീതിയിലുള്ള എഴുത്താണ് പുസ്തകത്തിന് . അത് കൊണ്ട് തന്നെ പുസ്തകത്തിന്റെ വിഷയവുമായി എത്ര മാത്രം വായനക്കാരന്  താല്പര്യം തോന്നുന്നുവോ , അത്രമാത്രം നോവലിനെ ഇഷ്ടപ്പെടുവാനും സാധ്യതയുണ്ടെന്ന് തോന്നുന്നു . ചില കഥാപാത്രങ്ങളുടെ വ്യക്തി ബന്ധങ്ങളും വിഷയമാകുന്നു എങ്കിലും (അർജുൻ -അച്ഛൻ ബന്ധം ), കഥയുടെ ഫോക്കസ് അവിടെയാണെന്ന് പറയുവാൻ സാധിക്കില്ല .

Astro Holocaust ഉം Cosmo Biowar ഉമെല്ലാം വിഷയങ്ങളാകുന്ന നോവലിൽ ഭാവനാത്മകമായതും അല്ലാത്തതുമായ  പല ശാസ്ത്ര വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് .വിഷയത്തിലുള്ള നിങ്ങളുടെ താല്പര്യത്തിനനുസൃതമായി പുസ്തകം വളരെയധികം ഇഷ്ടപ്പെടുവാനും അങ്ങനെയാവാതിരിക്കുവാനും സാധ്യതയുണ്ട് . എഴുത്തുകാരി ആത്മാർത്ഥമായി തന്നെ ഈ രചനയെ സമീപിച്ചിട്ടുണ്ടെന്നും , വായനക്കാർക്കു മനസ്സിലാവുന്ന രീതിയിൽ തന്നെ ഓരോ വിഷയങ്ങളെയും അവതരിപ്പിച്ചിട്ടുണ്ടെന്നും നിരീക്ഷിക്കുന്നു . പാൻഡെമിക്കുമായി ബന്ധപ്പെട്ടു ക്ലൈമാക്സ് ഭാഗങ്ങളിൽ കൊണ്ട് വന്നിട്ടുള്ള revelation ഉം നന്നായി വന്നിട്ടുണ്ട് .

ambitious ആയ ഒരു ശ്രമം വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുവാൻ സാധിച്ച എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ . മലയാള ജനപ്രിയ സാഹിത്യം ഇപ്പോഴും സീരിയൽ കില്ലർ മാരുടെ മാത്രം ചുറ്റുമാണെന്ന് പറയുന്നവർ തീർച്ചയായും ഈ പുസ്തകം വായിക്കണമെന്നാണ് എന്റെ അഭിപ്രായം . ഈ നോവൽ നിങ്ങളുടെ അഭിരുചികൾക്കനുസരിച്ചു ഇഷ്ടപ്പെടാം , ഇഷ്ടപ്പെടാതെ പോകാം . പക്ഷേ തീർച്ചയായും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമായ ശ്രമം തന്നെയാണ് .

 -നിഖിലേഷ് മേനോൻ

0 comments: